ഇന്ത്യ x ഓസ്‌ട്രേലിയ: ടെസ്റ്റ് പരമ്പര ആര്‍ക്ക്? വസീം അക്രമിന്റെ പ്രവചനം
ഐപിഎല്ലിനു ശേഷം ടീം ഇന്ത്യക്കു മുന്നിലുള്ളത് കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പര്യടനമാണ്. 2021 ജനുവരി പകുതി വരെ ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. ഈ കാലയളവില്‍ ഏകദിനം, ടി20, ടെസ്റ്റ് എന്നിവയിലെല്ലാം ഇരുടീമുകളും ഏറ്റുമുട്ടും. നിശ്ചിത ഓവര്‍ പരമ്പരയേക്കാള്‍ നാലു ടെസ്റ്റുകളുടെ പരമ്പരയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര.
നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു ഡേ- നൈറ്റ് ടെസ്റ്റും ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യ പകലും രാത്രിയുമായി ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. ടെസ്റ്റ് പരമ്പരയില്‍ ആരു വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസം വസീം അക്രം.

ഓസ്‌ട്രേലിയ ഫേവറിറ്റുകള്‍
ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയാണ് ഫേവറിറ്റുകളെന്നു അക്രം അഭിപ്രായപ്പെട്ടു. ക്രിക്കറ്റ്ബാസ് എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓസ്‌ട്രേലിയയുടെ ഫാസ്റ്റ് ബൗളിങ് നിര ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് തുടങ്ങി ലോകോത്തര ബൗളര്‍മാര്‍ ഓസീസ് നിരയിലുണ്ട്. ടെസ്റ്റ് പരമ്പരയില്‍ ഇരുടീമുകളും നന്നായി പെര്‍ഫോം ചെയ്യുമെങ്കിലും ഓസ്‌ട്രേലിയയായിരിക്കും ഫേവറിറ്റുകളെന്നാണ് തന്റെ അഭിപ്രായമെന്നു അക്രം പറഞ്ഞു.

ഇന്ത്യന്‍ ബൗളിങ് നിര
ടെസ്റ്റ് പരമ്പര വളരെയധികം ആവേശകരമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യയുടെ പേസ് ബൗളിങ് നിര ശക്തമാണ്. മുഹമ്മദ് ഷമി, നവദീപ് സെയ്‌നി തുടങ്ങി ഇന്ത്യന്‍ പേസ് ബൗളിങ് നിരയിലെ മറ്റുള്ളവരും കേമന്‍മാരാണെന്നു അക്രം ചൂണ്ടിക്കാട്ടി.
പരിക്കിനെ തുടര്‍ന്ന് മുന്‍നിര പേസര്‍മാരായ ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓസീസ് പര്യടനത്തില്‍ കളിക്കുന്നില്ല. ഐപിഎല്ലില്‍ കളിക്കുന്നതിനിടിയായിരുന്നു രണ്ടു പേര്‍ക്കും പരിക്കേറ്റത്.

ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം
പഴയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേതെന്നും ആത്മവിശ്വാസമാണ് ഇപ്പോള്‍ അവരുടെ മുഖമുദ്രയെന്നും അക്രം പറഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ തന്നെ മാറിപ്പോയി. ഒരു ടീമെന്ന നിലയില്‍ ആരെയും തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ അവര്‍ക്കുണ്ട്. 1990കളില്‍ പാകിസ്താന്‍ ടീമും ഇതുപോലെയായിരുന്നു.
ഐപിഎല്‍ ഫൈനല്‍ കഴിയുന്നതിനു പിന്നാലെ ദുബായില്‍ നിന്നും ഇന്ത്യന്‍ ടീം നേരിട്ട് ഓസ്‌ട്രേലിയയിലേക്കു പറക്കും. കോച്ച് രവി ശാസ്ത്രി, ടെസ്റ്റ് ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി എന്നിവര്‍ ഇതിനകം യുഎഇയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റിനു ശേഷമായിരിക്കും ദേശീയ ടീമിന്റെ ഭാഗമാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications