ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞടുത്ത സെലക്ഷന്‍ കമ്മിറ്റിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ടൂര്‍ണമെന്റില്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറാന്‍ സാധിക്കുമായിരുന്ന ഒരാളെ ഇന്ത്യ തഴഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 15 അംഗ സ്‌ക്വാഡിനെയാണ് ടൂര്‍ണമെന്റിനായി അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.
സൂര്യകുമാര്‍ നാദവ് നായകസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിനു പകര ശുഭ്മന്‍ ഗില്ലിനു വൈസ് ക്യാപ്റ്റന്‍സിയും ലഭിച്ചിരുന്നു. യശസ്വി ജയ്്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരടക്കം പല മുന്‍നിര താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ല. പക്ഷെ ഇവരെയൊന്നും തഴഞ്ഞതിലല്ല ഭാജി അരിശം പ്രകടിപ്പിച്ചിരിക്കുന്നത്.

എവിടെ സിറാജ്?
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ ഹീറോയായി മാറിയ യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനു ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയതിനെയാണ് ഹര്‍ഭജന്‍ സിങ് ചോദ്യം ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര 2-2നു അവസാനിപ്പിച്ച് അഭിമാനത്തോടെയാണ് ഇന്ത്യ നാട്ടിലേക്കു മടങ്ങിയത്. 23 വിക്കറ്റുകളുമായി പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുതതത് സിറാജായിരുന്നു.
പക്ഷെ അദ്ദേഹം ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കപ്പെട്ടില്ല. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ് മൂന്നു മുന്‍നിര ഫാസ്റ്റ് ബൗളര്‍മാര്‍. ബാക്കപ്പ് ലിസ്റ്റില്‍ പ്രസിദ്ധ് കൃഷ്ണയും ഇടം നേടി. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിലാണ് സിറാജ് അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. ഗൗതം ഗംഭീര്‍ ടൂര്‍ണമെന്റിനു ശേഷം മുഖ്യ കോച്ചായി എത്തിയതോടെ ടി20 പ്ലാനുകളില്‍ നിന്നും പേസര്‍ പുറത്താവുകയും ചെയ്തു.
സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സിറാജിന്റെ അഭാവത്തില്‍ ഹര്‍ഭജന്‍ നിരാശയും രോഷവും പ്രകടിപ്പിച്ചത്. മുഹമ്മദ് സിറാജിന്റെയും പേര് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടണമായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. അവസാന പരമ്പരയില്‍ (ഇംഗ്ലണ്ട് പര്യടനം) അദ്ദേഹം വളരെ നന്നായി പന്തെറിഞ്ഞിരുന്നു.
ഇംഗ്ലണ്ടില്‍ സിറാജ് ഒരുപാട് ബൗള്‍ ചെയ്തുവെന്നതു ശരിയാണ്. പക്ഷെ അതിനു ശേഷം അദ്ദേഹത്തിനു മതിയായ വിശ്രമം ലഭിച്ചിട്ടുണ്ട്. അതിനാല്‍ സിറാജിനെ പരിഗണിക്കാമായിരുന്നു. സിറാജ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ കരുത്തരായി മാറുമായിരുന്നു. എക്‌സ് ഫാക്ടറെന്ന നിലയില്‍ അദ്ദേഹം ടീമിനു നല്‍കുന്ന മുന്‍തൂക്കം നഷ്ടായെന്നും ഭാജി വിലയിരുത്തി.

ശ്രേയസിനെ ടീമിലെടുക്കാമായിരുന്നു
മുഹമ്മദ് സിറാജിനെ മാത്രമല്ല, സമീപകാലത്തു വിവിധ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരെയും ഇന്ത്യന്‍ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താമായിരുന്നെന്നു ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു.
ശ്രേയസ് അയ്യര്‍ക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടാവുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. അദ്ദേഹം ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഐപില്ലിന്റെ ഫൈനലിലും കളിച്ചു. വളരെ മികച്ച ഫോമിലാണ് ശ്രേയസ് ഇപ്പോഴുള്ളത്.
ആരുടെ സ്ഥാനമാണ് അദ്ദേഹമെടുക്കുകയെന്നു നോക്കിയാല്‍ അതു ആരാവുമെന്നു നിങ്ങള്‍ തന്നെ കാണേണ്ടതുണ്ട്. ആരെങ്കിലുമൊരാളെ ഉള്‍പ്പെടുത്തുകയോ, ഒഴിവാക്കുകയോ ചെയ്യുമ്പോഴാണ് അവിടെയൊരു ഒഴിവ് വരുന്നത്. പക്ഷെ ശ്രേയസിന്റെ പേര് ലിസ്റ്റില്‍ ഇല്ലാത്തതു കാണുമ്പോള്‍ തനിക്കു ശരിക്കും സര്‍പ്രൈസ് തോന്നുന്നുവെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.