മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തിയത് സഞ്ജു സാംസണിന്റെ അഭാവമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും അയര്‍ലന്‍ഡ് ടി20 പരമ്പരയില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയിട്ടും സഞ്ജു ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലുണ്ടാവില്ല.
ഏകദിന ലോകകപ്പ് നടക്കുന്ന സമയത്ത് തന്നെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും പങ്കെടുക്കുന്നുണ്ട്. റുതുരാജ് ഗെയ്ക്‌വാദിനെ നായകനാക്കിയുള്ള യുവ നിരയെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനയക്കുന്നത്. നേരത്തെ തന്നെ ഇതിനുള്ള ടീം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഏഷ്യാ കപ്പിലും ഏഷ്യന്‍ ഗെയിംസിലും സഞ്ജു സാംസണിന് അവസരമില്ല. എന്നാല്‍ ഇപ്പോള്‍ സഞ്ജു ഏഷ്യന്‍ ഗെയിംസ് കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
അതിനൊരു കാരണവുമുണ്ട്. നിലവില്‍ തിലക് വര്‍മ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലുണ്ട്. എന്നാല്‍ ഇടം കൈയന്‍ യുവതാരത്തിന് ഇന്ത്യ ഏകദിന ലോകകപ്പിലേക്ക് വിളി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ട് സജീവമാണ്. ഏഷ്യാ കപ്പിലേക്കുള്ള ടീമിലേക്ക് തിലകിനെ പരിഗണിച്ചിട്ടുണ്ട്. ഏഷ്യാ കപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കുകയും തിലക് തിളങ്ങുകയും ചെയ്താല്‍ ലോകകപ്പിലേക്ക് തിലകിന് വിളിയെത്തിയേക്കും. ഇടം കൈയന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.
നാലാം നമ്പറിലും അഞ്ചാം നമ്പറിലും കളിക്കുന്ന ശ്രേയസ് അയ്യരുടേയും കെ എല്‍ രാഹുലിന്റേയും ഫിറ്റ്‌നസ് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ തിലകിനേയും ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പദ്ധതിയിടുന്നു. അങ്ങനെ വരുമ്പോള്‍ തിലകിന് ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് മാറേണ്ടി വരും. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ തിലകിന്റെ പകരക്കാരനെ ഇന്ത്യക്ക് ആവശ്യമായി വരും. ഈ വിടവിലേക്ക് സഞ്ജു സാംസണ്‍ എത്തിയേക്കുമെന്നാണ് സൂചന.

അനുഭവസമ്പന്നനായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. ഇന്ത്യക്കൊപ്പം ടി20യില്‍ വലിയ റെക്കോഡില്ലെങ്കിലും ആകെ ടി20 കരിയര്‍ പരിശോധിക്കുമ്പോള്‍ മികച്ചതാണെന്ന് പറയാനാവും. മൂന്ന് സെഞ്ച്വറികള്‍ ടി20യില്‍ നേടിയിട്ടുള്ള താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ തിലകിന് പകരമായി ഏഷ്യന്‍ ഗെയിംസ് ടീമിലേക്ക് സഞ്ജു പരിഗണിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്.
ദീപക് ഹൂഡയുടെ പേരും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. മോശം ഫോമിലുള്ള ഹൂഡയെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ നിലവില്‍ ഫോമിലുള്ള സഞ്ജുവിന് തന്നെ ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിക്കാനാണ് സാധ്യത കൂടുതല്‍.
അതേ സമയം ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുണ്ടായിട്ടും ഏഷാ കപ്പിനുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ തഴയപ്പെട്ടു. സൂര്യകുമാര്‍ യാദവ് മോശം ഫോമിലായിട്ടും ടീമില്‍ ഇടം നേടുകയും ചെയ്തു. ഇതുവരെ ഏകദിന അരങ്ങേറ്റം നടത്താത്ത താരമാണ് തിലക്. എന്നിട്ടും തിലകിന് ഏഷ്യാ കപ്പിലേക്ക് വിളിയെത്തി. സഞ്ജു സാംസണെ മനപ്പൂര്‍വ്വം തഴയുകയാണ് ടീം മാനേജ്‌മെന്റ്. ഇതിനെതിരേ വിമര്‍ശനവും ശക്തമാണ്. അതുകൊണ്ടുതന്നെ ഏഷ്യന്‍ ഗെയിംസില്‍ സഞ്ജുവിനെ കളിപ്പിച്ചാല്‍ വിമര്‍ശകരുടെ വായടപ്പിക്കാം.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).