ഇന്ത്യയും പാകിസ്താനും തമ്മില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി എഐ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രിയാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ നടക്കാനിരിക്കുന്നത്. ഗ്രൂപ്പ് എയിലെ ഈ പോരാട്ടത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും രണ്ടു ടീമുകളും ലക്ഷ്യമിടുന്നില്ല.
സമീപകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കും പാകിസ്താനും ഇതു അക്ഷരാര്‍ഥത്തില്‍ ഡു ഓര്‍ ഡൈ മാച്ച് തന്നെയായിരിക്കും. ഈ മല്‍സരത്തില്‍ വിജക്കൊടി നാട്ടുക സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യയാവുമോ? അതോ സല്‍മാന്‍ ആഗയുടെ പാക് പട സര്‍പ്രൈസ് വിജയം കൊയ്യുമോ? എഐയുടെ പ്രവചനത്തെ കുറിച്ചറിയാം.

നേര്‍ക്കുനേര്‍ റെക്കോര്‍ഡ്
അന്താരാഷ്ട്ര ക്രിക്കറ്റിലെ നേര്‍ക്കുനേര്‍ റെക്കോര്‍ഡ് എടുക്കുകയാണെങ്കില്‍ പാകിസ്താനെതിരേ ഇന്ത്യക്കു വ്യക്തമായ ആധിപത്യമുണ്ടെന്നു കാണാം. 2007ല്‍ മുതലുള്ള ഓവറോള്‍ ടി20 കണക്കെടുത്താല്‍ ഇരുടീമുകളും ഏറ്റുമുട്ടിയത് 13 മല്‍സരങ്ങളിലാണ്. ഇതില്‍ 10ലും ജയം ഇന്ത്യക്കായിരുന്നു. വെറും മൂന്നെണ്ണത്തിലാണ് പാക് ടീമിനു ജയിക്കാനായത്. ഇതിലൊന്നു ടൈയില്‍ കലാശിക്കുകയും സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയം പിടിച്ചെടുക്കുകയും ചെയ്തു.
ഇനി ഏഷ്യാ കപ്പിലേക്കു വന്നാല്‍ ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി 19 തവണ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തു. ഇതില്‍ 10 എണ്ണത്തില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചു. ആറെണ്ണത്തിലാണ് പാക് ടീമിനു ജയിക്കാനായത്. മൂന്നു മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
അതേസമയം, അവസാനത്തെ അഞ്ചു ടി20 മല്‍സരങ്ങളെടുത്താല്‍ പാകിസ്താനെതിരേ ഇന്ത്യന്‍ ആധിപത്യം തന്നെ കാണാന്‍ കഴിയും. അഞ്ചില്‍ നാലിലും ജയിച്ചത് ഇന്ത്യയാണ്. ഒന്നില്‍ മാത്രമേ പാക് ടീമിനു വിജയിക്കാനായിട്ടുള്ളൂ.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് (ഏകദിനം) അവസാനമായി ഇരുടീമും ശക്തി പരീക്ഷിച്ചത്. അന്നു വിരാട് കോലിയുടെ സെഞ്ച്വറിയിലേറി ആറു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.
ശ്രദ്ധിക്കേണ്ട കളിക്കാര്‍
ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തില്‍ പ്രധാനമായു ശ്രദ്ധിക്കേണ്ടത് ഇരുടീമുകളിലെയും മൂന്നു കളിക്കാരെ വീതമാണെന്നു എഐ പ്രവചിക്കുന്നു. ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ടവര്‍ യുവ സൂപ്പര്‍ താരവും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് എന്നിവരെയാണ്.
ഇതില്‍ കളിയിലെ ടോപ്‌സ്‌കോറര്‍ ഗില്ലായിരിക്കുമെന്നാണ് എഐയുടെ പ്രവചനം. 135നു മുകളില്‍ സ്‌ട്രൈക്ക്‌ററേറ്റില്‍ 60-70 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്യും. കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാന്‍ മിടുക്കനായ ബുംറയുടെ വേരിയേഷനുകള്‍ പാക് മധ്യനിരയെ നിര്‍വീര്യമാക്കും. ദുബായിലെ ടേണിങ് പിച്ചില്‍ മൂന്നിനു മുകളില്‍ വിക്കറ്റ് കുല്‍ദീപ് നേടിയേക്കുമെന്നും എഐ പ്രവചിക്കുന്നു.
അതേസമയം, പാക് നിരയില്‍ ശ്രദ്ധിക്കേണ്ടവര്‍ ഷഹീന്‍ ഷാ അഫ്രീഡി, ഫഖര്‍ സമാന്‍, സൂഫിയാന്‍ മുഖ്വീം എന്നിവരാണ്. പവര്‍പ്ലേയില്‍ ഷഹീന്റെ പ്രകടനം നിര്‍ണായകമാവും. ഇന്ത്യന്‍ മുന്‍നിരയ്ക്കു അദ്ദേഹം പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കും. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായ സൂഫിയാന്‍ മധ്യ ഓവറുകളില്‍ ഇന്ത്യയുടെ ചില നിര്‍ണായക വിക്കറ്റുകളും പിഴുതേക്കും.

വിജയമാര്‍ക്ക്?
ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ വിജയം ഇന്ത്യക്കു തന്നെയാണെന്നാണ് ഇന്ത്യയുടെ പ്രവചനം. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 15-20 റണ്‍സിനും റണ്‍ചേസാണെങ്കില്‍ 4-6 വിക്കറ്റുകള്‍ക്കുമായിരിക്കും ഇന്ത്യ ജയിച്ചുകയറുക.
ആദ്യം ബാറ്റിങെങ്കില്‍ അഞ്ചു വിക്കറ്റിനു 180 റണ്‍സാവും ഇന്ത്യ സ്‌കോര്‍ ചെയ്‌തേക്കുക. മറുപടിയില്‍ പാകിസ്താന്‍ എട്ടിന് 165നു സമാനാമായ സ്‌കോറില്‍ പരാജയം സമ്മതിക്കുകയും ചെയ്‌തേക്കുമെന്നും എഐ പ്രവചിക്കുന്നു.
കളിയിലെ ടോപ്‌സകോററാവുക ശുഭ്മന്‍ ഗില്ലാണെങ്കില്‍ (60 പ്ലസ് റണ്‍സ്), കൂടുതല്‍ വിക്കറ്റുകളെടുക്കുക കുല്‍ദീപ് യാദവോ, മുഹമ്മദ് നവാസോ (2-3 വിക്കറ്റ്) ആയിരിക്കും.