ഏഷ്യാ കപ്പിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി എവിടെ ബാറ്റിങിനിറങ്ങുമെന്നു ഇനിയും വ്യക്തമായിട്ടില്ല. അവസാനമായി ഇന്ത്യ കളിച്ച മൂന്നു പരമ്പരകളിലും ഓപ്പണറായി ഇറങ്ങി മിന്നിച്ച താരമാണ് അദ്ദേഹം. എന്നാല്‍ ഓപ്പണിങിലക്കു യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയതോട ഇനി സഞ്ജുവിനു മധ്യനിരയിലേക്കു മാറേണ്ടി വന്നേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
ഇപ്പോള്‍ നടക്കുന്ന കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ഒരു കൡയില്‍ ആറാമനായെത്തി ഫ്‌ളോപ്പായ അദ്ദേഹം ഓപ്പണിങിലേക്കു തിരിച്ചെത്തിയപ്പോള്‍ സെഞ്ച്വറിയും (121) 80 പ്ലസ് സ്‌കോറും (89) കുറിക്കുകയും ചെയ്തു. ഇതോടെ ഓപ്പണിങാണ് സഞ്ജുവിനു ബെസ്റ്റ്ന്നും മധ്യനിര യോജിക്കില്ലെന്നും എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മധ്യനിരയില്‍ കളിക്കാന്‍ സഞ്ജുവിനു സാധിക്കുമോയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കൊച്ചി ടീമിന്റെ മുഖ്യ കോച്ചും കേരളത്തിന്റെ മുന്‍ സൂപ്പര്‍ താരവുമായ റെയ്ഫി വിന്‍സെന്റ് ഗോമസ്. കെസിഎല്ലിനിടെ ദി ടെലഗ്രാഫിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യനിര വഴങ്ങുമോ?
സഞ്ജു സാംസണിനു ടോപ്പ് ഓര്‍ഡറില്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ സാധിക്കൂയെന്ന ധാരണ ശരിയല്ലെന്നും ഏതു പൊസിഷനിലും കളിക്കാനുള്ള മിടുക്കുണ്ടെന്നുമാണ് റെയ്ഫി വിന്‍സന്റ് ഗോമസിന്റെ അഭിപ്രായം. ഒരു പ്രൊഫഷണലും അന്താരാഷ്ട്ര തലത്തില്‍ മികവ തെളിയിച്ച താരവുമാണ് സഞ്ജു സാംസണ്‍. അതുകൊണ്ടു തന്നെ ബാറ്റിങില്‍ താഴേക്കു ഇറങ്ങേണ്ടി വരികയാണെങ്കില്‍ അതിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും.
ഏതു റോളിലും കളിക്കാനുള്ള വഴക്കമാണ് സഞ്ജുവിനെ മുന്നോട്ടു നയിക്കുന്നത്. തന്റെ കഴിവുകളെപ്പറ്റി അദ്ദേഹത്തിനു വളരെയധികം ആത്മവിശ്വാസവുമുണ്ടെന്നും റെയ്ഫി വ്യക്തമാക്കി. അതേസമയം, മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമൊന്നും സഞ്ജുവിന്റെ ടി20 റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളാ ക്രിക്കറ്റ് ലീഗില്‍ അദ്ദേഹം ടോപ്പ് ഫൈവിനു താഴെ കളിച്ച മല്‍സരത്തിലെ പ്രകടനവും ഇതു ശരിവയ്്ക്കുന്നു.
ആലപ്പി റിപ്പിള്‍സുമായുള്ള പോരാട്ടത്തിലാണ് സഞ്ജു ആറാമനായി ബാറ്റ് ചെയ്തത്. അതിവേഗം സ്‌കോര്‍ ചെയ്ത് റണ്‍റേറ്റ് ഉയര്‍ത്തുന്നതിനു പകരം വളരെ സ്ലോ ബാറ്റിങാണ് അദ്ദേഹം പുറത്തെടുത്തത്. 22 ബോളില്‍ 59.09 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ 13 റണ്‍സ് മാത്രമേ സഞ്ജുവിനു നേടാനായുള്ളൂ. ഒരു ഫോറോ, സിക്‌സറോ പോലും അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടുകയും ചെയ്തില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
സമ്മര്‍ദ്ദം ഒട്ടുമില്ല
കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി കളിക്കവെ ഏഷ്യാ കപ്പില്‍ ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള യാതൊരു ആശങ്കകളും സഞ്ജു സാംസണിനു ഇല്ലെന്നു റെയ്ഫി വിന്‍സന്റെ ഗോമസ് പറയുന്നു. കോച്ചെന്ന നിലയില്‍ തനിക്കും ഒട്ടും സമ്മര്‍ദ്ദമില്ലെന്നു ഐപിഎല്ലില്‍ നേരത്തേ കൊച്ചി ടസ്‌കേഴ്‌സ് കേരള, പൂനെ വാരിയേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ഭാഗമായിട്ടുള്ള അദ്ദേഹം വ്യക്തമാക്കി.

സഞ്ജു സാംസണിനു ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമുണ്ടോയെന്നു ചോദിക്കുകയാണെങ്കില്‍ ഇല്ലെന്നു തന്നെയാണ് എന്റെ മറുപടി. എല്ലാം പുറമെ നിന്നുള്ള ബഹളങ്ങള്‍ മാത്രമാണ്. പുറമെയുള്ളവര്‍ എന്തൊക്കെയാണ് പറയുന്നതെന്നത് എന്നതിനെപ്പറ്റി ഞങ്ങള്‍ക്കു ആശങ്കകളൊന്നുമില്ല. ബാറ്റിങില്‍ സഞ്ജു കൂടുതല്‍ മെച്ചപ്പെടുകയെന്നു ഉറപ്പ് വരുത്തുകയെന്നതില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്.
ഇന്ത്യന്‍ ടീമിനായി താന്‍ നിര്‍വഹിക്കേണ്ട ജോലിയെക്കുറിച്ച് മാത്രമേ സഞ്ജു ആലോചിക്കുന്നുളളൂയെന്നും റെയ്ഫി കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളാ ക്രിക്കറ്റ് ലീഗിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് അദ്ദേഹം. മൂന്നിങ്‌സുകളിലായി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 74.33 ശരാശരിയില്‍ 187.39 സ്‌ട്രൈക്ക് റേറ്റില്‍ 223 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു.