ദുബായ്: ഏഷ്യാ കപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ടീം ചാംപ്യന്മാരായിട്ടും അവര്‍ക്കു ട്രോഫിയോ മെഡലോ ലഭിക്കാതെ വെറുംകൈയോടെ ആഹ്ലാദപ്രകടനം നടത്തുന്നത് ഇത്തവണ ടൂര്‍ണമെന്റ് സാക്ഷിയായി. ചിരവൈരികളായ പാകിസ്താനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് തുടരെ രണ്ടാം തവണയും ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരായെങ്കിലും കിരീടധാരണം കാണാനുള്ള ഭാഗ്യം ആരാധകര്‍ക്കുണ്ടായില്ല.
ട്രോഫി മാത്രമല്ല ഫൈനലിനു ശേഷം കളിക്കാര്‍ക്കു നല്‍കാരുള്ള വിന്നേഴ്‌സ് മെഡലും ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിച്ചില്ല. എന്തുകൊണ്ടാണ് ഫൈനലിനു ശേഷം ഇന്ത്യന്‍ ടീമിനു ട്രോഫിയും കളിക്കാര്‍ക്കു മെഡലും കിട്ടാതെ പോയതെന്നു അറിയാം.

നാടകീയ രംഗങ്ങള്‍
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയാണ് ഫൈനലിനു ശേഷം ചാംപ്യന്‍മാരാവുന്ന ടീമിനു ഏഷ്യാ കപ്പ് സമ്മാനിക്കാനിരുന്നത്. പക്ഷെ നഖ്വിയില്‍ നിന്നും ഇതു സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നു ഇന്ത്യന്‍ ടീം അറിയിക്കുകയായിരുന്നു. ഇതു അവാര്‍ഡ്ദാന ചടങ്ങില്‍ നാടകീയ രംഗങ്ങള്‍ക്കും വഴിയൊരുക്കി. ഇന്ത്യന്‍ ടീം കര്‍ക്കശമായ നിലപാട് ,സ്വീകരിച്ചതോടെ സമ്മാനദാന ചടങ്ങ് ഒരു മണിക്കൂറോളം വൈകുകയും ചെയ്തു.
അവാര്‍ഡ് ദാനച്ചടങ്ങളില്‍ അവതാരകനായ മുന്‍ ന്യൂസിലാന്‍ഡ് താരം സൈമണ്‍ ഡൂളാണ് ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാന്‍ എത്തില്ലെന്ന കാര്യം അറിയിച്ചത്. ട്രോഫിയോ, മെഡലോ ഏറ്റുവാങ്ങാന്‍ എത്തിയില്ലെന്നു മാത്രമല്ല, വേദിയിലേക്കു വന്ന് ഫൈനലിനെ കുറിച്ച് സംസാരിക്കാന്‍ പോലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തയ്യാറായില്ല.
ഇസിബി (എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്) വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ സറൂണില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നന്നു ഇന്ത്യന്‍ അറിയിച്ചിരുന്നതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പക്ഷെ തന്റെ കൈയില്‍ നിന്നും ട്രോഫിയും മെഡലും ഏറ്റുവാങ്ങാന്‍ തയ്യാറല്ലെങ്കില്‍ അതു നല്‍കില്ലെന്നു നഖ്വിയും വ്യക്തമാക്കുകയായിരുന്നു.
ഇന്ത്യന്‍ ടീം ട്രോഫിയേറ്റു വാങ്ങാന്‍ വരില്ലെന്നു സൈമണ്‍ ഡൂള്‍ പറഞ്ഞതിനു പിന്നാലെ വേദിയിലുണ്ടായിരുന്ന ട്രോഫി എടുത്തു കൊണ്ടു പോവുകയും നഖ്വിയടക്കം വേദിയിലുണ്ടായിരുന്ന അതിഥികള്‍ അവിടം വിടുകയും ചെയ്തിരുന്നു.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) നിലവിലെ മേധാവിയും പാകിസ്താന്റെ ആഭ്യന്തര മന്ത്രിയും കൂടിയാണ് നഖ്വി. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങേണ്ടതില്ലെന്നു ഇന്ത്യന്‍ ടീം തീരുമാനമെടുത്തത്.
ട്രോഫിയും മെഡലുകളുമൊന്നും ഏറ്റുവാങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ടീം വൈകി വേദിയിലെത്തുകയും ട്രോഫിയില്ലാതെ ആഹ്ലാദ പ്രകടനം നടത്തുകയും ഫോട്ടോയ്ക്കു പോസും ചെയ്യുകയും ചെയ്തിരുന്നു.
വിമര്‍ശിച്ച് സൂര്യ
ഏഷ്യാ കപ്പ് ഫൈനലിനു പിന്നാലെയുണ്ടായ സംഭവ വികാസങ്ങള്‍ മൊഹ്‌സിന്‍ നഖ്വിയെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ചാംപ്യന്‍ ടീമിനു ട്രോഫി നിഷേധിക്കപ്പെടുന്നത് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ച കാലം മുതല്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണ്. ഇതാവട്ടെ ഞങ്ങള്‍ വളരെയധികം കഷ്ടപ്പെട്ടു നേടിയെടുത്ത ട്രോഫിയാണ്. ഞങ്ങള്‍ക്കു ഇതു എളുപ്പത്തില്‍ ലഭിച്ചതൊന്നുമല്ല, നാലാം തിയ്യതി മുതല്‍ ഞങ്ങളിവിടെയുണ്ട്.
രണ്ടു തുടര്‍ച്ചയായ മല്‍സരങ്ങളും കളിച്ചു. വളരെ കഠിനാധ്വാനത്തിലൂടെ വിജയിച്ച ടൂര്‍ണമെന്റാണിത്. ഞങ്ങള്‍ അതു അര്‍ഹിച്ചുവെന്നു തന്നെ ഞാന്‍ കരുതുന്നു. ഇതേക്കുറിച്ച് കൂടുതലായൊന്നും തനിക്കു പറയാന്‍ കഴിയില്ലെന്നും സൂര്യ വ്യക്തമാക്കി.