കിവികളുടെ ചിറകരിഞ്ഞ് ഓസ്‌ട്രേലിയ — സിഡ്‌നിയില്‍ ജയിച്ചത് 279 റണ്‍സിന്, പരമ്പര തൂത്തുവാരി
സിഡ്‌നി: ന്യൂസിലാന്‍ഡിന്റെ ദുരന്തകഥ പൂര്‍ണം. സിഡ്‌നി ടെസ്റ്റിലും അയല്‍നാട്ടുകാര്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം ഓസ്‌ട്രേലിയ കുറിച്ചു. 279 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിച്ചെടുത്തത്. നാലാം ദിനം 416 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലാന്‍ഡിന്റെ പോരാട്ടം 136 റണ്‍സില്‍ അവസാനിച്ചു. സിഡ്‌നിയിലെ ജയത്തോടെ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 3-0 എന്ന നിലയ്ക്ക് ഓസ്‌ട്രേലിയ തൂത്തുവാരി.

രണ്ടാം ഇന്നിങ്‌സിലും നാതന്‍ ലയോണാണ് കിവികളുടെ പ്രതീക്ഷകള്‍ ചുട്ടുചാമ്പലാക്കിയത്. 17 ഓവറുകള്‍ എറിഞ്ഞ ലയോണ്‍ 50 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു. നേരത്തെ, ആദ്യ ഇന്നിങ്‌സിലും ലയോണ്‍ അഞ്ചു വിക്കറ്റുകള്‍ നേടുന്നത് ആരാധകര്‍ കണ്ടു. ഇതേസമയം, ആദ്യ ഇന്നിങ്‌സില്‍ ഇരട്ട ശതകവും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ ശതകവും പൂര്‍ത്തിയാക്കിയ മാര്‍നസ് ലബ്യുഷെയ്‌നാണ് കളിയിലെയും പരമ്പരയിലെയും താരം.

നാലാം ദിനം രണ്ടിന് 217 റണ്‍സെടുത്ത ശേഷമാണ് ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തത്. ഇതോടെ 416 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യം ആതിഥേയര്‍ കിവി ടീമിന് മുന്നില്‍ നീട്ടി. രണ്ടാം ഇന്നിങ്‌സില്‍ ഡേവിഡ് വാര്‍ണറിന്റെ ശതകവും (159 പന്തില്‍ 111*) മാര്‍നസ് ലബ്യുഷെയ്‌ന്റെ അര്‍ധ ശതകവും (74 പന്തില്‍ 59) ഓസ്‌ട്രേലിയയുടെ പോരാട്ടവീര്യം വര്‍ധിപ്പിച്ചു. എന്തായാലും ടെസ്റ്റ് സമനിലയില്‍ പിടിക്കാനുള്ള ന്യൂസിലാന്‍ഡിന്റെ മോഹങ്ങളെല്ലാം ചായയ്ക്ക് പിരിയും മുന്‍പേ തകര്‍ന്നു. നാലിന് 27 റണ്‍സെന്ന ദാരുണാവസ്ഥയിലാണ് രണ്ടാം സെഷന്‍ പൂര്‍ത്തിയായത്.

75 മിനിറ്റുകൊണ്ടുതന്നെ മിച്ചല്‍ സ്റ്റാര്‍ക്കും നാതന്‍ ലയോണും ചേര്‍ന്ന് ന്യൂസിലാന്‍ഡിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ കൂടാരമണച്ചു. ഓപ്പണര്‍മാരായ ടോം ലാതമും (1) ടോം ബ്ലണ്ടലും (2) മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ജീത്ത് റാവലും (12) ഗ്ലെന്‍ ഫിലിപ്പ്‌സും (0) പൊരുതാന്‍ പോലും കൂട്ടാക്കാതെ ലയോണിന് വിക്കറ്റ് സമ്മാനിച്ചു.മൂന്നാം സെഷനില്‍ ബാക്കിയുള്ള വിക്കറ്റുകള്‍ വീഴ്ത്താനും ഓസ്‌ട്രേലിയക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല.
Most Read: ടെസ്റ്റ് നാലു ദിനമോ? സച്ചിന്‍ പറഞ്ഞത് സത്യം, എന്താവും അവരുടെ ഭാവി? പ്രതികരിച്ച് അക്തര്‍

അവസാന സെഷനില്‍ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റു വീതവും നാതന്‍ ലയോണ്‍ മൂന്നും വിക്കറ്റുകള്‍ കുറിച്ച് കംഗാരുക്കളുടെ ജയം എളുപ്പമാക്കി. നേരത്തെ, ഓരേ ഓവറില്‍ പിച്ചിലൂടെ രണ്ടുതവണ ഓടിയതിന് അഞ്ചു റണ്‍സ് പിഴ ഓസ്‌ട്രേലിയക്ക് ലഭിച്ചിരുന്നു. ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറിലേക്കാണ് ഈ അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 454, രണ്ടിന് 217 എന്നിങ്ങനെയാണ് സിഡ്‌നിയില്‍ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സുകള്‍. ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സുകളാകട്ടെ, ആദ്യം 251 ഉം രണ്ടാം തവണ ഒന്‍പതിന് 136 റണ്‍സും.

പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുമായുള്ള അകലം ഓസ്‌ട്രേലിയ കുറച്ചിട്ടുണ്ട്. മൂന്നു പരമ്പരകളിലായി കളിച്ച പത്തു മത്സരങ്ങളില്‍ എഴെണ്ണമാണ് കംഗാരുക്കള്‍ ജയിച്ചിരിക്കുന്നത്. ഒരു മത്സരം സമനിലയിലും രണ്ടു മത്സരങ്ങള്‍ തോല്‍വിയിലും കലാശിച്ചു. ഇതേത്തുടര്‍ന്ന് 296 പോയിന്റുകളാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരിക്കുന്നത്. മൂന്നു പരമ്പരകളിലായി കളിച്ച ഏഴില്‍ എഴു ടെസ്റ്റും ജയിച്ച ടീം ഇന്ത്യ 360 പോയിന്റുകളോടെ പ്രഥമ സ്ഥാനത്ത് തുടരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications