സിഡ്‌നി: കൊറൊണ ഭീഷണിയെ തുടര്‍ന്ന് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്നു കൊണ്ടിരുന്ന ഏകദിന പരമ്പര മാറ്റിവച്ചു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ കളി വെള്ളിയാഴ്ച അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടന്നത്. മല്‍സരത്തില്‍ ഓസീസ് മികച്ച ജയം നേടുകയും ചെയ്തിരുന്നു. മല്‍സരം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് ശേഷിച്ച രണ്ടു കളികളും നീട്ടി വയ്ക്കാന്‍ തീരുമാനിച്ചത്. ഇതു കൂടാതെ ഈ പരമ്പരയ്ക്കു ശേഷം ഓസ്‌ട്രേലിയയില്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തേണ്ടതായിരുന്നു. ഇതും മാറ്റി വച്ചിട്ടുണ്ട്.

പരമ്പര മാറ്റിയതോടെ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് ടീം ഇന്നു വൈകീട്ടോടെ നാട്ടിലേക്കു മടങ്ങും. അതിനിടെ ന്യൂസിലാന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നു നിരീക്ഷത്തിലാണ്. കടുത്ത തൊണ്ടവേദനയുള്ളതായി താരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. 24 മണിക്കൂര്‍ ഫെര്‍ഗൂസണ്‍ നിരീക്ഷണത്തില്‍ തുടരും.
ഓസ്‌ട്രേലിയ- ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങള്‍ ഞായറാഴ്ച സിഡ്‌നിയിലും വെള്ളിയാഴ്ച (മാര്‍ച്ച് 20) ഹൊബാര്‍ട്ടിലുമാണ് നടക്കേണ്ടിയിരുന്നത്. ഇവയാണ് നീട്ടി വച്ചിരിക്കുന്നത്. ഈ പരമ്പരയ്ക്കു ശേഷം ഓസീസ് ടീം ന്യൂസിലാന്‍ഡില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും കളിക്കേണ്ടതായിരുന്നു. മാര്‍ച്ച് 24 മുതലായിരുന്നു ഈ പരമ്പര. ഇതും പിന്നീട് നടക്കും.
വെള്ളിയാഴ്ച നടന്ന ആദ്യ ഏകദിനത്തില്‍ 71 റണ്‍സിനായിരുന്നു ഓസീസ് കിവികളെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഏഴു വിക്കറ്റിന് 258 റണ്‍സാണ് നേടിയത്. ഡേവിഡ് വാര്‍ണര്‍ (67), നായകന്‍ ആരോണ്‍ ഫിഞ്ച് (60), മാര്‍നസ് ലബ്യുഷെയ്ന്‍ (56) എന്നിവരുടെ ഫിഫ്റ്റികളാണ് ഓസീസിന് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- ഫിഞ്ച് ജോടി 124 റണ്‍സ് അടിച്ചെടുത്തിരുന്നു.

മറുപടിയില്‍ ഓസീസിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 200 റണ്‍സ് പോലും തികയ്ക്കാനാവാതെ അവര്‍ പുറത്തായി. 41 ഓവറില്‍ വെറും 187 റണ്‍സില്‍ കിവീസിന്റെ മറുപടി അവസാനിച്ചു. 40 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ടോപ്‌സ്‌കോറര്‍. ടോം ലാതം 38 റണ്‍സെടുത്തു. മിച്ചെല്‍ മാര്‍ഷും പാറ്റ് കമ്മിന്‍സും മൂന്നു വിക്കറ്റ് വീതമെടുത്തു.