Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ ഭയക്കേണ്ട ഇന്ത്യന്‍ ബൗളര്‍ ആര്? അത് യുവ സ്പിന്നര്‍- ചാപ്പലിന്‍റെ മുന്നറിയിപ്പ്

വര്‍ഷമവസാനം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ ഓസീസ് ടീമിന് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുള്ള ബൗളറെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് നിരകളിലൊന്നാണ് ഇന്ത്യയുടേത്.

ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരുള്‍പ്പെടുന്ന ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് ഏറ്റവും ബാറ്റിങ് നിരയെയും തകര്‍ക്കാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇവര്‍ ആരുമാവില്ല മറിച്ച് റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയാണ് ഏറ്റവുമധികം ഭയക്കേണ്ടതെന്നും വിക്കറ്റ് കൊയ്ത്ത് നടത്താന്‍ അദ്ദേഹത്തിനാവുമെന്നും ചാപ്പല്‍ മുന്നറിയിപ്പ് നല്‍കി.

കുല്‍ദീപിനെ പുകഴ്ത്തി

കുല്‍ദീപിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ചാപ്പലിനുള്ളത്. ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ കുല്‍ദീപിന് ഏറെ യോജിക്കുന്നതാണ്. താരത്തിന്റെ റിസ്റ്റ് സ്പിന്‍ ബൗളിങ് വിക്കറ്റ് കൊയ്ത്തിനു വഴി വയ്ക്കാന്‍ സാധ്യതയേറെയാണന്നും ചാപ്പല്‍ വിശദമാക്കി.
2017ലെ ചാംപ്യന്‍സ് ട്രോഫി മുതല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരം സ്പിന്‍ ജോടികളാണ് കുല്‍ദീപും യുസ്വേന്ദ്ര ചഹലും. ചഹലിന് ഇതുവരെ ടെസ്റ്റില്‍ അരങ്ങേറാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കുല്‍ദീപ് ഇതിനകം ടെസ്റ്റിലും കളിച്ചു കഴിഞ്ഞു. ലഭിച്ച കുറച്ച് അവസരങ്ങള്‍ മുതലെടുക്കാനും താരത്തിനായിരുന്നു. ഇതുവരെ കളിച്ച ആറു ടെസ്റ്റുകളില്‍ നിന്നും 24 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. ഓസ്‌ട്രേലിയയിലായിരുന്നു താരം അവസാനമായി ടെസ്റ്റ് കളിച്ചത്. ഈ മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളും കുല്‍ദീപ് വീഴ്ത്തിയിരുന്നു.

ടീമില്‍ ആരൊക്കെ?

ടെസ്റ്റ് പരമ്പരയില്‍ ആരെയൊക്കെ സ്പിന്നര്‍മാരായി ഉള്‍പ്പെടുത്തുകയെന്നതായിരിക്കും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കു മുന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളിയെന്നു ചാപ്പല്‍ പറഞ്ഞു. ആര്‍ അശ്വിന് ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തിന് ഈ മികവ് ആവര്‍ത്തിക്കാനായിട്ടില്ല.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സ്പിന്‍ ബൗളിങില്‍ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. ടീമിലെ സ്ഥാനത്തിനായി ഏറ്റവുമധികം സാധ്യതയുള്ളത് അദ്ദേഹത്തിനാണെന്നും ചാപ്പല്‍ വിശദമാക്കി.

ഹാര്‍ദിക്കിന്റെ പ്രകടനം

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം പരമ്പരയില്‍ നിര്‍ണായകമായി മാറുമെന്ന് ചാപ്പല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ ഏറ്റവും മികച്ച ടീമിനെ തന്നെയായിരിക്കും അയക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാര്‍ദിക് ടീമിലുണ്ടെങ്കില്‍ അത് ബൗളിങില്‍ ഇന്ത്യക്കു കൂടുതല്‍ മൂര്‍ച്ചയേകും. കളിക്കിടെ പ്രധാന പേസര്‍മാര്‍ക്കു അല്‍പ്പം വിശ്രമം വേണ്ടി വന്നാലും ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കി നിര്‍ത്താന്‍ ഹാര്‍ദിക്കിന്റെ ബൗളിങിനു കഴിയും.
മൂന്നാമത്തെ സീമറായും അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിക്കാന്‍ കഴിയും. ഇത് രണ്ടാമതൊരു സ്പിന്നറെ ഉള്‍പ്പെടുത്താന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും. ഹാര്‍ദിക്കിനെ ബാറ്റിങില്‍ ഏഴാം നമ്പറിലും റിഷഭ് പന്തിനെ ആറാം നമ്പറിലും ഇന്ത്യക്കു കളിപ്പിക്കാമെന്നും ചാപ്പല്‍ തന്റെ കോളത്തില്‍ കുറിച്ചു.

ഇന്ത്യക്കു എളുപ്പമാവില്ല

2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര കൈക്കലാക്കി ചരിത്രം കുറിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായെങ്കിലും ഇത്തവണ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ചാപ്പല്‍ മുന്നറിയിപ്പ് നല്‍കി.
വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മടങ്ങിയെത്തിയതോടെ ഓസ്‌ട്രേലിയ കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. കഴിഞ്ഞ പര്യടനത്തില്‍ ഇരുവരും ഓസീസ് നിരയില്‍ ഇല്ലായിരുന്നു. ഓസ്‌ട്രേലിയയുടെ ശക്തമായ ബാറ്റിങ് ലൈനപ്പായിരിക്കും ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക. സ്മിത്ത്, വാര്‍ണര്‍ എന്നിവരെക്കൂടാതെ മാര്‍നസ് ലബ്യുഷെയ്‌നിന്റെ വളര്‍ച്ച ഓസീസ് ബാറ്റിങിന് ദൃഢത നല്‍കിയിട്ടുണ്ട്. സ്മിത്ത്, വാര്‍ണര്‍ എന്നിവരെ ഇപ്പോള്‍ ഓസീസ് അമിതമായി ആശ്രയിക്കുന്നില്ലെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, June 9, 2020, 11:09 [IST]
Other articles published on Jun 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+