ദുബായ്: ഇന്ത്യന്‍ ടി20 ക്യാപ്റ്റനായതോടെ സൂര്യകുമാര്‍ യാദവിന് ഇതെന്തു പറ്റി? ബാറ്ററെന്ന നിലയില്‍ ഫോമില്ലാതെ വലയുന്ന അദ്ദേഹം വീണ്ടുമൊരിക്കല്‍ക്കൂടി ഫ്‌ളോപ്പായിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായുള്ള അവസാന സൂപ്പര്‍ ഓവര്‍ മാച്ചിലാണ് സ്‌കൈ തീര്‍ത്തും നിരാശപ്പെടുത്തിയത്.
അഭിഷേക് ശര്‍മ ക്രീസിന്റെ മറുവശത്ത് ബാറ്റിങില്‍ സംഹാര താണ്ഡവമാടിയപ്പോള്‍ സൂര്യ ടെസ്റ്റ് ശൈലിയിലുള്ള ഇന്നിങ്‌സുമായി തപ്പിത്തടഞ്ഞു. ഒടുവില്‍ 13 ബോളില്‍ 12 റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ടു. ഒരേയൊരു ഫോര്‍ മാത്രമേ ക്യാപ്റ്റന്റെ ഇന്നിങ്‌സിലുണ്ടായുള്ളൂ. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് സൂര്യ നേരിട്ടുകൊണ്ടിരിക്കുന്നത്.

സൂര്യയെക്കൊണ്ട് ഒന്നേ പറ്റൂ
ഇന്ത്യന്‍ ടി20 ക്യാപ്റ്റന്റെ ചുമതലയേറ്റെടുത്തതോടെ സൂര്യകുമാര്‍ യാദവെന്ന ബാറ്ററെ ടീമിനു നഷ്ടമായെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങും നിര്‍വഹിക്കാന്‍ ശേഷിയുള്ള ശ്രേയസ് അയ്യരെ തിരിച്ചുവിളിക്കൂയെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
'സൂര്യകുമാര്‍ യാദവിനെക്കൊണ്ടു ഡബിള്‍ റോള്‍ പറ്റില്ല. ഒന്നുകില്‍ ക്യാപ്റ്റന്‍സി, അല്ലെങ്കില്‍ ബാറ്റിങ്. ഇവയിലൊന്നു മാത്രമേ അദ്ദേഹത്തിനു ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയൂ. ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോറിലെ ഇന്നിങ്‌സും ഇതു ശരി വയ്ക്കുകയാണ്. ശ്രേയസ് അയ്യരെപ്പോലെ രണ്ടു റോളും നിര്‍വഹിക്കാന്‍ സാധിക്കുന്നവരെയാണ് ടി20 ക്യാപ്റ്റനായി ടീമിനു ആവശ്യം'.
'ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായതു കൊണ്ടു മാത്രം ഇലവനിലുള്ള താരമായി സൂര്യകുമാര്‍ യാദവ് മാറിയിരിക്കുകയാണ്. നായകസ്ഥാനം ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം വളരെ മുമ്പ് തന്നെ ടീമിനു പുറത്തായേനെ. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ സൂര്യയുടെ ദയനീയ ഫോം ടീമിനു തീര്‍ച്ചയായും തലവേദനയാണ്. ബാറ്ററെന്ന നിലയില്‍ അദ്ദേഹം എത്രയും വേഗം ഫോമിലേക്കു തിരിച്ചെത്തിയില്ലെങ്കില്‍ ഭയക്കണം'.
'ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച 13 ടി20 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും സൂര്യകുമാര്‍ യാദവ് നേടിയിട്ടില്ല. അതു മാത്രമല്ല, ഇവയില്‍ 12 ഇന്നിങ്‌സുകളിലാവട്ടെ 15 റണ്‍സ് പോലും അദ്ദേഹമെത്തിയില്ല. സൂര്യയെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ട സമയമായിരിക്കുകയാണ്. ബാറ്റിങില്‍ മാത്രം അദ്ദേഹത്തെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കൂ'.

'ടി20യില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ബാധ്യതയായി സൂര്യകുമാര്‍ യാദവ് മാറിയിരിക്കുകയാണ്. രോഹിത് ശര്‍മയില്‍ നിന്നും നായകസ്ഥാനമേറ്റെുത്ത ശേഷം അദ്ദേഹം ബാറ്റിങ് മറന്ന മട്ടാണ്. ഉടന്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ അടുത്ത ടി20 ലോകകപ്പില്‍ ടീമിനെ നയിക്കാന്‍ സൂര്യയെ കണ്ടേക്കില്ല. പകരം ശുഭ്മന്‍ ഗില്ലായിരിക്കും ടീമിനെ നയിച്ചേക്കുക'- ഇങ്ങനെ പോവുന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതികരണങ്ങള്‍.
പ്ലെയിങ് 11
ഇന്ത്യ-അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
ശ്രീലങ്ക- പതും നിസ്സങ്ക, കുശല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര.