ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിലെ സര്‍പ്രൈസ് താരമാണ് 20കാരനായ തിലക് വര്‍മ. ടി20യില്‍ ദേശീയ ടീമിനായി ഏഴു മല്‍സരങ്ങളില്‍ മാത്രം കളിച്ച താരം ഇവയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇടംകൈയന്‍ ബാറ്ററായ തിലകിനു ഏഷ്യാ കപ്പിലെ 17 അംഗ സ്‌ക്വാഡിലേക്കു വിളിയെത്തിയത്. ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ കുറവാണെന്നതും മികച്ച ഫോമും തിലകിനെ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാക്കുകയായിരുന്നു.
പക്ഷെ ഏഷ്യാ കപ്പില്‍ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പില്ല. എന്നാല്‍ ഏഷ്യാ കപ്പില്‍ പ്ലെയിങ് ഇലവനില്‍ നറുക്കുവീഴുകയും ഇവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്താല്‍ തിലകിനു ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ടീമിലേക്കും വഴി തുറന്നേക്കും.

അതേസമയം, ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ തിലകിനെ നേരത്തേ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് താരത്തിനു ഏഷ്യാ കപ്പിലേക്കു സര്‍പ്രൈസ് കോളെത്തിയത്. ലോകകപ്പ് ടീമിലും ഇനി തിലകിനു ഇടം ലഭിച്ചാല്‍ ഏഷ്യാഡിലേക്കു പകരക്കാരനായി ഒരാളെ ഇന്ത്യക്കു തിരഞ്ഞെടുക്കേണ്ടി വരും.
മലയാളി താരം സഞ്ജു സാംസണിനു പകരക്കാരനായി ഏഷ്യ ഗെയിംസിലേക്കു വിളിയെത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. പക്ഷെ അതു സംഭവിക്കാന്‍ പോവുന്നില്ല. കാരണം ഏഷ്യാഡിനുള്ള പ്രധാന ടീമിനൊപ്പം അഞ്ചു പേരുള്‍പ്പെട്ട ബാക്കപ്പ് താരങ്ങളുടെ ലിസ്റ്റ് ഇന്ത്യ നേരത്തേ സമര്‍പ്പിച്ചിരുന്നു.
ഈ ബാക്കപ്പ് ലിസ്റ്റില്‍ നിന്നും ഒരാളെ മാത്രമേ തിലകിനു പകരം ടീമിലേക്കു കൊണ്ടുവരാന്‍ ഇന്ത്യക്കു അനുവാദമുള്ളൂ. ലോകകപ്പ് ടീമില്‍ തിലക് ഉള്‍പ്പെട്ടാല്‍ ഏഷ്യാഡില്‍ പകരക്കാരനായി വരാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.
വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ദീപക് ഹൂഡയാണ് തിലകിനു പകരം ഇന്ത്യന്‍ ടീമിലേക്കു വരാന്‍ സാധ്യതയുള്ള ഒരാള്‍. നേരത്തേ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ കഴിഞ്ഞ ഐപിഎല്‍ സീസണിലെ ദയനീയ ബാറ്റിങ് പ്രകടനം ഹൂഡയ്ക്കു സ്ഥാനം നഷ്ടമാക്കുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ തിലകില്ലെങ്കില്‍ താരത്തിന്റെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ കളിക്കാന്‍ ഹൂഡയ്ക്കു കഴിയും. ബാറ്റിങിനൊപ്പം രണ്ടോ മൂന്നോ ഓവറുകള്‍ ബൗളിങിലും താരത്തെ ടീമിനു പ്രയോജനപ്പെടുത്താം. ഓള്‍റൗണ്ടര്‍മാര്‍ എല്ലായ്‌പ്പോഴും ടീമിന് മുതല്‍ക്കൂട്ടാണെന്നതിനാല്‍ ഹൂഡയ്ക്കു ഏഷ്യാഡില്‍ വിളിയെത്താന്‍ സാധ്യത കൂടുതലാണ്.
മറ്റൊരു ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യരാണ് തിലകിനു പകരം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മികച്ച പ്രകടനം നടത്താന്‍ വെങ്കടേഷിനായിരുന്നു.
ഹൂഡയെപ്പോലെ തന്നെ ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ടീമിനു ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം. മുന്‍നിര ബാറ്ററായിട്ടാണ് വെങ്കടേഷ് കൂടുതലായും കളിക്കാറുള്ളതെങ്കിലും നാലാം നമ്പറിലും, വേണമെങ്കില്‍ ഫിനിറായും കളിക്കാന്‍ സാധിക്കും.
നേരത്തേ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ കൊണ്ടുവന്ന താരമാണ് വെങ്കടേഷ്. ബാറ്റിങില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയെങ്കിലും ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായില്ല. ഫിറ്റ്‌നസ് വീണ്ടെടുത്ത് ഹാര്‍ദിക് ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തതോടെ വെങ്കടേഷ് ടീമിന് പുറത്താവുകയായിരുന്നു.