സപ്തംബറില്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്‍ എങ്ങനെയാവുമെന്നതിനെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര. ടീമില്‍ ഉറപ്പായും സ്ഥാനം ലഭിക്കാനിടയില്ലാത്ത ഒരു സൂപ്പര്‍ താരം ആരാവുമെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് യുഎഇയിലാണ് നടക്കാനിരിക്കുന്നത്. സപ്തംബര്‍ ഒമ്പതിനു ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം 28നാണ്. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഇത്തവണ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കന്നത്. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഓപ്പണിങ് ജോടികള്‍ ആരൊക്കെം?
ഏഷ്യാ കപ്പില്‍ ഇത്തവണ ആരെയൊക്കെ ഓപ്പണിങില്‍ പരീക്ഷിക്കുമെന്നത് ടീം മാനേജ്‌മെന്റിനെ ശരിക്കും കുഴപ്പിക്കുന്ന ചോദ്യമായിരിക്കുമെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ബംഗ്ലാദേശ് (ഹോം), സൗത്താഫ്രിക്ക (എവേ), ഇംഗ്ലണ്ട് (ഹോം) എന്നിവര്‍ക്കെതിരേയായിരുന്നു.
ഗൗതം ഗംഭീറിന്റെ ഈ പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തിരുന്നു. ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായ ശുഭ്മന്‍ -യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു പകരമാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്.
നമ്മള്‍ വളരെയധികം താല്‍പ്പര്യമുണര്‍ത്തുന്ന ഒരു ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. യശസ്വി ജയ്‌സ്വാളിനും ശുഭ്മന്‍ ഗില്ലിനും ടീമില്‍ ഇടം വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കും. പക്ഷെ മുന്‍ ടീമിലെ ആരെ മാറ്റാനാണ് നമ്മള്‍ ആവശ്യപ്പെടുക?
നമ്മള്‍ ടി20 മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ അവര്‍ (സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടി) വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. യശസ്വിയെയോ, ഗില്ലിനേയോ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാക്കാനുള്ള പ്രലോഭനം തീര്‍ച്ചയായുമുണ്ടാവും. പക്ഷെ അതു അത്ര നേരായതായിരിക്കുമോമെന്നും ചോപ്ര ചോദിക്കുന്നു.
റിഷഭിനെ പരിഗണിക്കുമോ?
കുറച്ചുകാലമായി ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഏഷ്യാ കപ്പില്‍ പരിഗണിച്ചേക്കുമെന്നു തനിക്കു തോന്നുന്നതായും ആകാശ് ചോപ്ര പറയുന്നു. എന്നാല്‍ ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ കാല്‍പ്പാദത്തിനു സാരമായി പരിക്കേറ്റതിനാല്‍ അദ്ദേഹത്തിനു ടൂര്‍ണമെന്റ് നഷ്ടമായേക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ടീം പ്രഖ്യാപനവേളയില്‍ റിഷഭ് പന്തിനെ കുറിച്ചും ചര്‍ച്ചകളുണ്ടാവും. പക്ഷെ ഇപ്പോള്‍ അതു സംഭവിക്കാനിടയില്ല. കാരണം ദീര്‍ഘകാലമായുള്ള പരിക്കിനു ശേഷമായിരിക്കും റിഷഭ് മടങ്ങിയെത്തുക. ഏതു സാഹചര്യത്തിലായാലും അവന്‍ ടി20 ടീമിന്റെ ഭാഗമാവാന്‍ സാധ്യതയില്ല. സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാവും ഓപ്പണ്‍ ചെയ്‌തേക്കുകയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

അവന്‍ ടീമില്‍ കാണില്ല
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനുണ്ടാവില്ലെന്നു താന്‍ ഉറപ്പിച്ചു പറയുന്നയാള്‍ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയായിരിക്കുമെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഈ ടൂര്‍ണമെന്റില്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം വീണ്ടും ചോദ്യചിഹ്നമാണ്. ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ ബുംറ ഏഷ്യാ കപ്പിലുണ്ടാവുമെന്നാണ് എനിക്കു തോന്നുന്നത്.
ഏതു തരത്തിലുള്ള ടീമിനെയാവും തിരഞ്ഞെടുക്കുകയെന്നു കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. പക്ഷെ അവസാനമായി തിരഞ്ഞെടുത്ത ടീമുമായി അതിനു ഒരുപാട് സാമ്യതകള്‍ കാണില്ല.
മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ കാണില്ലെന്നു ഞാന്‍ ഗ്യാരണ്ടി നല്‍കാം. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിക്കായി തയ്യാറെടുക്കുന്നതിനും ഫിറ്റ്‌നസ് അളക്കുന്നതിനും വേണ്ടി മാത്രമാണ് ഷമി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പക്ഷെ ആ ടീമില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല. ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെയും ഭാഗമല്ലാത്ത ഷമിക്കു ഈയൊരു സമയത്തു ടി20യില്‍ അവസരം ലഭിക്കുമെന്നു തോന്നുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.