Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ധവാന്‍ ഔട്ട്, റുതുരാജ് ക്യാപ്റ്റന്‍! സംഘത്തില്‍ ജയ്‌സ്വാളും, സഞ്ജു ലോകകപ്പിന്

ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ ടീമിനെ നയിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകളെങ്കിലും അദ്ദേഹം ടീമില്‍ പോലും ഇടം നേടിയില്ല. യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ഏഷ്യാഡില്‍ ഇന്ത്യയെ നയിക്കുന്നത്. ഗെയിംസില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ ടി20 ഫോര്‍മാറ്റിലായതിനാല്‍ തന്നെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള സംഘത്തെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചിട്ടില്ല. ഇതോടെ അദ്ദേഹം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുമെന്നുറപ്പായിരിക്കുയാണ്. ലോകകപ്പിന്റെ അതേസമയത്തു തന്നെയാണ് ഏഷ്യാഡും നടക്കുന്നത്. ഈ കാരണത്താല്‍ തന്നെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടുന്നവരെയൊന്നും ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

RUTURAJ GAIKWAD

നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്ന മിക്ക താരങ്ങളും ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ടെസ്റ്റിലൂടെ അരങ്ങേറുകയും സെഞ്ച്വറി നേടി തുടക്കം ഗംഭീരമാക്കുകയും ചെയ്ത യശസ്വി ജയ്‌സ്വാള്‍ ഏഷ്യാഡിലും ടീമിന്റെ ഭാഗമാണ്.

കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും മുംബൈ ഇന്ത്യന്‍സിനായി മിന്നിച്ച തിലക് വര്‍മ, ഐപിഎല്ലിലെ മറ്റൊരു മിന്നും താരമായ റിങ്കു സിങ്, പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ജിതേഷിനെക്കൂടാതെ പഞ്ചാബ് കിങ്‌സിന്റെ തന്നെ വിക്കറ്റ് കീപ്പറും അഗ്രസീവ് ബാറ്ററുമായ പ്രഭ്‌സിമ്രന്‍ സിങ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇടിവെട്ട് ഇന്നിങ്‌സുകള്‍ കളിച്ച ശിവം ദുബെ എന്നിവരും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാഷിങ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദുമാണ് ടീമിലെ ഓള്‍റൗണ്ടമാര്‍.

RINKU SIGH

അര്‍ഷ്ദീപ് സിങായിരിക്കും ഏഷ്യാഡില്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശിവം മാവി എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ രവി ബിഷ്‌നോയിയാണ്. ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായാണ് ക്രിക്കറ്റില്‍ ഇന്ത്യ ടീമിനെ അയക്കുന്നത്. നേരത്തേ 2010, 14 വര്‍ഷങ്ങളിലും ക്രിക്കറ്റ് മല്‍സരയിനമായി ഏഷ്യാഡില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷെ രണ്ടു തവണയും ക്രിക്കറ്റില്‍ ടീമിനെ പങ്കെടുപ്പിക്കേണ്ടെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം.

എന്നാല്‍ ഇത്തവണ ആരാധകരെ ആവേശത്തിലാക്കി പുരുഷ, വനിതാ ടീമുകളെ ഗെയിംസിന് അയക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ലോകകപ്പുമായി ക്ലാഷാവുന്നതിനാല്‍ പുരുഷ വിഭാഗത്തില്‍ രണ്ടാംനിര ടീമിനെയും വനിതകളില്‍ പ്രധാന ടീമിനെയുമാണ് ഇന്ത്യ ചൈനയിലേക്കു അയക്കുക. സപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ എട്ടു വരെയായിരിക്കും ഗെയിംസിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ടീം

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).

സ്റ്റാന്റ്‌ബൈ ലിസ്റ്റ്- യഷ് ടാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍.

Story first published: Saturday, July 15, 2023, 6:25 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+