ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കൊയ്യാന്‍ ചരിത്രത്തിലാദ്യമായി ക്രിക്കറ്റിലും ഇന്ത്യ ടീമിനെ അയക്കുകയാണ്. സീനിയര്‍ കളിക്കാരെ പൂര്‍ണമായി ഒഴിവാക്കി യുവനിരയെയാണ് ഗെയിംസിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ് ഏഷ്യാഡില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ നായകന്‍. ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി മികച്ച യുവതാരങ്ങളെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നമുക്കു കാണാന്‍ സാധിക്കും.
ഇവരെല്ലാം തന്നെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തി കഴിവ് തെളിയിച്ചവരുമാണ്. അതുകൊണ്ടു തന്നെ ഫേവറിറ്റുകള്‍ ആയിട്ടാവും ഇന്ത്യ ക്രിക്കറ്റില്‍ പോരിനിറങ്ങുക. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാഡിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍. അതുകൊണ്ടു തന്നെയാണ് ഈ ഫോര്‍മാറ്റില്‍ മികവ് തെളിയിച്ചവര്‍ക്കു ടീമിലേക്കു മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.

യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ തുടങ്ങി ഭാവി സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിരയെ തന്നെ സ്‌ക്വാഡില്‍ കാണാം. ഗെയിംസില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.
ഇന്ത്യക്കു വേണ്ടി ആരൊക്കെയാവും ഓപ്പണ്‍ ചെയ്യുകയെന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങളൊന്നും തന്നെയില്ല. ക്യാപ്റ്റന്‍ റുതുരാജിന്റെ ഓപ്പണിങ് പങ്കാളി പുതിയ സെന്‍സേഷനായ മാറിയ ജയ്‌സ്വാളായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇരുവരും ചേര്‍ന്ന് ടീമിനു മികച്ച തുടക്കം നല്‍കിയാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവും. ഐപിഎല്ലില്‍ 600ന് മുകളില്‍ റണ്‍സ് ഇരുവരും സ്‌കോര്‍ ചെയ്തിരുന്നു. വിന്‍ഡീസിനെതിരേ സമാപിച്ച ഒന്നാം ടെസ്റ്റിലൂടെ അരങ്ങേറിയ ജയ്‌സ്വാള്‍ സെഞ്ച്വറിയോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ആഘോഷിച്ചത്.
മൂന്നാം നമ്പറില്‍ അഗ്രസീവ് ബാറ്ററായ രാഹുല്‍ ത്രിപാഠിയെയായിരിക്കും ഇന്ത്യ ഇറക്കുക. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം അത്ര മികച്ച പ്രകടനം നടത്താനായില്ലെങ്കിലും അദ്ദേഹത്തെ എഴുതിത്തള്ളാന്‍ കഴിയില്ല. ഈ ഫോര്‍മാറ്റില്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ മിടുക്കനാണ് ത്രിപാഠി. അദ്ദേഹം ടീമില്‍ സ്ഥാനമര്‍ഹിക്കുകയും ചെയ്യുന്നു.
നാലാം നമ്പറില്‍ ക്രീസിലെത്തുക യുവ താരം തിലക് വര്‍മയായിരിക്കും. ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈ ഇന്ത്യന്‍സിനായി സ്ഥിരതയാര്‍ന്ന പ്രകനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. ഇതേ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിലും തിലക് ഇടം നേടിയിട്ടുണ്ട്.
തിലകിനു പിന്നാലെ അഞ്ചാം നമ്പറില്‍ യുവതാരം റിങ്കു സിങാണ് കളിക്കേണ്ടത്. ഐപിഎല്ലിന്റെ മറ്റൊരു കണ്ടെത്തലായ അദ്ദേഹം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ മിന്നിച്ചിരുന്നു. ഇനി ഇന്ത്യക്കൊപ്പവും ഇതാവര്‍ത്തിക്കാനായിരിക്കും റിങ്കുവിന്റെ ശ്രമം.
റിങ്കുവിനു ശേഷം ആറാമനായി വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജിതേഷ് ശര്‍മയുടെ ഊഴമായിരിക്കും. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ചില തട്ടുപൊളിപ്പന്‍ പ്രകടനങ്ങള്‍ ജിതേഷ് നടത്തിയിരുന്നു. അദ്ദേഹത്തിനു ശേഷം ഏഴം നമ്പറില്‍ ശിവം ദുബെയാണ് ബെസ്റ്റ്. ഫിനിഷിങ് ദൗത്യം ജിതേഷിനെയും ദുബെയയും ഏല്‍പ്പിക്കാം. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ള ബാറ്ററാണ് ദുബെ.

ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യക്കു എട്ടാമനായി അയക്കാം. പരിക്കുകളും മോശം ഫോമും വലയ്ക്കുകയാണെങ്കിലും ഗെയിംസിനു മുമ്പ് വാഷിങ്ടണ്‍ താളം വീണ്ടെടുക്കുകയാണെങ്കില്‍ അതു ടീമിനു ഗുണം ചെയ്യും. വാഷിങ്ടണിനെക്കൂടാതെ ടീമിലെ മറ്റൊരു സ്പിന്നര്‍ രവി ബിഷ്‌നോയ് ആയിരിക്കും. ഇന്ത്യയുടെ ഭാവി സൂപ്പര്‍ സ്പിന്നറായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് അദ്ദേഹം.
ഇന്ത്യന്‍ ഇലവനിലെ രണ്ടു പേസര്‍മാര്‍ അര്‍ഷ്ദീപ് സിങും ശിവം മാവിയുമായിരിക്കും. ഒരാള്‍ ഇടംകൈയനാണെങ്കില്‍ മറ്റൊരാള്‍ വലംകൈ ബൗളറുമാണ്. മല്‍സരങ്ങള്‍ നടക്കുന്ന ചൈനയിലെ പിച്ചുകള്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ രണ്ടു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള കോമ്പിനേഷനായിരിക്കും നല്ലത്. അഞ്ചാമത്തെ ബൗളറായി തിലകിനെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.
ഇന്ത്യയുടെ ഏറ്റവും മികച്ച 11
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം മാവി, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ശിവം മാവി, അര്‍ഷ്ദീപ് സിങ്.
ഗെയിംസിനായി പ്രഖ്യാപിച്ച ഇന്ത്യന്‍ സ്‌ക്വാഡ്
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്നോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).
സ്റ്റാന്റ്ബൈ താരങ്ങള്‍- യഷ് ടാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍.