ഹാങ്ചൗ: 19ാമത് ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. ഫൈനലില്‍ ശ്രീലങ്കയെ 19 റണ്‍സിന് ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 116 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് 8 വിക്കറ്റിന് 97 റണ്‍സാണ് നേടാനായത്.
ഇന്ത്യക്കായി സ്മൃതി മന്ദാനയും (46) ജെമീമ റോഡ്രിഗസും (42) ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ തിതാസ് സാധു മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണ മെഡലാണിത്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയില്‍ ഒതുങ്ങിയതിന്റെ ക്ഷീണം മാറ്റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ടീമിന് സാധിച്ചിരിക്കുകയാണ്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സുള്ളപ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ ഷഫാലി വര്‍മ പുറത്തായി.
15 പന്ത് നേരിട്ട് 1 ബൗണ്ടറി ഉള്‍പ്പെടെ 9 റണ്‍സ് നേടിയ ഷഫാലിയെ സുഗന്ധിക കുമാരി വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനിയുടെ കൈയിലെത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സ്മൃതി മന്ദാനയും (46) ജെമീമ റോഡ്രിഗസും (42) ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകി.
അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറവെ മന്ദാനയെ ഇനോക രണവീര പുറത്താക്കി. 45 പന്ത് നേരിട്ട് 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് മന്ദാനയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. എന്നാല്‍ ഇന്ത്യയുടെ മധ്യനിരക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.
6 പന്ത് നേരിട്ട് 9 റണ്‍സെടുത്ത റിച്ചാ ഘോഷിനെ രണവീര പുറത്താക്കി. ഒരു സിക്‌സറടക്കം പറത്തി റിച്ച പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോര്‍ നേടാതെ മടങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.
5 പന്ത് നേരിട്ട് 2 റണ്‍സ് മാത്രമാണ് ഹര്‍മന്‍ നേടിയത്. ഉദേശിക പ്രബോധനി ഹര്‍മനെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിക്കുകയായിരുന്നു. പൂജ വസ്ത്രാക്കറും (4 പന്തില്‍ 2) നിരാശപ്പെടുത്തി. പ്രബോധനിക്കായിരുന്നു വിക്കറ്റ്. പൂജ വസ്ത്രാക്കറെ (4 പന്തില്‍ 2) സുഗന്ധിക കുമാരിയും മടക്കി. ഒരുവശത്ത് ഗംഭീര പ്രകടനം നടത്തിയ ജമീമയേയും പ്രബോധനി പുറത്താക്കി.

40 പന്ത് നേരിട്ട് 5 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. അമന്‍ജോത് കൗര്‍ (1) റണ്ണൗട്ടായപ്പോള്‍ ദീപ്തി ശര്‍മ (1) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 7 വിക്കറ്റിന് 116 എന്ന ഭേദപ്പെട്ട സ്‌കോര്‍ ഇന്ത്യ സ്വന്തമാക്കി. ശ്രീലങ്കയ്ക്കായി പ്രബോധനിയും ഇനോകയും സുഗന്ധികയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
മറുപടിക്കിറങ്ങിയ ശ്രീലങ്ക ആദ്യ ഓവറില്‍ത്തന്നെ കടന്നാക്രമിച്ചു. ദീപ്തി ശര്‍മയുടെ ആദ്യ ഓവറില്‍ 12 റണ്‍സാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു നേടിയത്. എന്നാല്‍ പിന്നീട് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. മൂന്നാം ഓവറില്‍ അനുഷ്‌ക സഞ്ജീവനിയെ (5 പന്തില്‍ 1) തിതാസ് സാധു ഹര്‍മന്‍പ്രീതിന്റെ കൈയിലെത്തിച്ചു.
ഇതേ ഓവറില്‍ വിഷ്മി ഗുണരത്‌നയെ (0) സാധു ക്ലീന്‍ബൗള്‍ഡാക്കി. നാലാം ഓവറില്‍ മടങ്ങിയെത്തിയ സാധു അപകടകാരിയായ ചമാരി അത്തപ്പത്തുവിനെ ദീപ്തി ശര്‍മയുടെ കൈയിലെത്തിച്ചു.
ഇതോടെ 4.2 ഓവറില്‍ 3 വിക്കറ്റിന് 14 എന്ന നിലയിലേക്ക് ശ്രീലങ്ക തകര്‍ന്നു. ഹാസിനി പെരേര (22 പന്തില്‍ 25) നാല് ഫോറും 1 സിക്‌സും ഉള്‍പ്പെടെ അതിവേഗത്തില്‍ റണ്‍സുയര്‍ത്തി. എന്നാല്‍ രാജേശ്വരി ഗെയ്ക്‌വാദ് ഹാസിനിക്ക് മടക്ക ടിക്കറ്റ് നല്‍കി.
പൂജാ വസ്ത്രാക്കറുടെ ക്യാച്ചിലായിരുന്നു ഹാസിനിയുടെ മടക്കം. നിലാക്ഷി ഡി സില്‍വ (34 പന്തില്‍ 23) ഇന്ത്യയെ അല്‍പ്പ നേരം വിറപ്പിച്ചെങ്കിലും പൂജാ വസ്ത്രാക്കര്‍ മടക്ക ടിക്കറ്റ് നല്‍കി. ഒരു ഫോറും സിക്‌സുമാണ് നിലാക്ഷി നേടിയത്.
ഒഷാദി രണസിംഗയെ (26 പന്തില്‍ 19) ദീപ്തി ശര്‍മയും പുറത്താക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. കവിഷ ദില്‍ഹരിയെ (8 പന്തില്‍ 5) ദേവിക വൈദ്യയും പുറത്താക്കി. 20 ഓവറില്‍ എട്ട് വിക്കറ്റിന് 97 എന്ന നിലയില്‍ ശ്രീലങ്ക ഒതുങ്ങിയപ്പോള്‍ 19 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ സ്വര്‍ണ്ണ മെഡലും നേടി. തിതാസ് സാധു മൂന്ന് വിക്കറ്റും രാജേശ്വരി ഗെയ്ക് വാദ് രണ്ട് വിക്കറ്റും ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.