ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റനും യുവ താരവുമായ റുതുരാജ് ഗെയ്ക്വാദിന്റെ അഗ്രസീവ് ബാറ്റിങ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വളരെ പതിയെ തുടങ്ങി നിലയുറപ്പിച്ച് ഭേദപ്പെട്ട ഒരു സ്‌കോറിലെത്തിയ ശേഷം വമ്പന്‍ ഷോട്ടുകള്‍ പായിക്കാറുള്ള റുതുരാജിനെയാണ് നേരത്തേ കൂടുതലും കണ്ടിട്ടുള്ളത്. പക്ഷെ ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ വളരെ ആക്രമണോത്സുക ബാറ്റിങ് തുടക്കം മുതല്‍ പുറത്തെടുത്ത് താരം മുന്‍ധാരണകള്‍ തെറ്റിക്കുകയായിരുന്നു.
ആദ്യത്തെ ആറു ബോളില്‍ 25 റണ്‍സാണ് റുതുരാജ് വാരിക്കൂട്ടിയത്. മൂന്നു ഫോറുകളും രണ്ടു സിക്‌സറും ഒരു സിംഗിളും ഉള്‍പ്പെടെയായിരുന്നു ഇത്. റണ്‍ചേസില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ തൊട്ടുമുമ്പത്തെ കളിയിലെ സെഞ്ച്വറി വീരനും ഓപ്പണിങ് പങ്കാളിയുമായ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായെങ്കിലും കൗണ്ടര്‍ അറ്റാക്കിങ് ബാറ്റിങിലൂടെ റുതുരാജ് ക്യാപ്റ്റന്റെ റോളില്‍ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.

കളിയില്‍ പിടിമുറുക്കാന്‍ ശ്രമിച്ച ബംഗ്ലാദേശിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു റുതുരാജിന്റെ കടന്നാക്രമണം. 4, 1, 6, 6, 4, 4 എന്നിങ്ങനെയായിരുന്നു നേരിട്ട ആദ്യത്തെ ആറു ബോളുകളില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത്.
ആദ്യ ഓവറിലെ അവസാനത്തെ ബോളിലായിരുന്നു റുതുരാജിന് കളിയില്‍ സ്‌ട്രൈക്ക് നേരിടാന്‍ അവസരം കിട്ടിയത്. റിപോണ്‍ മൊണ്ടെല്‍ എറിഞ്ഞ ബോള്‍ ബാക്ക് ഫൂട്ടില്‍ പോയിന്റിലൂടെ അദ്ദേഹം ബൗണ്ടറി കടത്തുകയും ചെയ്തു. അടുത്ത ഓവറില്‍ ഒരു ബോള്‍ നേരിട്ട താരം ഇതില്‍ സിംഗിളെടത്തു. റിപ്പോണ്‍ മൊണ്ടെലിന്റെ മൂന്നാം ഓവറില്‍ റുതുരാജിന്റെ റണ്‍ മഴയായിരുന്നു കാണികള്‍ കണ്ടത്. 21 റണ്‍സാണ് ഈ ഓവറില്‍ അദ്ദേഹം വാരിക്കൂട്ടിയത്.
ആദ്യത്തേത് ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളായിരുന്നു. ലോങ് ഓണിനു മുകലിലൂടെ റുതുരാജ് ഇതു സിക്‌സറിലേക്കു പായിക്കുകയും ചെയ്തു. അടുത്തത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. റുതുരാജ് നേരത്തേ തന്നെ ഇതു കണക്കുകൂട്ടിയിരുന്നു. ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ കിടിലനൊരു പുള്‍ ഷോട്ട് പായിച്ച അദ്ദേഹം വീണ്ടുമൊരു സിക്‌സര്‍ കണ്ടെത്തി.
ഇതോടെ പതറിപ്പോയ ബൗളര്‍ അടുത്ത ബോള്‍ വൈഡാണ് എറിഞ്ഞത്. മൂന്നാമത്തെ ബോളില്‍ റുതുരാജ് ബൗണ്ടറി നേടി. കവര്‍ പോയിന്റിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ മനോഹരമായ ഷോട്ട്. അതുകൊണ്ടും റുതുരാജിന് നിര്‍ത്താന്‍ ഭാവമില്ലായിരുന്നു.

അടുത്ത ബോളും അദ്ദേഹം ബൗണ്ടറി കടത്തി. ഫുള്‍ പിച്ച് ബോളായിരുന്നു അത്. അല്‍പ്പം പിറകിലേക്കു വലിഞ്ഞ ശേഷം റുതുരാജ് ഇതു എക്‌സ്ട്രാ കവറിലെ ഗ്യാപ്പിലൂടെ ബൗണ്ടറിയിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് ആദ്യത്തെ ആറു ബോളില്‍ അദ്ദേഹം 25 റണ്‍സ് വാരിക്കൂട്ടിയത്.
അതിനു ശേഷം റുതുരാജ് ബാറ്റിങ് പാര്‍ട്‌ണറായ തിലക് വര്‍മയ്ക്കു ആക്രമണത്തിന്റെ ചുമതല കൈമാറുകയായിരുന്നു. പിന്നീട് തിലകിന്റെ ബാറ്റിങ് വെടിക്കെട്ടാണ് കണ്ടത്. അദ്ദേഹത്തിനു പിന്തുണ നല്‍കി അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ റുതുരാജ് ശ്രമിക്കുകയും ചെയ്തു.
തുടക്കത്തിലെ അതേ താളത്തില്‍ ബാറ്റ് വീശിയിരുന്നെങ്കില്‍ തിലകിനേക്കാള്‍ നേരത്തേ ഫിഫ്റ്റി കുറിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നു. പക്ഷെ റുതുരാജ് കൂടുതല്‍ പക്വതയുള്ള ബാറ്റിങ് കാഴ്ചവയ്ക്കുകയും തിലകിനു ഫിഫ്റ്റിക്കുള്ള അവസരമൊരുക്കി കൊടുക്കുകയുമായിരുന്നു.
ഇന്ത്യയുടെ വിജയറണ്‍സ് കുറിക്കുമ്പോള്‍ 55 റണ്‍സെടുത്ത തിലകിനൊപ്പം 40 റണ്‍സുമായി റുതുരാജും ഒപ്പമുണ്ടായിരുന്നു. 26 ബോളില്‍ നാലു ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.