ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടതിന്റെ നിരാശയിലും രോഷത്തിലുമാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. 17 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയ അദ്ദേഹത്തെ ബാക്കപ്പായിട്ടാണ് പരിഗണിച്ചത്. നിലവിലെ 17 അംഗ ടീമിലെ ആരെങ്കിലും പരിക്കേറ്റ് പിന്‍മാറിയെങ്കില്‍ മാത്രമേ സഞ്ജുവിനു നേരിയ പ്രതീക്ഷയ്ക്കു വകയുള്ളൂ.
സഞ്ജുവിനെ പിന്തള്ളി ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവും ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത തിലക് വര്‍മയുമെല്ലാം ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിന്റെ ഭാഗമാവാതെ പോയതോടെ വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും സഞ്ജു ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യത അസ്തമിച്ചിരിക്കുകയാണ്.

കാരണം, ഏഷ്യാ കപ്പിനുള്ള 17 അംഗ സ്‌ക്വാഡില്‍ നിന്നായിരിക്കും ലോകകപ്പിനുളള 15 അംഗ സംഘത്തെ ഇന്ത്യ കണ്ടെത്തുക. ചിലപ്പോള്‍ ഒന്നോ, രണ്ടോ മാറ്റങ്ങളുണ്ടായേക്കാമെന്നു മാത്രം. ഏഷ്യാ കപ്പും ലോകകപ്പും നഷ്ടമായെന്നു കരുതി സഞ്ജുവും ആരാധകരും സങ്കപ്പെടാന്‍ വരട്ടെ.
ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നമുക്കു സഞ്ജുവിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ സാധിച്ചേക്കും. റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യന്‍ യുവനിരയുടെ വിക്കറ്റ് കീപ്പറായി ഒരുപക്ഷെ സഞ്ജു വന്നാല്‍ അദ്ഭുതപ്പെടാനില്ല.
ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറായിട്ടുള്ള അജിത് അഗാര്‍ക്കര്‍ ഏഷ്യാ കപ്പിനുള്ള ടീം സെലക്ഷനു ശേഷം പറഞ്ഞ വാക്കുകളാണ് സഞ്ജുവിനു സന്തോഷിക്കാന്‍ വക നല്‍കുന്നത്. നിലവില്‍ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമായ തിലക് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയാല്‍ ലോകകപ്പ് ടീമിന്റെയും ഭാഗമായേക്കും. അങ്ങനെ സംഭവിച്ചാല്‍ ഏഷ്യന്‍ ഗെയിംസ് നഷ്ടമാവുമെന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞ്.
ഏഷ്യാ കപ്പില്‍ മാത്രമല്ല, നേരത്തേ പ്രഖ്യാപിച്ച ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലും 20 കാരനായ തിലക് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ കസറി അതുവഴി ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിലുമെത്തിയാല്‍ തിലക് ഏഷ്യാഡില്‍ നിന്നും പിന്‍മാറും.

അപ്പോള്‍ ഇന്ത്യക്കു പകരക്കാരനെ കണ്ടെത്തേണ്ടതായും വരും. നിലവില്‍ തിലക് കളിക്കുന്ന നാലാം നമ്പറില്‍ ഏറ്റവും അനുയോജ്യനായ താരം സഞ്ജു തന്നെയാണ്. അതുകൊണ്ടു തന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിലകിനു പകരം സഞ്ജുവിനു വിളിയെത്തുകയും ചെയ്യും.
ഏഷ്യന്‍ ഗെയിംസിനുള്ള ടീം
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്നോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).
ഏഷ്യാ കപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).