Asian Games 2023: തിലകിന്റെ 'അടിയില്‍' രോഹിത് വീണു! ജയ്‌സ്വാളിനും രക്ഷയില്ല | ഇനി കോലിക്കൊപ്പം
ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ക്രിക്കറ്റ് സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ പല റെക്കോര്‍ഡുകളും കടപുഴക്കിയിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മ. ബംഗ്ലാദേശിനെ ഇന്ത്യ ഒമ്പതു വിക്കറ്റിനു തരിപ്പണമാക്കി ഫൈനലിലേക്കു മുന്നേറിയ കളിയില്‍ അദ്ദേഹം അപരാജിത ഫിഫ്റ്റിയോടെ മിന്നിച്ചിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ തിലക് പുറത്താവാതെ 55 റണ്‍സാണ് അടിച്ചെടുത്തത്.
വെറും 26 ബോളുകളിലായിരുന്നു ഇത്. ആറു സിക്‌സറുകളും രണ്ടു ഫോറുകളും ഉള്‍പ്പെടെയായിരുന്നു ഇത്. ഈ പ്രകടനമാണ് പല റെക്കോര്‍ഡുകളും തകര്‍ത്തെറിയാന്‍ തിലകിനെ സഹായിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയടക്കമുള്ളവരുടെ റെക്കോര്‍ഡുകള്‍ ഇതോടെ പഴങ്കഥയായി മാറിയിരിക്കുകയാണ്.

അന്താരാഷ്ട്ര ടി20യില്‍ 20ാം വയസ്സില്‍ കൂടുതല്‍ ഫിഫ്റ്റികളടിച്ച ഇന്ത്യന്‍ താരമെന്ന ഹിറ്റ്മാന്റെ റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്. ഒരു ഫിഫ്റ്റിയായിരുന്നു അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്. ഇതാണ് രണ്ടാം ഫിഫ്റ്റിയോടെ തിലക് തിരുത്തിയിരിക്കുന്നത്.
ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് നടന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെയായിരുന്നു തിലകിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ തന്നെ അദ്ദേഹം കന്നി ഫിഫ്റ്റി കണ്ടെത്തുകയും ചെയ്തു. ഇപ്പോഴിതാ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ കരിയറിലെ രണ്ടാം ഫിഫ്റ്റിയും തിലക് നേടിയിരിക്കുകയാണ്.
ഇന്ത്യന്‍ ബാറ്റിങിലെ പുതിയ സെന്‍സേഷനായി മാറിയ മറ്റൊരു യുവ താരമായ യശസ്വി ജയ്‌സ്വാളിന്റെ റെക്കോര്‍ഡും ഏഷ്യാഡ് സെമി ഫൈനലിലെ ഫിഫ്റ്റിയോടെ തിലക് കടപുഴക്കിയിട്ടുണ്ട്. ടി20യില്‍ ഒരു നോക്കൗട്ട് റൗണ്ട് മല്‍സരത്തില്‍ ഫിഫ്റ്റിയടിച്ച ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് തിലക് മാറിയിരിക്കുന്നത്.
നേരത്തേ ഈ റെക്കോര്‍ഡ് ജയ്‌സ്വാളിനു അവകാശപ്പെട്ടതായിരുന്നു. ഇതേ ഗെയിംസിലെ തന്നെ തൊട്ടുമുമ്പത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരേ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. 21 വയസ്സും 279 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ജയ്‌സ്വാളിന്റെ ഈ നേട്ടം.
ഇതാണ് ഇപ്പോള്‍ തിലകിനു മുന്നില്‍ വഴിമാറിയത്. 20 വയസ്സും 332 ദിവസവും പ്രായമുള്ളപ്പോഴാണ് നോക്കൗട്ട് മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് നേടി ഈ നേട്ടം കുറിച്ച പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്.

25 വയസ്സും 150 ദിവസവും പ്രായമുള്ളപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും 25 വയസ്സും 152 ദിവസവും പ്രായമുള്ളപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേയും അദ്ദേഹം നോക്കൗട്ട് മാച്ചുകളില്‍ ഫിഫ്റ്റി പ്ലസ് റണ്‍സ് നേടിയിരുന്നു.
കോലിയുടെ ഒരു വമ്പന്‍ നേട്ടത്തിനൊപ്പവും തിലക് ഇപ്പോള്‍ എത്തിയിട്ടുണ്ട്. ടി20യില്‍ ഒരു നോക്കൗട്ട് മല്‍സരത്തില്‍ ഫിഫ്റ്റിയും ഒരു വിക്കറ്റും നേടി രണ്ടാമത്തെ ഇന്ത്യന്‍ താരമായാണ് തിലക് മാറിയത്. നേരത്തേ കോലിക്കു മാത്രം അവകാശപ്പെട്ടതായിരുന്നു ഈ റെക്കോര്‍ഡ്.
2016ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 മല്‍സരത്തിലായിരുന്നു ഫിഫ്റ്റിക്കൊപ്പം അദ്ദേഹം ഒരു വിക്കറ്റും വീഴ്ത്തിയത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം തിലകും ഈ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള സെമി ഫൈനലില്‍ രണ്ടോവറുകളാണ് താരം ബൗള്‍ ചെയ്തത്. വെറും അഞ്ചു റണ്‍സ് മാത്രം വിട്ടു നല്‍കി തിലക് ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications