ദുബായ്: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയുടെ ആദ്യത്തെ ചാലഞ്ച് ഇന്നു നടക്കാനിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു ആരംഭിക്കുന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. നിലവിലെ ജേതാക്കളെന്ന തലയെടുപ്പോടെയാണി സൂര്യകുമാര്‍ യാദവും സംഘവും ഇവിടെയെത്തിയിരിക്കുന്നത്.
രണ്ടാമങ്കം ചിരവൈരികളായ പാകിസ്താനെതിരേ ആയതിനാല്‍ യുഎഇയെ തകര്‍ത്തെറിഞ്ഞ് ശക്തമായ തയ്യാറെടുപ്പാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനു യുഎഇയേക്കാള്‍ നല്ലൊരു എതിരാളികളെ ഇന്ത്യക്കു കിട്ടാനുമിടയില്ല. കാരണം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ കാര്യത്തിലും ബഹുദൂരം പിറകിലാണ് യുഎഇ ടീം.
പക്ഷെ അവരെ തീര്‍ത്തും നിസാരമായി തള്ളാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. 2007ല്‍ ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയ കോച്ച് ലാല്‍ചന്ദ് രാജ്പുതാണ് അവര്‍ക്കു തന്ത്രങ്ങളൊരുക്കുന്നത്. സമീപകാലത്തു സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരെയെല്ലാം യുഎഇ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്.
അവയില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ടായിരിക്കും ഇന്ത്യക്കെതിരേ യുഎഇ ഇറങ്ങുക. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ എത്ര റണ്‍സ് നേടിയാല്‍ ഇന്ത്യയെ ഞെട്ടിക്കാന്‍ അവര്‍ക്കു സാധിക്കുമെന്നു നോക്കാം.

എത്ര റണ്ണെടുക്കണം?
അതിശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യയെ റണ്‍ചേസില്‍ വീഴ്ത്തുകയെന്നതു മുഹമ്മദ് വസീം നയിക്കുന്ന യുഎഇ ടീമിനു അസാധ്യമായിരിക്കും. അതിനാല്‍ അട്ടിമറി കുറിക്കണമെങ്കില്‍ അവര്‍ക്കു മുന്നിലുള്ള വഴി ആദ്യം ബാറ്റിങ് മാത്രമാണ്. വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിച്ചാല്‍ ഇന്ത്യക്കു മേല്‍ മാനസികമായ മുന്‍തൂക്കം നേടാന്‍വ അവരെ സഹായിക്കുകയും ചെയ്യും.
ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റിങാണ് ലഭിക്കുന്നതെങ്കില്‍ 212നു മുകളില്‍ ടോട്ടലായിരിക്കണം യുഎഇ ടീം ലക്ഷ്യം വയ്‌ക്കേണ്ടത്. കാരണം 213 റണ്‍സ് ഒരിക്കലും ഈ വേദിയില്‍ വിജയകരമായി ചേസ് ചെയ്യപ്പെട്ടിട്ടില്ല. 212 റണ്‍സാണ് ഇവിടെ ചേസ് ചെയ്യപ്പെട്ട ഏറ്റവുമുയര്‍ന്ന സ്‌കോര്‍. ഇതാവട്ടെ ഇന്ത്യയുടെ പേരിലുമാണ്.
2022ലെ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലാണ് അഫ്ഗാനിസ്താനെിരേ 212 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം വെറും രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നത്. ഇതിഹാസ താരം വിരാട് കോലി ഓപ്പറായി ഇറങ്ങി നേടിയ 122 റണ്‍സാണ് അന്നു ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. അന്നു അഫ്ഗാന്‍ ടീം നടത്തിയതു പോലെയൊരു ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായാല്‍ ഇന്ത്യയെ വിറപ്പിക്കാന്‍ യുഎഇ ടീമിനു സാധിച്ചേക്കും.
ടി20യില്‍ 200 പ്ലസ് റണ്‍സ് ടോട്ടലെന്നത് യുഎഇയെ സംബന്ധിച്ച് അസാധ്യമായിട്ടുള്ള ഒരു കാര്യമല്ല. ഇതിനകം ടി20യില്‍ അഞ്ചു തവണ 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

യുഎഇയുടെ ടി20യിലെ ഓള്‍ടൈം റെക്കോര്‍ഡ് ടോട്ടല്‍ 245 റണ്‍സാണ്. കഴിഞ്ഞ വര്‍ഷം നമീബിയക്കെതിരേയാണ് വെറും രണ്ടു വിക്കറ്റിനു ഇത്രയും വലിയ ടോട്ടല്‍ അവര്‍ അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം തന്നെ ബഹ്‌റയ്‌നിനെതിരേ ആറു വിക്കറ്റിനു 236 റണ്‍സും പടുത്തുയര്‍ത്താന്‍ അഫ്ഗാന് സാധിച്ചിരുന്നു.
ഈ രണ്ടു കൂറ്റന്‍ സ്‌കോറുകള്‍ മാറ്റി നിര്‍ത്തിയാല്‍ മൂന്നു തവണ കൂടി യുഎഇ ടി20യില്‍ 200ന് മുകളില്‍ കുറിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരേ ഈ വര്‍ഷം എട്ടു വിക്കറ്റിനു 206 റണ്‍സാണ് അവര്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ഖത്തറിനെതിരേ മൂന്നു വിക്കറ്റിനു 206 റണ്‍സും ഒമാനെതിരേ നാലു വിക്കറ്റിനു 204 റണ്‍സും യുഎഇ നേടിയിരുന്നു. 20 പ്ലസ് റണ്‍സ് കുറിച്ച മല്‍സരങ്ങളിലെല്ലാം വിജയം കൊയ്യാനും അവര്‍ക്കായിരുന്നു.