സപ്തംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം മൂന്നു തവണ വരെ നടക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ ഇന്ത്യയുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷെ സമീപകാലത്തെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കരുതെന്ന ആവശ്യമാണ് ആരാധകരുടെ ഭാഗത്തു നിന്നുയരുന്നത്.
ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന വിരമിച്ച ക്രിക്കറ്റര്‍മാരുടെ ടി20 ടൂര്‍ണമെന്റായ ഡബ്ല്യുസിഎല്ലില്‍ (വേള്‍ഡ് ചാംപ്യന്‍ഷിപ്പ്് ഓഫ് ലെജന്റ്‌സ്) പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. യുവരാജ് സിങ് നയിക്കുന്ന ടീം ആദ്യ പ്രാഥമിക റൗണ്ടിലും പിന്നീട് സെമി ഫൈനലിലുമാണ് പാക് ടീമുമായി കളിക്കാനില്ലെന്നു അറിയിച്ച് പിന്‍മാറിയത്.
സമാനമായൊരു നിലപാട് ഇനി ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമും സ്വീകരിക്കുമോയെന്നാണ് അറിയാനുള്ളത്. പാകിസ്താനുള്‍പ്പെടുന്ന ഏഷ്യാ കപ്പില്‍ കളിക്കുമോയെന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി അദ്ദേഹം ടീമിലുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സഞ്ജു തയ്യാറോ?
ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള മല്‍സരത്തെ കുറിച്ചല്ല, മറിച്ച് ടൂര്‍ണമെന്റില്‍ താനുണ്ടാവുമോയെന്നതിനെ കുറിച്ചാണ് സഞ്ജു സാംസണ്‍ മനസ്സ് തുറന്നിരിക്കുന്നത്. ഇന്ത്യയാണ് നിലവില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരെങ്കിലും നിഷ്പക്ഷ വേദിയായ യുഎഇയിലാണ് മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്. ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഏഷ്യാ കപ്പിനെ കുറിച്ച് സഞ്ജു സംസാരിച്ചത്.
ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇനി ഒരു മാസം കൂടി ബാക്കിയുണ്ട്. കേരളം വിട്ട് ദുബായിലെത്തുമ്പോള്‍ നാട്ടുകാര്‍ ഇത്രയും സന്തോഷത്തോടെ നമ്മുടെ കൂടെയുണ്ടാവുമ്പോഴുള്ള ഫീലിങ് വളരെ വലുതാണ്.
ഏഷ്യാ കപ്പിനെ കുറിച്ച് സഞ്ജു സംസണ്‍ സംസാരിക്കുന്ന വീഡിയോ കാണാം
നേരത്തേ അണ്ടര്‍ 19 ലോകകപ്പും ഏഷ്യാ കപ്പുമെല്ലാം ഐപിഎല്ലുമെല്ലാം ഇവിടെ കളിച്ചപ്പോള്‍ കാണികളില്‍ നിന്നും വലിയ പിന്തുണയാണ് കിട്ടിയത്. അവരുടെ ആര്‍പ്പുവിളിയും സന്തോഷവുമെല്ലാം വീണ്ടും അനുഭവിക്കാന്‍ എനിക്കു അതിയായ ആഗ്രഹമുണ്ട്. ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു മാധ്യമങ്ങളോടു സഞ്ജു പറഞ്ഞത്.
പതിവുപോലെ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഇത്തവണയും ഉള്‍പ്പെട്ടിരിക്കുന്നത്. സപ്തംബര്‍ 14നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ- പാക് പോര്. ഗ്രൂപ്പുഘട്ടത്തില്‍ നിന്നും മുന്നേറിയാല്‍ പിന്നീട് സൂപ്പര്‍ ഫോറിലും ഇന്ത്യ- പാക് അങ്കത്തിനു സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനു ശേഷം ഫൈനലിലും ഒരിക്കല്‍ക്കൂടി ഇരുടീമും മുഖാമുഖം വന്നേക്കുകയും ചെയ്യും.

കഴിഞ്ഞ തവണ തഴയപ്പെട്ടു
2023ല്‍ നടന്ന ഏഷ്യാ കപ്പിന്റെ അവസാന എഡിഷനില്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഏകദിന ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റും യുഎയില്‍ തന്നെയാണ് നടന്നത്. അന്നു ഗ്രൂപ്പു ഘട്ടത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ- പാകിസ്താന്‍ മല്‍സരം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
എന്നാല്‍ സൂപ്പര്‍ ഫോറില്‍ വന്‍ മാര്‍ജിനില്‍ പാകിസ്താനെ ഇന്ത്യ നാണംകെടുത്തി. പിന്നീട് ഫൈനലില്‍ ശ്രീലങ്കയെയും നിഷ്പ്രഭരാക്കി ഇന്ത്യ കിരീടം ചൂടുകയായിരുന്നു. കഴിഞ്ഞ എഡിഷനില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമായിരുന്നു ഇന്ത്യന്‍ സംഘത്തിലെ വിക്കറ്റ് കീപ്പര്‍മാര്‍.
ഏകദിത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ടീമിലേക്കു സഞ്ജു പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ദ്രാവിഡ് മാറി ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായ ശേഷം അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
നിലവില്‍ ടി20 ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറും സഞ്ജുവാണ്. ഇന്ത്യ അവസാനം കളിച്ച മൂന്നു ഈ റോള്‍ അദ്ദേഹത്തിനായിരുന്നു. രണ്ടു സെഞ്ച്വറിയടക്കം നേടി സഞ്ജു കസറുകയും ചെയ്തു. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ ഗംഭീര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.