ഒടുവില്‍ അതും നടന്നു... ക്രിക്കറ്റിലെ ആദ്യ പകരക്കാരന്‍, ചരിത്രം കുറിച്ച് ലബ്യുഷെയ്ന്‍
ലണ്ടന്‍: ലോക ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫുട്‌ബോള്‍ മാതൃകയില്‍ ക്രിക്കറ്റിലും പകരക്കാരന്‍ ഇറങ്ങി. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ചരിത്രനിമിഷം പിറന്നത്. മാര്‍നസ് ലബ്യുഷെയ്നാണ് പകരക്കാരനായി ക്രീസിലെത്തി ചരിത്രത്തിന്റെ ഭാഗമായത്. പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു പകരമാണ് ലബ്യുഷെയ്ന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്.
അടുത്തിടെയാണ് ക്രിക്കറ്റിലും പകരക്കാരനെ ഇറക്കാനുള്ള കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടെന്ന നിയമത്തിനു നിയമത്തിനു ഐസിസി അംഗീകാരം നല്‍കിയത്. ഇതു ആദ്യമായി നടപ്പാക്കാന്‍ അവസരം ലഭിച്ചതവട്ടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ത്രില്ലറെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസിലും. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോക ക്രിക്കറ്റിലെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ലോര്‍ഡ്‌സിലാണ് ഈ നിയമം ആദ്യമായി പരീക്ഷിക്കപ്പെട്ടത് എന്നതും യാദൃശ്ചികമാണ്.

ഇറങ്ങിയത് രണ്ടാമിന്നിങ്‌സില്‍
രണ്ടാം ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സിലാണ് ദക്ഷിണാഫ്രിക്കന്‍ വംശജന്‍ കൂടിയായ ലബ്യുഷെയ്ന്‍ പകരക്കാരനായി ക്രീസിലെത്തിയത്. ഒന്നാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യവെയാണ് ജോഫ്ര ആര്‍ച്ചറുടെ ബൗളിങില്‍ സ്മിത്തിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിന് ബാറ്റിങിന് ഇറങ്ങാനായില്ല. ഇതോടെയാണ് സ്മിത്തിന്റെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ ലബ്യുഷെയ്ന്‍ ഇറങ്ങിയത്. മല്‍സരത്തില്‍ 59 റണ്‍സെടുത്ത അദ്ദേഹം റെക്കോര്‍ഡ് കുറിക്കുന്നതിനൊപ്പം തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തു.

ഓസീസും ചരിത്രത്തിന്റെ ഭാഗം
ലബ്യുഷെയ്ന്‍ മാത്രമല്ല ഓസ്‌ട്രേലിയന്‍ ടീമും ആഷസിലെ രണ്ടാം ടെസ്‌റ്റോടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ആദ്യമായി പരിക്കേറ്റ താരത്തിന്റെ പകരക്കാരനെ ഇറക്കിയ ടീമെന്ന റെക്കോര്‍ഡിനാണ് ഓസീസ് അവകാശികളായത്.
സ്മിത്തിന്റെ അഭാവം നികത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് ലബ്യുഷെയ്നു ണ്ടായിരുന്നത്. ഓസീസ് മൂന്നിന് 47 റണ്‍സെന്ന നിലയില്‍ പതറവെയാണ് താരം ക്രീസിലെത്തിയത്. സ്മിത്തിന്റെ അതേ ശൈലിയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ലബ്യുഷെയ്ന്‍ ടീമിന്റെ ഹീറോയാവുകയായിരുന്നു. 100 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. മല്‍സരത്തില്‍ ഓസീസിനു സമനില നേടിക്കൊടുക്കാന്‍ സഹായിച്ചതും ലബ്യുഷെയ്നിന്‍റെ പ്രകടനമായിരുന്നു.

എന്താണ് നിയമം?
ഫുട്‌ബോളിനു സമാനമായി കളിക്കളത്തില്‍ ഒരു താരത്തിനു പരിക്കേറ്റാല്‍ പകരം മറ്റൊരാളെ ഇറക്കാനുള്ള നിയമത്തിനു ഐസിസി അടുത്തിടെയാണ് അംഗീകാരം നല്‍കിയത്. ഈ നിയമപ്രകാരം പകരം ഇറങ്ങുന്ന കളിക്കാരന് ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അവകാശമുണ്ടായിരിക്കും. പരിക്കേറ്റ താരം കളിക്കളത്തില്‍ നിന്നും പിന്‍മാറിയാല്‍ പകരക്കാരന് പിന്നീട് മല്‍സരത്തിന്റെ ശേഷിച്ച ഭാഗം മുഴുവനും കളിക്കാനും കഴിയും.

സ്മിത്ത് മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കും
രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ് രണ്ടാമിന്നിങ്‌സില്‍ കളിക്കാന്‍ കഴിയാതെ പിന്മാറിയ സ്മിത്തിന് മൂന്നാം ടെസ്റ്റില്‍ കളിക്കാനാവുമോയന്ന കാര്യം ഉറപ്പായിട്ടില്ല. ഹെഡിങ്‌ലേയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ മുന്‍ നായകന്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ഓസീസ്. ഓസ്‌ട്രേലിയ തകര്‍പ്പന്‍ ജയം കൊയ്ത ആദ്യ ടെസ്റ്റില്‍ സ്മിത്ത് രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടി കളിയിലെ താരമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications