ഈ വര്‍ഷം അവസാനത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റെന്ന നിലയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനെ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പിനു അടുത്ത മാസം ഒമ്പതിനാണ് തുടക്കമാവുന്നത്. നിലവിലെ ചാപ്യന്‍മാരായ ഇന്ത്യയുള്‍പ്പെടെ എട്ടു ടീമുകള്‍ ഏഷ്യന്‍ രാജാക്കന്‍മാരാവാന്‍ പോരടിക്കുകയും ചെയ്യും.
2023ലെ അവസാന എഡിഷനില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പില്‍ ഇന്ത്യ വിജയികളായത്. ഇത്തവണ ഫോര്‍മാറ്റ് ടി20യിലേക്കു മാറുമ്പോള്‍ രോഹിത്തും മറ്റൊരു ഇതിഹാസ ബാറ്റര്‍ വിരാട് കോലിയും ടീമിലില്ല. എങ്കിലും ഈ ബിഗ് 2വിന്റെ അഭാവം നികത്താന്‍ ശേഷിയുള്ള ശക്തമായ ബാറ്റിങ് ലൈനപ്പ് ഇന്ത്യക്കുണ്ട്.
അടുത്തം മാസം 10ന് യുഎഇയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. 14നു ചിരവൈരികളായ പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ 19ന് ഒമാനെയും നേരിടും. ടി20യിലെ സ്‌പെഷ്യലിസ്റ്റുകളായ പലരും ടീം ഇന്ത്യയുടെ ഭാഗമാണ്.
ഫൈനലുള്‍പ്പെടെ പരമാവധി ഏഴു മല്‍സരങ്ങളാണ് കിരീടത്തിലേക്കു എത്താന്‍ ഇന്ത്യക്കു കളിക്കേണ്ടി വരിക. ആരാവും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരനായി മാറുക. ഇതേക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് പ്രധാനപ്പെട്ട എഐ ടൂളുകളിലൊന്നായ പെര്‍പ്ലെക്‌സിറ്റി.

റണ്‍വേട്ടക്കാരനെ അറിയാം
സമീപകാല പ്രകടനങ്ങളും കണക്കുകളും ബാറ്റിങ് പൊസിഷനുമടക്കം പല ഘടകങ്ങളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ഏഷ്യാ കപ്പിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരനെ എഐ പ്രവചിച്ചിരിക്കുന്നത്.
രണ്ടു കളിക്കാരെയാണ് സാധ്യതയില്‍ ഏറ്റവും മുന്നിലായി എഐ തിരഞ്ഞെടുത്തത്. ഒരാള്‍ ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ്. രണ്ടാമത്തെയാളാവട്ടെ വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലുമാണ്. ഇതിലൊരാളാവും ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് വാരിക്കൂട്ടുകയെന്നു എഐ പറയുന്നു.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ സൂര്യയുടെ ഫോമില്‍ ഇടയ്ക്കു വലിയൊരു ഇടിവ് സംഭവിച്ചിരുന്നു. ടി20 ടീമിന്‍െ സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷമായിരുന്നു ഇത്. എന്നാല്‍ സമാപിച്ച ഐപിഎല്ലിലൂടെ അദ്ദേഹം ഗംഭീര ഫോമിലേക്കു തിരികെയെത്തി കഴിഞ്ഞു. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനായി കഴിഞ്ഞ എഡിഷനില്‍ സ്‌കൈ പുറത്തെടുത്തത്.
16 മല്‍സരങ്ങളില്‍ നിന്നും 65.18 ശരാശരിയില്‍ 167.92 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 717 റണ്‍സാണ്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. മുമ്പൊരു ഐപിഎല്‍ സീസണുകളിലും 650ന് മുകളില്‍ റണ്‍സ് സൂര്യ നേടിയിട്ടില്ല.

2023ല്‍ മുംബൈയ്‌ക്കൊപ്പം തന്നെ നേടിയ 605 റണ്‍സെന്ന റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു. ഐപിഎല്ലിലെ ഈ മാജിക്കല്‍ നല്‍കിയ ആത്മവിശ്വാസത്തിലായിരിക്കും ഏഷ്യാ കപ്പില്‍ സൂര്യ ഇന്ത്യ കുപ്പായത്തില്‍ ഇറങ്ങുക.
അതേസമയം, ഗില്ലിന്റെ ടി20 റെക്കോര്‍ഡ് അത്ര ആശാവഹമല്ലെങ്കിലും സമീപകാലത്തു തകര്‍പ്പന്‍ ഫോമിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 754 റണ്‍സാണ്.
അതിനു മുമ്പ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും മിന്നിക്കാന്‍ ഗില്ലിനു സാധിച്ചു. ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം 15 കളിയില്‍ നിന്നും സ്‌കോര്‍ ചെയ്തത് 650 റണ്‍സാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷം ഗില്ലിനെ ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെ വിളിക്കാന്‍ പ്രേരിപ്പിച്ചതും ഈ ഫോം തന്നെയാണ്.