മെല്‍ബണ്‍: ഇന്ത്യക്കെതിരേ 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പിന്‍മാറി. നാഭി ഭാഗത്തേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനെ തുടര്‍ന്നാണ് രണ്ടാം ടെസ്റ്റ് അദ്ദേഹത്തിനു നഷ്ടമായത്. നേരത്തേ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലും വാര്‍ണര്‍ കളിച്ചിരുന്നില്ല. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിനിടെയായിരുന്നു ഫീല്‍ഡിങ് ശ്രമത്തിനിടെ താരത്തിനു പരിക്കേറ്റത്. തുടര്‍ന്ന് മൂന്നാം ഏകദിനവും അതിനു ശേഷമുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും വാര്‍ണര്‍ക്കു നഷ്ടമായിരുന്നു.

വാര്‍ണറെക്കൂടാതെ ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ടിനും മെല്‍ബണ്‍ ടെസ്റ്റില്‍ കളിക്കാനാവില്ല. അടുത്തിടെ പൂര്‍ണ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാന്‍ താരത്താനിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കര്‍ശനമായ ബയോ ബബ്ള്‍ പ്രോട്ടോക്കോളുകളെ തുടര്‍ന്ന് ടീമിനൊപ്പം ചേരാന്‍ അബോട്ടിനു സാധിക്കില്ല.
മെല്‍ബണ്‍ ടെസ്റ്റിനായി ഓസ്‌ട്രേലിയന്‍ ടീം കഴിഞ്ഞ ശനിയാഴ്ചയാണ് സിഡ്‌നിയില്‍ നിന്നും യാത്ര തിരിച്ചത്. ഇതിനുമുമ്പു തന്നെ വാര്‍ണറും അബോട്ടും മെല്‍ബണിലെത്തിയിരുന്നു. പക്ഷെ, ബയോ ബബ്ള്‍ പ്രോട്ടോക്കോളുകളെ തുടര്‍ന്നു ഇരുവര്‍ക്കും ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം ചേരാന്‍ സാധിച്ചിരുന്നില്ല. വാര്‍ണറുടെ അഭാവം മെല്‍ബണ്‍ ടെസ്റ്റില്‍ വിജയം ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിന് അല്‍പ്പം ആശ്വാസമാവും.
നാട്ടില്‍ ഓസീസ് ടെസ്റ്റ് ടീമിലെ നിര്‍ണായക താരമാണ് വാര്‍ണര്‍. ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തിന്റെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി 66 ആണ്. 43 മല്‍സരങ്ങളില്‍ നിന്നും 18 സെഞ്ച്വറികളും 12 ഫിഫ്റ്റികകളും ഇതിലുള്‍പ്പെടുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും മികച്ച റെക്കോര്‍ഡാണ് വാര്‍ണറുടേത്. രണ്ടു സെഞ്ച്വറികള്‍ അദ്ദേഹം ഇവിടെ നേടിയിട്ടുണ്ട്. അവസാനമായി ഇംഗ്ലണ്ടിനെതിരേയുള്ളള ആഷസിലായിരുന്നു വാര്‍ണറുടെ സെഞ്ച്വറി നേട്ടം.
ഇന്ത്യക്കെതിരേ വാര്‍ണറുടെ റെക്കോര്‍ഡ് അത്ര ഗംഭീരമാണെന്നു പറയാന്‍ കഴിയില്ല. എങ്കിലും 16 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ബാറ്റിങ് ശരാശരിയാവട്ടെ 36ഉം. എന്നാല്‍ മറ്റു ടീമുകള്‍ക്കെതിരേ വാര്‍ണറുടെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇന്ത്യക്കെതിരേയുള്ളതാണ് ഏറ്റവും മോശമെന്നു കാണാം.
ആദ്യ ടെസ്റ്റില്‍ വാര്‍ണറുടെ ഓപ്പണിങ് പങ്കാളിയായി കളിക്കേണ്ടിയിരുന്നത് പുതുമുഖം വില്‍ പ്യുക്കോസ്‌കിയായിരുന്നു. എന്നാല്‍ വാര്‍ണറെക്കൂടാതെ പ്യുക്കോസ്‌കിക്കും പരിക്കു കാരണം ആദ്യ ടെസ്റ്റ് നഷ്ടമായി. രണ്ടാം ടെസ്റ്റിലും താരത്തിനു കളിക്കാന്‍ കഴിയില്ല. ഇന്ത്യ എയ്‌ക്കെകിരേയ പരിശീലന മല്‍സരത്തില്‍ ഓസീസ് എ ടീമിനു വേണ്ടി കളിക്കവെയാണ് പ്യുക്കോസ്‌കിക്കു പരിക്കേറ്റത്.