ഏഷ്യ കപ്പില്‍ ഹസ്തദാന വിവാദം ചൂടുപിടിക്കവെ പാകിസ്താന്‍ ക്രിക്കറ്റ് ടീം കടുത്ത നടപടികള്‍ക്കു തയ്യാറെടുക്കുകായാണ്. ടൂര്‍ണമെന്റിലെ മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ യുഎഇയുമായുള്ള അടുത്ത മാച്ചില്‍ നിന്നും പിന്മാറുമെന്നും പിസിബി ഭീഷണി മുഴക്കി കഴിഞ്ഞു. പിസിബിയുടെ ഈ ഡിമാന്റ് ഐസിസി തള്ളിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതോടെ നാളെ (ബുധന്‍) രാത്രി ദുബായില്‍ നടക്കാനിരിക്കുന്ന പാകിസ്താന്‍-യുഎഇ പോരാട്ടത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. പാകിസ്താന്‍ ഈ മല്‍സരത്തില്‍ കളിക്കാനിറങ്ങുമോയെന്നതു ഇനിയും ഉറപ്പായിട്ടില്ല. ഗ്രൂപ്പ് എയിലെ ഈ മല്‍സരത്തില്‍ നിന്നും വിട്ടുനിന്നാല്‍ പാക് ടീമിന്റെ ഭാവി എന്തായിരിക്കുമെന്നു നോക്കാം.

പണികിട്ടുക പാകിസ്താന്
ഹസ്ദാന വിവാദത്തില്‍ പ്രതിഷേധിച്ച് യുഎഇയുമായുള്ള മല്‍സരം ബഹിഷ്‌കരിക്കുകയാണെങ്കില്‍ അതു കാരണം പണി കിട്ടുക മറ്റാര്‍ക്കുമല്ല, പാകിസ്താന്‍ ടീമിനു തന്നെയായിരിക്കും. അവരെ സംബന്ധിച്ച് ആത്മഹത്യക്കു തുല്യമായിരിക്കും അത്തരമൊരു നീക്കം. കാരണം പാക് പിന്‍മാറിയാല്‍ യുഎഇയെ വിജയികളായി പ്രഖ്യാപിക്കുകയും രണ്ടു പോയിന്റ് സമ്മാനിക്കുകയും ചെയ്യും.
ഇതോടെ നാലു പോയിന്റുമായി ഇന്ത്യക്കു പിന്നില്‍ ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരായി യുഎഇ സൂപ്പര്‍ ഫോറിലേക്കു മുന്നേറും. സല്‍മാന്‍ ആഗയുടെ പാകിസ്താന്‍ ടീമിനാവട്ടെ നാണംകെട്ട് നാട്ടിലേക്കു മടങ്ങേണ്ടിയും വരും. നിലവില്‍ പാകിസ്താന്‍ ടീമിനു വെറും രണ്ടു പോയിന്റ് മാത്രമേയുള്ളൂ. ഒമാനുമായുള്ള ആദ്യ കളിയില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്. പിന്നാലെ ഇന്ത്യയോടു നാണംകെടുകയും ചെയ്തു.
അതിനാല്‍ തന്നെ യുഎഇക്കെതിരായ മല്‍സരം നടക്കേണ്ടതും അതില്‍ ജയിക്കേണ്ടതും അവര്‍ക്കു ഡു ഒാര്‍ഡൈ ആയി മാറിയിരിക്കുകയാണ്. നിലവില്‍ നാലു പോയിന്റുള്ള ഇന്ത്യയാണ് ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോറിലെത്തിയ ടീം. രണ്ടു പോയിന്റ് വീതമുള്ള പാകിസ്താനും യുഎഇയുമാണ് ഗ്രൂപ്പില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കളിച്ച രണ്ടു മല്‍സരങ്ങളിലുെ തോറ്റ ഒമാന്‍ പുറത്തായി കഴിഞ്ഞു.
അതിനാല്‍ ഗ്രൂപ്പിലെ ശേഷിച്ച ഏക സൂപ്പര്‍ ഫോര്‍ ടിക്കറ്റിനായുള്ള പിടിവലി പാകിസ്താനും യുഎഇയും തമ്മിലാണ്. അടുത്ത മല്‍സരഫലമായിരിക്കും ഇവരില്‍ നിന്നും ആരാവും സൂപ്പര്‍ ഫോറിലെത്തുകയെന്നു തീരുമാനിക്കുക. ഇത്തരമൊരു അതീവ ദുഷ്‌കരമായ സാഹചര്യത്തില്‍ നില്‍ക്കവെ പാകിസ്താന്‍ ടീം യുഎഇയുമായുള്ള മല്‍സരം ബഹിഷ്‌കരിക്കുമോയെന്നതും സംശയമാണ്.
വിവാദം കത്തുന്നു
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഞായറാഴ്ച ദുബായില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ വിവാദങ്ങള്‍ക്കു ഒട്ടും കുറവില്ലായിരുന്നു. ആദ്യത്തെ സംഭവം ടോസിനു പിന്നാലെയായിരുന്നു. ടോസിനു ശേഷം പരസ്പരം ഹസ്തദാനം ചെയ്യുകയോ, നോക്കുകയോ പോലും ചെയ്യാതെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ആഗയും ഒഴിഞ്ഞുമാറിയത്.

പിന്നീട് മല്‍സരശേഷം ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ക്രീസിസലുണ്ടായിരുന്ന സൂര്യയും ശിവം ദുബെയും പാകിസ്താന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാതെ നേരെ ഡ്രസിങ് റൂമില്‍ കയറി വാതിലടയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രവര്‍ത്തി പാക് ക്യാംപിനെ ശരിക്കും ഞെട്ടിച്ചു.
ഇന്ത്യയുടെ അവഗണയില്‍ പ്രതിഷേധിച്ച് പാക് ക്യാപ്റ്റന്‍ ആഗ പിന്നീട് പോസ്റ്റ് മാച്ച് ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു. ടോസിനു ശേഷം സൂര്യയുമായി ഹസ്തദനം വേണ്ടെന്നു ആഗയോടു ആവശ്യപ്പെട്ടത് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണെന്നു പിന്നീട് പിസിബി തുറന്നടിക്കുകയും ചെയ്തു. ഇതിന്റെ പേരിലാണ് മാച്ച് റഫറിയെ പുറത്താക്കാന്‍ ഐസിസിയോടു പിസിബി അഭ്യര്‍ഥിച്ചിരിക്കുന്നത്.