പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്താന്‍ നാണംകെട്ട് തോറ്റിരിക്കുകയാണ്. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 450 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന് 89 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസമും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 14 റണ്‍സാണ് നിര്‍ണ്ണായക സമയത്ത് ബാബറിന് നേടാനായത്. ഇതോടെ സെന രാജ്യത്ത് താന്‍ തോല്‍വിയാണെന്ന് ഒരിക്കല്‍ക്കൂടി ബാബര്‍ തെളിയിച്ചിരിക്കുകയാണ്.
സെന രാജ്യങ്ങളില്‍ റണ്‍സ് പിന്തുടരാനിറങ്ങുമ്പോള്‍ ബാബര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. 16, 14, 9, 21, 14 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോര്‍. ഒരു തവണ പോലും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന പ്രകടനം നടത്താന്‍ ബാബറിനായിട്ടില്ല. വിരാട് കോലിയെക്കാള്‍ കേമനെന്ന് പാകിസ്താന്‍ ആരാധകര്‍ പറയുമ്പോഴും താരത്തിന്റെ പ്രകടനം പ്രതീക്ഷിക്കുന്ന നിലവാരത്തിനൊത്തുള്ളതല്ല. പാകിസ്താന് പുറത്ത് ബാബര്‍ സൂപ്പര്‍ താരത്തിന്റെ നിലവാരം കാട്ടുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം പാകിസ്താന് പുറത്ത് മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ ബാബറിനായിട്ടില്ല. 21, 39, 24, 13 എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ എവേ ടെസ്റ്റിലെ ബാബറിന്റെ സ്‌കോറുകള്‍. 24.25 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ഏകദിനത്തിലെ കണക്കിലേക്ക് വരുമ്പോള്‍ 472 റണ്‍സാണ് ബാബര്‍ ഈ വര്‍ഷം ആകെ നേടിയത്. 36.30 എന്ന ഭേദപ്പെട്ട ശരാശരി മാത്രമാണ് ബാബറിനുള്ളത്. സൂപ്പര്‍ താരമെന്ന വിളിപ്പേരിനോട് നീതികാട്ടാന്‍ ബാബറിന് സാധിക്കുന്നില്ല.
ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ പാകിസ്താന് തൊട്ടതെല്ലാം പിഴച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 487 എന്ന മികച്ച സ്‌കോറാണ് അടിച്ചെടുത്തത്. ഡേവിഡ് വാര്‍ണറുടെ (164) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിന് കരുത്തായത്. 211 പന്തില്‍ 16 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് വാര്‍ണറിന്റെ പ്രകടനം. എന്നാല്‍ ടോപ് ഓഡറിലെ മറ്റാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 41 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയും 40 റണ്‍സ് നേടിയ ട്രാവിഡ് ഹെഡും തരക്കേടില്ലാത്ത പ്രകടനമാണ് നടത്തിയത്.

മിച്ചല്‍ മാര്‍ഷ് മധ്യനിരയില്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. 107 പന്തില്‍ 90 റണ്‍സാണ് മിച്ചല്‍ മാര്‍ഷ് നേടിയത്. അലക്‌സ് ക്യാരി 36 റണ്‍സും നേടി. ഈ പ്രകടനങ്ങളാണ് 487 എന്ന മികച്ച സ്‌കോറിലേക്ക് ഓസ്‌ട്രേലിയയെ എത്തിച്ചത്. മറുപടിക്കിറങ്ങിയ പാകിസ്താന്‍ 271 റണ്‍സില്‍ കൂടാരം കയറി.
62 റണ്‍സ് നേടിയ ഇമാം ഉല്‍ ഹഖും 42 റണ്‍സ് നേടിയ അബ്ദുല്ല ഷഫീഖുമാണ് പാകിസ്താനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓസീസ് ബൗളിങ്ങിന് മുന്നില്‍ പാകിസ്താന്‍ താരങ്ങള്‍ വിറച്ചുവെന്നതാണ് വസ്തുത.
രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയക്കായി ഉസ്മാന്‍ ഖ്വാജ 90 റണ്‍സുമായി തിളങ്ങി. ഡേവിഡ് വാര്‍ണര്‍ ഡെക്കിന് പുറത്തായി. സ്റ്റീവ് സ്മിത്ത് 45 റണ്‍സുമായി തിളങ്ങിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായി രണ്ടാം ഇന്നിങ്‌സിലും ശോഭിച്ചു.
അഞ്ച് വിക്കറ്റിന് 233 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസ് 450 എന്ന മികച്ച വിജയലക്ഷ്യം പാകിസ്താന് മുന്നില്‍വെക്കുകയായിരുന്നു. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താനായി ആരും തിളങ്ങിയില്ല.
ഇതോടെ 89 റണ്‍സിന് പാക് പട കൂടാരം കയറി. ഇമാം ഉല്‍ ഹഖ് (10), നായകന്‍ ഷാന്‍ മസൂദ് (2), ബാബര്‍ ആസം (14), സര്‍ഫറാസ് അഹമ്മദ് (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീതം വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡുമാണ് പാകിസ്താന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.