ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുളള എല്‍ ക്ലാസിക്കോ പോരാട്ടത്തിനു വേണ്ടി ലോകം മുഴുവന്‍ കാത്തിരിക്കവെ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ പാക് ഓപ്പണര്‍ അഹമ്മദ് ഷഹ്‌സാദ്. കൂടാതെ അടുത്ത മാസം 28നു കലാശപ്പോരില്‍ ആരാവം കപ്പുയര്‍ത്തുകയെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
സപ്തംബര്‍ 14നു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ. അതിനു ശേഷം സൂപ്പര്‍ ഫോറിലും പിന്നീട് ഫൈനലിലും ഇരുടീമുകളും വീണ്ടും മുഖാമുഖം വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പാക് ടീമിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും ഇന്ത്യ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.

ജയം ആര്‍ക്കൊപ്പം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീം പാകിസ്താനേക്കാള്‍ ഒരുപാട് ദൂരം മുന്നിലേക്കു പോയിക്കഴിഞ്ഞുവെന്നാണ് അഹമ്മദ് ഷഹ്‌സാദിന്റെ നിരീക്ഷണം. പാകിസ്താനിലെ ഖേല്‍ ഷേല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴെല്ലാം വിജയസാധ്യത എല്ലായ്‌പ്പോഴും ഫിഫ്റ്റി- ഫിഫ്റ്റി ആയിരിക്കും. കാരണം ഇതു എല്ലായ്‌പ്പോഴും വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന ഗെയിമാണ്. ഈ പാകിസ്താന്‍ ടീം ഇന്ത്യക്കെതിരായ വമ്പന്‍ പോരില്‍ ജയിക്കുക മാത്രമല്ല, ഏഷ്യാ കപ്പും സ്വന്തമാക്കണം.
പാകിസ്താന്‍ ഈ ടൂര്‍ണമെന്റില്‍ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. അതു വഴി ആരാധകര്‍ക്കു സന്തോഷവും തിരികെ നല്‍കണം. ഇപ്പോള്‍ പാകിസ്താന്‍ ഫാന്‍സ് വളരെയധികം ദുഖിതരാണെന്നും ഷഹ്‌സാദ് ചൂണ്ടിക്കാട്ടി.
അതേസമയം, സമീപകാലത്തൊന്നും ഇന്ത്യന്‍ ടീമിനെതിരേ ഒരു ഫോര്‍മാറ്റിലും വിജയം കൊയ്യാന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. 2022ലാണ് ടി20യില്‍ ഇന്ത്യക്കെതിരേ അവസാനമായി അവര്‍ വിജയം കൊയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലാണ് ഇരുടീമും അവസാനം കൊമ്പുകോര്‍ത്തത്. അന്നു പാക് പടയെ ആറു റണ്‍സിനു ഇന്ത്യ മറികടക്കുകയായിരുന്നു.
തകര്‍ക്കുമെന്ന് മുന്നറിയിപ്പ്
ഏഷ്യാ കപ്പില്‍ ഇത്തവണ ഇന്ത്യക്കെതിരായ സൂപ്പര്‍ പോരില്‍ ജയിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന പിസിബിയുടെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറും മുന്‍ ഫാസ്റ്റ് ബൗളറുമായ ആക്വിബ് ജാവേദ് ദിവസങ്ങള്‍ക്കു മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടൂര്‍ണമെന്റിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ വെല്ലുവിളി.

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം തന്നെയാണ്. ഇതു എല്ലാവര്‍ക്കുമറിയാം. ഇന്ത്യയെ ഉള്‍പ്പെടെ ടൂര്‍ണമെന്റിലെ ഏതു ടീമിനെയും തോല്‍പ്പിക്കാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. ടീമിലെ എല്ലാവരു തയ്യാറായി ഇരിക്കുകയാണെന്നുമായിരുന്നു ആവേശത്തോടെയുള്ള ജാവേദിന്റെ വാക്കുകള്‍.
ദിവസങ്ങള്‍ക്കു മുമ്പാണ് ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചത്. ചില വമ്പന്‍ സര്‍പ്രൈസുകളും ടീമിലുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങളും മുന്‍ ക്യാപ്റ്റന്‍മാരുമായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും ടീമില്‍ നിന്നും തഴയപ്പെട്ടു. കൂടാതെ അപകടകാരിയായ ഫാസ്റ്റ് ബൗളര്‍ നസീം ഷായെയും അവര്‍ ടീമില്‍ നിന്നും തഴഞ്ഞു.
പാകിസ്താന്റെ ഏഷ്യാ കപ്പ് സ്‌ക്വാഡ്
സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സാഹിബ്സദ ഫര്‍ഹാന്‍, സയീം അയൂബ്, സല്‍മാന് മിര്‍സ, ഷഹീന്‍ ഷാ അഫ്രീഡി, സൂഫിയാന്‍ മോക്വിം.