Asian Games 2023: 6,6,4,1,6, തല്ലിക്കൂട്ടി റിങ്കു സിങ്! അവസാന ഓവറില്‍ വെടിക്കെട്ട്- റെക്കോഡ്
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റില്‍ നേപ്പാളിനെതിരേ ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 203 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്.
ഇന്ത്യക്കായി ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ (100) സെഞ്ച്വറി നേടിയപ്പോള്‍ സൂപ്പര്‍ ഫിനിഷിങ്ങിലൂടെ റിങ്കു സിങ്ങും (37*) കൈയടി നേടി. 15 പന്ത് നേരിട്ട് 2 ഫോഫും 4 സിക്‌സും ഉള്‍പ്പെടെയാണ് റിങ്കു സിങ് കസറിയത്. ഇതില്‍ ഫൈനല്‍ ഓവറിലാണ് റിങ്കു സിങ് വെടിക്കെട്ട് നടത്തിയത്.
6,6,4,1,6 എന്നിങ്ങനെ 23 റണ്‍സാണ് അവസാന ഓവറില്‍ റിങ്കു നേടിയത്. ഇതോടെ വമ്പന്‍ റെക്കോഡിലേക്ക് റിങ്കു എത്തിയിരിക്കുകയാണ്. ടി20യില്‍ അവസാന ഓവറില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ റിങ്കുവിനായിരിക്കുകയാണ്. ഹോങ്കോങ്ങിനെതിരേ സൂര്യകുമാര്‍ യാദവ് നേടിയ 26 റണ്‍സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഓസ്‌ട്രേലിയക്കെതിരേ അവസാന ഓവറില്‍ 20 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ റെക്കോഡിനെ റിങ്കു സിങ് മറികടന്നു.
ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഫിനിഷറായി താനുണ്ടാവുമെന്ന് അടിവരയിട്ട് തെളിയിക്കുകയാണ് റിങ്കു സിങ്. അവസാന ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സര്‍ നേടി ടീമിനെ വിജയത്തിലേക്കെത്തിച്ച ഫിനിഷറാണ് റിങ്കു.
അതിന് ശേഷവും കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ റിങ്കുവിന് സാധിച്ചിട്ടുണ്ട്. 4, 46, 48, 58, 18, 6, 53, 18, 19, 46, 21, 16, 54, 67, 38, 37 എന്നിങ്ങനെയാണ് റിങ്കുവിന്റെ പ്രകടനം. അധികം വൈകാതെ തന്നെ റിങ്കുവിന് ഇന്ത്യയുടെ പരിമിത ഓവറില്‍ ടീമില്‍ സീറ്റുറപ്പിക്കാനാവും.
അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇതില്‍ താനുമുണ്ടാവുമെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ റിങ്കുവിന് സാധിക്കുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യയുടെ മധ്യനിരയിലുണ്ട്. ഏകദിനത്തിലും ടി20യിലും ഇഷാന്‍ കിഷനെ ഉപയോഗിച്ച് ഈ വിടവ് നികത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ റിങ്കു സിങ് ഇപ്പോള്‍ ഇന്ത്യയുടെ മധ്യനിരക്ക് മുതല്‍ക്കൂട്ടായാണ് വളര്‍ന്നുവരുന്നതെന്ന് പറയാം.

നിലയുറപ്പിച്ച് ബാറ്റുചെയ്യാനും കടന്നാക്രമിച്ച് കളിക്കാനും ശേഷിയുള്ള റിങ്കുവിന്റെ പ്രകടനമാണ് ഇന്ത്യയുടെ ടീം സ്‌കോര്‍ 202ലേക്കെത്തിച്ചത്. ഫീല്‍ഡിങ്ങിലും ഗംഭീര പ്രകടനം നടത്താന്‍ കെല്‍പ്പുള്ള റിങ്കു സിങ് ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യം നിസംശയം പറയാം. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് റിങ്കു സിങ്. ഏകദിന ലോകകപ്പിന് ശേഷം അധികം വൈകാതെ റിങ്കുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും.
അതേ സമയം ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായത് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളാണ്. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ട പിച്ചില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാളിന് സാധിച്ചു. 49 പന്തില്‍ 8 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 100 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. 204ന് മുകളിലായിരുന്നു ജയ്‌സ്വാളിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇടം കൈയന്‍ ഓപ്പണറെ തേടുന്ന ഇന്ത്യക്ക് ജയ്‌സ്വാളും മുതല്‍ക്കൂട്ടായേക്കും.
ഏഷ്യന്‍ ഗെയിംസില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം, ടി20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡുകള്‍ ജയ്‌സ്വാള്‍ സ്വന്തം പേരിലാക്കുകയും ചെയ്തു. രോഹിത് കളമൊഴിയുമ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി ജയ്‌സ്വാളെത്താന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് ജയ്‌സ്വാള്‍.
പ്ലേയിങ് 11: ഇന്ത്യ-റുതുരാജ് ഗെയ്ക് വാദ് (c) യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, ജിതേഷ് ശര്‍മ, റിങ്കു സിങ്, സായ് കിഷോര്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്
നേപ്പാള്‍: കുശാല്‍ ബൂര്‍ട്ടല്‍, ആസിഫ് ഷെയ്ഖ്, സുദീപ് ജോറ, ഗുല്‍സന്‍ ജാ, രോഹിത് പൗഡല്‍ (c), കുശാല്‍ മല്ല, ദിപേന്ദ്ര സിങ് ഐറേ, സോംപാല്‍ കാമി, കരണ്‍ കെസി, അഭിനവ് ബൊഹാറ, സന്ദീപ് ലാമിച്ചാനെ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications