ദുബായ്: ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ നാളെ (ഞായര്‍) നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ മലയാളിതാരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് നിര്‍ണായക സൂചന. ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടകാണ് എവിടെയാവും അദ്ദേഹം ബാറ്റ് ചെയ്‌തേക്കുകയെന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. കോട്ടക്കിന്റെ വാക്കുകള്‍ വിലയിരുത്തുമ്പോള്‍ ഒരുപക്ഷെ ഫേവറിറ്റ് പൊസിഷനില്‍ തന്നെ സഞ്ജുവിനു കളിക്കാനായേക്കും.
യുഎഇയുമായുള്ള ആദ്യ കളിയില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ബാറ്റിങ് ഓര്‍ഡര്‍ പ്രകാരം അഞ്ചാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്യാനിരുന്നതെന്നാണ് വ്യക്തമാവുന്നത്. ഈ കളിയില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരം പൊസിഷനായ നാലിലില്‍ നിന്നും മാറി മൂന്നാം നമ്പറില്‍ കളിച്ചിരുന്നു.

സഞ്ജുവിനു സീറ്റുറപ്പ്
ഏഷ്യാ കപ്പില്‍ ജിതേഷ് ശര്‍മയ്ക്കു ഒരിക്കല്‍ക്കൂടി പുറത്തിരിക്കേണ്ടി വരുമെന്നും സഞ്ജു സാംസണ്‍ തന്നെയാവും പാകിസ്താനെതിരേയും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നു ഉറപ്പായിരിക്കുകയാണ്. അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും ഓപ്പണറായാണ് സഞ്ജു ബാറ്റ് വീശിയത്. എന്നാല്‍ ഏഷ്യാ കപ്പിലൂടെ യുവ സൂപ്പ ര്‍ താരവം ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയതോടെ അദ്ദേഹത്തിനു മധ്യനിരയിലേക്കു മാറേണ്ടി വരികയായിരുന്നു.
ഓപ്പണിങ് കൂടാതെ മറ്റൊരു ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ സഞ്ജു അടുത്ത കളിയില്‍ ബാറ്റ് ചെയ്‌തേക്കുമെന്ന സൂചനയാണ് ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക് നല്‍കിയത്. സഞ്ജു സാംസണ്‍ അഞ്ചാം നമ്പറിലോ, ആറാം നമ്പറിലോ അധികം ബാറ്റ് ചെയ്തിട്ടില്ലെന്നതു ശരിയാണ്.
പക്ഷെ അതിനര്‍ഥം അദ്ദേഹത്തിനു അവിടെ ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നല്ല. ടീമിലെ എല്ലാവര്‍ക്കും അവരവരുടെ റോളുകളറിയാം. അവസാനത്തെ കളിയില്‍ സഞ്ജു മൂന്നാമനായി ബാറ്റ് ചെയ്തില്ല. എന്നു കക കരുതി അടുത്ത കളിയിലും ഇതു തന്നെ സംഭവിക്കുമെന്നു അര്‍ഥമില്ലെന്നും കോട്ടക് പറഞ്ഞു.
പാകിസ്താനെതിരേ വണ്‍ഡൗണായി ബാറ്റിങിനെത്തിയാല്‍ തകര്‍പ്പന്‍ പ്രകടനം തന്നെ സഞ്ജുവിനു പുറത്തെടുക്കാനായേക്കും. കാരണം ഓപ്പണിങിനൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ടിട്ടുള്ളത് ഈ പൊസിഷനിലാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു ഏറ്റവുമധികം കളിച്ചതും മൂന്നാമനായിട്ടാണ്.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂടൈഗേഴ്‌സിന്റെ കുപ്പായത്തിലാണ് സഞ്ജുവിനെ അവസാനമായി ബാറ്ററായി കണ്ടത്.
കൊച്ചിക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയ അദ്ദേഹം തുടരെ നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചിരുന്നു. ഇവയിലൊന്ന് സെഞ്ച്വറിയുമായിരുന്നു (121). മൂന്നാം നമ്പറില്‍ പാക് ടീമിനെതിരേ ാബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ കെസിഎല്ലില്‍ നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങാന്‍ സഞ്ജുവിനു സാധിച്ചേക്കും.

അര്‍ഷ്ദീപ് തിരിച്ചെത്തുമോ?
ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് പാകിസതാനുമായുള്ള അടുത്ത പോരാട്ടത്തില്‍ തിരിച്ചെത്തുമോയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. യുഎഇക്കെതിരായ മല്‍സരത്തില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. ജസ്പ്രീത് ബുംറയെ ഏക സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറാക്കിയുള്ള ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. ബാറ്റിങില്‍ കൂടുതല്‍ ആഴം നല്‍കുന്നതിനു വേണ്ടിയായിരുന്നു ഇത്.
ബുംറയ്ക്കു പേസാക്രമണത്തിന്റെ ചുമതല നല്‍കി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ സ്പിന്‍ വിഭാഗത്തില്‍ ഒരുമിച്ച് ഇറക്കുകയും ചെയ്തു. എന്നാല്‍ പാകിസ്താനെതിരേ അര്‍ഷ്ദീപിന്റെ സാന്നിധ്യം ടീമിനു ആവശ്യമായി വന്നേക്കും. ടി20യില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ബൗളറാണ് അദ്ദേഹം. അര്‍ഷ്ദീപ് മടങ്ങിയെത്തിയാല്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കാവും ടീമിനു പുറത്തു പോവേണ്ടി വന്നേക്കുക.