ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി നേപ്പാള്‍ ടീം. മംഗോളിയക്കെതിരായ മത്സരത്തില്‍ 20 ഓവറില്‍ 3 വിക്കറ്റിന് 314 റണ്‍സ് അടിച്ചെടുത്താണ് നേപ്പാള്‍ ലോക റെക്കോഡ് സ്വന്തമാക്കിയത്. ടി20 ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം 300 റണ്‍സ് പിന്നിടുന്നത്. ദുര്‍ബലരായ മംഗോളിയ ബൗളര്‍മാരെ നേപ്പാള്‍ ബാറ്റ്‌സ്മാന്‍മാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.
നേപ്പാളിനായി കുശാല്‍ മല്ല സെഞ്ച്വറി നേടി. 50 പന്ത് നേരിട്ട് 137*റണ്‍സാണ് കുശാല്‍ നേടിയത്. 8 ഫോറും 12 സിക്‌സും ഉള്‍പ്പെടെയാണ് കുശാലിന്റെ വെടിക്കെട്ട്. 19 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കുശാല്‍ 34 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ വേഗ സെഞ്ച്വറി റെക്കോഡ് കുശാല്‍ മല്ല സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ദിപേന്ദ്ര സിങ് ഐറേ 10 പന്തില്‍ 52 റണ്‍സാണ് അടിച്ചെടുത്തത്. 9 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

എട്ട് സിക്‌സുകള്‍ പറത്തിയ ദിപേന്ദ്രയുടെ ഇന്നിങ്‌സില്‍ ഒരു ബൗണ്ടറി പോലുമില്ലായിരുന്നു. 12 പന്തില്‍ യുവരാജ് സിങ് നേടിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡാണ് ദിപേന്ദ്ര തകര്‍ത്തത്. 7.2 ഓവറില്‍ 2 വിക്കറ്റിന് 66 എന്ന നിലയിലായിരുന്നു നേപ്പാള്‍. പിന്നീടാണ് മൂന്ന് വിക്കറ്റിന് 314 എന്ന വമ്പന്‍ സ്‌കോറിലേക്കെത്തിയത്. ടി20 ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡാണ് താരം സ്വന്തം പേരിലാക്കിയത്.
രോഹിത് ശര്‍മയുടേയും ഡേവിഡ് മില്ലറുടേയും പേരിലുണ്ടായിരുന്ന ടി20യിലെ വേഗ സെഞ്ച്വറി റെക്കോഡാണ് കുശാല്‍ മല്ല തകര്‍ത്തത്. മത്സരത്തില്‍ 273 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും നേപ്പാള്‍ സ്വന്തമാക്കി. ടോസ് നേടിയ മംഗോളിയ നേപ്പാളിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കുശാല്‍ ബൂര്‍ട്ടലും (23 പന്തില്‍ 19) ആസിഫ് ഷെയ്ഖും (17 പന്തില്‍ 16) ചേര്‍ന്ന് പതിയെയാണ് തുടങ്ങിയത്. എന്നാല്‍ നായകന്‍ രോഹിത് പൗഡല്‍ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി.
27 പന്തില്‍ 2 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. ഒരുവശത്ത് കുശാല്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തു. 274 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ഗംഭീര പ്രകടനം. അവസാന ഓവറുകളില്‍ ദിപേന്ദ്ര സിങ്ങിന്റെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി കൂടിയായപ്പോള്‍ 20 ഓവറില്‍ 3 വിക്കറ്റിന് 314 എന്ന വമ്പന്‍ സ്‌കോറിലേക്ക് ടീം എത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മംഗോളിയയെ നേപ്പാള്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. 13.1 ഓവറില്‍ വെറും 41 റണ്‍സാണ് മംഗോളിയക്ക് നേടാനായത്. ദേവാസുരന്‍ ജെമ്യാസുരന്‍ (10) മാത്രമാണ് മംഗോളിയ നിരയില്‍ രണ്ടക്കം കണ്ടത്. അഞ്ച് പേരാണ് പൂജ്യത്തിന് പുറത്തായത്. കരണ്‍ കെസി, അഭിനവ് ബൊഹാറ, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ സോംപാല്‍ കാമി, ദിപേന്ദ്ര സിങ, കുശാല്‍ ബൂര്‍ട്ടല്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരം ഒക്ടോബര്‍ 3ാം തീയ്യതിയാണ്. ഒന്നാം റാങ്കുകാരായ ഇന്ത്യ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലാവും കളിക്കുക. റുതുരാജ് ഗെയ്ക്‌വാദ് നായകനായുള്ള മികച്ച യുവതാരനിരയെയാണ് ഇന്ത്യ അയക്കുന്നത്. റിങ്കു സിങ് ഉള്‍പ്പെടെ ടി20യില്‍ ഗംഭീര റെക്കോഡുള്ളവര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. വനിതാ ടീം ശ്രീലങ്കയെ തോല്‍പ്പിച്ച് സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണം നേടേണ്ടത് പുരുഷ ടീമിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.