ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള കലാശപ്പോരില്‍ ഇടംകൈയന്‍ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞതിനെതിരേ വന്‍ ആരാധകരോഷം. സോഷ്യല്‍ മീഡിയയില്‍ കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനം ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.
അഭിഷേകിനെ കാര്യമാക്കേണ്ട!! 2 പേര്‍ 'പ്രശ്‌നക്കാര്‍', കപ്പടിക്കാന്‍ പാക് ടീമിന് തന്ത്രമേകി അക്തര്‍
പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ഫൈനല്‍ നഷ്ടമായപ്പോള്‍ പകരം അര്‍ഷ്ദീപിനു ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അര്‍ഷ്ദീപിനെ തഴഞ്ഞ ഇന്ത്യ പകരം റിങ്കു സിങിനെ കളിപ്പിക്കുകയായിരുന്നു. കൂടാതെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തു.

എവിടെ അര്‍ഷ്ദീപ്?
ഫൈനലില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അര്‍ഷ്ദീപ് സിങിന്റെ അസാന്നിധ്യം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനത്തെ അവര്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യവും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഇത്രയ്ക്കും മണ്ടനോ? അര്‍ഷ്ദീപ് സിങിനെ പോലെ ടി20 സ്‌പെഷ്യലിസ്റ്റായ ഒരു ലോകോത്തര ഫാസ്റ്റ് ബൗളറെ ഫൈനലില്‍ പുറത്തിരുത്തിയത് വലിയ അബദ്ധമാണ്. രണ്ടു ദിവസം മുമ്പാണ് ഇതേ ഗ്രൗണ്ടില്‍ ശ്രീലങ്കയ്‌ക്കെതിരേ സൂപ്പര്‍ ഓവറില്‍ അര്‍ഷ്ദീപ് ടീമിന്റെ ഹീറോയായത്. എന്നിട്ടും അദ്ദേഹത്തെ തഴഞ്ഞത് അംഗീകരിക്കുക അസാധ്യമാണ്.
ഗൗതം ഗംഭീറിന് അര്‍ഷ്ദീപ് സിങിനോടു എന്താണ് ഇത്ര വിരോധം? അദ്ദേഹം ദേശീയ ടീമിന്റെ കോച്ചായ ശേഷം അര്‍ഷ്ദീപിനെ തഴയുന്നത് സ്ഥിരം കാഴ്ചയാണ്. ഈ ഏഷ്യാ കപ്പില്‍ മാത്രമല്ല, തൊട്ടുമുമ്പത്തെ ഇംഗ്ലണ്ട് പര്യടനത്തിലും ഒരവസരം പോലും നല്‍കാതെ അദ്ദേഹത്തെ അപമാനിച്ചത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. അര്‍ഷ്ദീപിന്റെ കരിയര്‍ തകര്‍ക്കാനുള്ള നീക്കം കോച്ച് നടത്തുന്നതു പോലെയാണ് കാണപ്പെടുന്നത്.
ഗൗതം ഗംഭീര്‍ ശരിക്കുമൊരു വിഡ്ഢിയായ കോച്ചാണ്. സ്വന്തം ബാറ്റര്‍മാരില്‍ വിശ്വാസമില്ലാത്തതു കാകണമാണ് ഫൈനലില്‍ അര്‍ഷ്ദീപ് സിങിനെ തഴഞ്ഞ് പകരം റിങ്കു സിങിനെ ഇറക്കിയത്. ശിവം ദുബെയെ എങ്ങനെ ബൗളിങില്‍ വിശ്വസിക്കും? ടി20യില്‍ ജസ്പ്രീത് ബുംറയേക്കാള്‍ മികച്ച റെക്കോര്‍ഡാണ് അര്‍ഷ്ദീപിന്റേത്. അദ്ദേഹത്തെ ഫൈനലില്‍ പുറത്തിരുത്തിയതിനു ഒരു ഒഴികഴിവും ഗംഭീറിനു പറയാന്‍ കഴിയില്ല.

ഗൗതം ഗംഭീറിന്റെ ഏകാധിപത്യം അവസാനിപ്പിക്കണം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്വാട്ട കാരണമാണ് ഹര്‍ഷിത് റാണയും റിങ്കു സിങുമെല്ലാം അതിന്റെ ഭാഗമായാണ് ടീമിലുള്ളത്. അര്‍ഷ്ദീപ് സിങിനെ പോലെയൊരു ടി20 സ്‌പെഷ്യലിസ്റ്റിനെ പുറത്തിരുത്താന്‍ ഒരു ടീമും ധൈര്യം കാണിക്കില്ല. ഫൈനലില്‍ ഇന്ത്യ തോറ്റാല്‍ കാരണക്കാരന്‍ ഗംഭീറായിരിക്കും.
അര്‍ഷ്ദീപ് സിങിന്റെ കാര്യത്തില്‍ ദുഖമുണ്ട്. ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ തനിച്ചാണ് അദ്ദേഹം ടീമിനെ വിജയിപ്പിച്ചത്. 19ാം ഓവറില്‍ മാജിക്കല്‍ ബൗളിങ് കാഴ്ചവയ്ക്കാന്‍ അര്‍ഷ്ദീപിനായിരുന്നു. അതിനു ശേഷം കളി ടൈയില്‍ കലാശിച്ചപ്പോള്‍ സൂപ്പര്‍ ഓവറില്‍ വെറും രണ്ടു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. ടീമിനെ ജയിച്ചിപ്പതും അര്‍ഷ്ദീപാണ്. എന്നിട്ടും തൊട്ടടുത്ത കളിയില്‍ അദ്ദേഹത്തെ തഴഞ്ഞത് കൊടും ചതിയാണ്- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ ആരാധക പ്രതികരണങ്ങള്‍.