മിര്‍പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത് രണ്ട് റെക്കോര്‍ഡുകള്‍. ക്യാപ്റ്റന്‍ എം എസ് ധോണി, വൈസ് ക്യാപ്റ്റന്‍ വിരാട് എന്നിവരാണ് ഇന്ത്യയുടെ പുതിയ റെക്കോര്‍ഡ് വീരന്മാര്‍. 200 സിക്‌സറുകള്‍ അടിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനിയൊണ് ധോണി മറികടന്നത്.
ലങ്കയ്‌ക്കെതിരെ വെറും 4 പന്തുകള്‍ മാത്രമേ ധോണി കളിച്ചുള്ളൂ. ഇതില്‍ ഒരെണ്ണം സിക്‌സറിന് പറത്തി. ബംഗ്ലാദേശിനെതിരായ കളിയില്‍ 2 പന്ത് മാത്രം കളിച്ച ധോണി ആ മത്സരത്തിലും സിക്‌സടിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായി ധോണി 315 ഇന്നിംഗ്‌സുകള്‍ കളിച്ചാണ് 200 സിക്‌സറുകള്‍ അടിച്ചിരിക്കുന്നത്. 376 ഇന്നിംഗ്‌സുകളില്‍ നിന്നായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് 171 സിക്‌സറുകള്‍ അടിച്ചിട്ടുണ്ട്.

ട്വന്റി 20 യിലെ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളുടെ എണ്ണത്തിലാണ് വിരാട് കോലി യുവരാജ് സിംഗിന്റെ ഇന്ത്യന്‍ റെക്കോര്‍ഡിന് ഒപ്പമെത്തിയത്. കോലിയുടെ ഏഴാമത്തെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരമായിരുന്നു ഇത്. യുവരാജിന്റെ പേരിലും 7 മാന്‍ ഓഫ് ദ മാച്ചുകളുണ്ട്. പ്രതാപകാലത്ത് ഇന്ത്യയുടെ ഏറ്റവും വിനാശകാരിയായ ട്വന്റി 20 ബാറ്റ്‌സ്മാനായിരുന്നു യുവരാജ് സിംഗ്.
മാന്‍ ഓഫ് ദ സീരിസിലെ ഇന്ത്യന്‍ റെക്കോര്‍ഡും കോലിയുടെ പേരില്‍ത്തന്നെയാണ്. 3 എണ്ണം. യുവരാജ് സിംഗിന്റെയും അശ്വിന്റെയും പേരില്‍ ഓരോ മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡുകളുണ്ട്. ഈ വര്‍ഷം കോലിയുടെ നാലാമത്തെ അര്‍ധസെഞ്ചുറിയാണ്. മുപ്പത്തിനാലാമത്തെ ഇന്നിംഗ്‌സിലാണ് കോലി 7 അര്‍ധസെഞ്ചുറികള്‍ തികച്ചത്. കുറഞ്ഞത് 500 റണ്‍സെങ്കിലും അടിച്ച ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയും കോലിയുടെ പേരിലാണ്. 51 ന് മുകളില്‍.