സിഡ്‌നി: പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു പ്രതിക്കൂട്ടിലാവുകയും പിന്നീട് വിലക്ക് നേരിടുകയും ചെയ്ത ഓസ്‌ട്രേലിയയുടെ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബംഗ്ലാദേശില്‍ കളിക്കും. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ സിലെറ്റ് സിക്‌സേഴ്‌സ് ടീമിനായി താന്‍ കളിക്കുമെന്നു വാര്‍ണര്‍ അറിയിച്ചു. ക്ലബ്ബിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 31 കാരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി താനും സിക്‌സറിന്റെ ഭാഗമാണെന്ന് ഏറെ ആവേശത്തോടെയാണ് പറയുന്നത്. പുതിയ കുടുംബത്തിനൊപ്പം ചേരാന്‍ പോവുന്നതിന്റെ ത്രില്ലിലാണ്. ഉടന്‍ കാണാമെന്നും പറഞ്ഞുകൊണ്ടാണ് വാര്‍ണര്‍ നിര്‍ത്തിയത്.

കേപ്ടൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് വാര്‍ണറെ വിലക്കിയത്. വിലക്കിനു ശേഷം വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചു വരികയായിരുന്നു താരം. വാര്‍ണര്‍ കരാര്‍ ഒപ്പുവച്ച മൂന്നാമത്തെ ടീമാമണ് സിലെറ്റ് സിക്‌സേഴ്‌സ്.
നേരത്തേ കാനഡയില്‍ നടന്ന പ്രഥമ ഗ്ലോബല്‍ ടി20 ടര്‍ണമെന്റില്‍ കളിച്ചായിരുന്നു വാര്‍ണറുടെ തിരിച്ചുവരവ്. ഇതിനു ശേഷം വെസ്റ്റ് ഇന്‍ഡീസ് വേദിയായ കരീബിയന്‍ പ്രീമിയര്‍ ലീഗിലും താരം കളിച്ചിരുന്നു. 2019 മാര്‍ച്ചിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വാര്‍ണറുടെ വിലക്ക് അവസാനിക്കുന്നത്. ഇതോടെ പിന്നീട് നടക്കാനിരിക്കുന്ന ഐഐപിഎഎല്ലിലും ലോകകപ്പിലുമെല്ലാം താരത്തിന് കളിക്കാന്‍ സാധിക്കും.