ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡുകളെ പ്രഖാപിച്ചതോടെ ഇന്ത്യയും പാകിസ്താനും ഇനി പടയൊരുക്കത്തിലേക്കു കടക്കുകയാണ്. അതുത്ത മാസം ഒമ്പതിനാണ് യുഎഇയില്‍ ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമന്റെില്‍ ഇന്ത്യയും പാകിസ്താനും ഒരിക്കല്‍ക്കൂടി ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ ഫൈനലിലുള്‍പ്പെടെ മൂന്നു തവണ ഇന്ത്യ-പാക് എല്‍ ക്ലാസിക്കോയ്ക്കു അരങ്ങൊരുങ്ങിയിരിക്കുകയാണ്.
അടുത്ത മാസം 14നു ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാക് അങ്കം. സമീപകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുടീമുകള്‍കും ഇതു അഭിമാനപ്പോരാട്ടം കൂടിയാണ്.
അതിനാല്‍ തന്നെ ജയത്തിനു വേണ്ടി ഇരുടീമുകളും ഏതറ്റം വരെയും പോവുമെന്ന കാര്യത്തില്‍ സംശയവുമില്ല. ഇന്ത്യയെ വീഴ്ത്താനും അതോടൊപ്പം ഏഷ്യാ കപ്പ് സ്വന്തമാക്കാനും വലിയ തയ്യാറെടുപ്പുകള്‍ തന്നെയാണ് പാക് ടീം നടത്തിയിരിക്കുന്നത്.

വമ്പന്‍ പ്ലാനിങുമായി പാക് പട
വമ്പന്‍ പ്ലാനിങോടെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിസിബി (പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്) ഈ ടൂര്‍ണമെന്റിനായി തയ്യാറാക്കുന്നത്. നേരത്തേ തീരുമാനിച്ചിരുന്ന അഫ്ഗാനിസ്താന്‍ പര്യടനം പുനക്രമീകരിച്ച അവര്‍ പകരം ഏഷ്യാ കപ്പിനു തയ്യാറെടുക്കുന്നതിനായി യുഎഇയില്‍ ത്രിരാഷ്ട്ര പരമ്പര കളിക്കാന്‍ പോവുകയാണ്.
ഇതു ടൂര്‍ണമെന്റിനു മുമ്പ് യുഎഇയിലെ പിച്ചുകളും സാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ പാകിസ്താവനെ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ക്രിക്കറ്റ് ബോര്‍ഡ്. അതു മാത്രമല്ല, ഈ ത്രിരാഷ്ട്ര പരമ്പരയ്ക്കു മുമ്പ് അഞ്ചു പരിശീലന സെഷനുകളും അതോടൊപ്പം രണ്ടു പരിശീലന മല്‍സരങ്ങളും കൂടി അവര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇവ മാത്രമല്ല, സമീപകാലത്തു ബംഗ്ലാദശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയും വൈറ്റ് ബോള്‍ പരമ്പരകളില്‍ പാക് ടീം ഏറ്റുമുട്ടിയിരുന്നു.
ഇന്ത്യയുടെ തയ്യാറെടുപ്പ്
പാകിസ്താന്‍ ക്രിക്കറ്റ് ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടീം കാര്യമായ തയ്യാറെടുപ്പുകളൊന്നും ഏഷ്യാ കപ്പിനു മുന്നോടിയായി നടത്തുന്നില്ലെന്നതാണ് കൗതുകകകരമായ കാര്യം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. ഈ മാസം ഒരു അന്താരാഷ്ട്ര മല്‍സരം പോലും ടീം കളിച്ചിട്ടില്ല.

എങ്കിലും ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ നിലവില്‍ പ്രാദേശിക ടി20 ലീഗുകളില്‍ കൡക്കുന്നുണ്ട്. എന്നാല്‍ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പരിശീലന മല്‍സരങ്ങളൊന്നും തന്നെ ടീം കളിക്കില്ല. അടുത്ത മാസം അഞ്ചിനു ദുബായില്‍ ടീമിന്റെ ആദ്യ പരിശീലന സെഷന്‍ നടക്കുമെന്നാണ് വിവരം.
10നു ആതിഥേയരായ യുഎഇയുമായിട്ടാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. 14നു പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന സൂര്യകുമാര്‍ യാദവും സംഘവും 19ന് അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഒമാനുമായും ഏറ്റുമുട്ടും.
കിരീടം കാക്കുമോ ഇന്ത്യ?
നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും യുഎഇയിലെത്തുക. 2023ല്‍ ഏകദിന ഫോര്‍മാറ്റിലുള്ള അവസാന എഡിഷനില്‍ ശ്രീലങ്കയെന നാണംകെടുത്തിയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ തങ്ങളുടെ എട്ടാമത്തെ ട്രോഫിയില്‍ മുത്തമിട്ടത്. 2022ലാണ് ടി20 ഫോര്‍മാറ്റിലുളള അവസാന ഏഷ്യാ കപ്പ് നടന്നത്. അന്നു ശ്രീലങ്കയായിരുന്നു ചാംപ്യന്‍മാര്‍.
ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പാകിസ്താനേക്കാള്‍ ഇന്ത്യക്കു വെല്ലുവിളി സൃഷ്ടിക്കാനിടയുള്ള ടീമുകള്‍ ശ്രീലങ്കയും അഫ്ഗാനിസ്താനുമാണ്. സൂപ്പര്‍ ഫോറിലും ഫൈനലിലുമായിരിക്കും ഈ ടീമുകളുമായി ഇന്ത്യ മുഖാമുഖം വന്നേക്കുക.