ഈ വര്‍ഷം ഇന്ത്യന്‍ ടീം കളിക്കുന്ന അവസാനത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് അടുത്ത മാസം യുഎഇ വേദിയാവുന്ന ഏഷ്യാ കപ്പ്. സൂര്യകുമാര്‍ യാദവിനു കീഴില്‍ വളരെ അഗ്രസീവായ ഒരു യുവനിരയെ അണിനിരയെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഇന്ത്യക്കു ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന ദൗത്യം കൂടിയുണ്ട്.
അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ചൊവ്വാഴ്ച ടീമിനെ പുറത്തു വിടുമെന്നാണ് വിവരം. ഐപിഎഎല്ലിന്റെ വരവോടെ ടി20 ഫോര്‍മാറ്റില്‍ പുതിയ കളിക്കാരുടെ ഒഴുക്ക് തന്നെ നമുക്കു കാണാന്‍ സാധിക്കും. അതിനാല്‍ തന്നെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ഫൈനല്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കാന്‍ സെലക്ടമാര്‍ക്കു തല പുകയ്‌ക്കേണ്ടിയും വരും.
ഒന്നിലേറെ ടീമുകളെ ഒരേ സമയത്തു അണിനിരത്താനുള്ള താരസമ്പത്ത് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ട്. ഏഷ്യാ കപ്പിനായി മൂന്നു വ്യത്യസ്ത ടീമുകളെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആര്‍ക്കെല്ലാം സ്ഥാനം ലഭിക്കുകയെന്നു നോക്കാം. ഇതില്‍ ഏതാണ് ബെസ്റ്റന്നു നിങ്ങള്‍ക്കു തീരുമാനിക്കുകയും ചെയ്യാം.

സൂര്യയുടെ ടീം
നിലവിലെ ടി20 ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവിനു കീഴിലുള്ള ഇന്ത്യന്‍ ടീമാണ് ആദ്യത്തേത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ ഇടം പിടിച്ചേക്കാവുന്ന ഭൂരിഭാഗം പേരെയും ഈ സംഘത്തില്‍ നമുക്കു കാണാം. സൂര്യ നയിക്കുന്ന ഈ ടീമിന്റെ ഓപ്പണിങ് ജോടികള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും വെടിക്കെട്ട് ബാറ്ററായ അഭിഷേക് ശര്‍മയുമാണ്.
ടി20യില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളായി ഇവര്‍ മാറിക്കഴിഞ്ഞു. അവസാനത്തെ മൂന്നു പരമ്പരകളിലും ഈ ജോടിയാണ് ഓപ്പണിങില്‍ ഇറങ്ങിയത്. ഇവര്‍ക്കു ശേഷം മൂന്നാമനായി ബാറ്റ് ചെയ്യുക നിലവില്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമല്ലാത്ത റുതുരാജ് ഗെയ്ക്വാദാണ്. അതിനു ശേഷം നാലാമനായി ക്യാപ്റ്റന്‍ സൂര്യ തന്നെ കളിക്കും.
അഞ്ചാം നമ്പറിലുള്ളത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. തുടര്‍ന്ന് വെടിക്കെട്ട് ബാറ്റര്‍ ശിവം ദുബെയും ഫിനിഷര്‍ റിങ്കു സിങും കളിക്കാനിറങ്ങും. സ്പിന്‍ ബൗളിങ് ഓറൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് എട്ടാം നമ്പറിലുള്ളത്. കുല്‍ദീപ് യാദവാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസര്‍മാരായി ജസ്പ്രീത് ബുംറയും ഖലീല്‍ അഹമ്മദും ടീമിന്റെ ഭാഗമാവുകയും ചെയ്തു.
ഹാര്‍ദിക്കിന്റെ ടീം
ഇന്ത്യയുടെ രണ്ടാമത്തെ ടീമിനെ നയിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. നേരത്തേ ടി20യില്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനാവാനിരുന്നത് അദ്ദേഹമായിരുന്നു. പക്ഷെ ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതോടെ ഹാര്‍ദിക്കിനെ നേതൃസംഘത്തില്‍ നിന്നും മാറ്റുകയായിരുന്നു. പകരം സൂര്യകുമാര്‍ യാദവിനെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.
ഇനി ഹാര്‍ദിക്കിന്റെ ഇന്ത്യന്‍ സ്‌ക്വാഡിലേക്കു വരികയാണെങ്കില്‍ ഓപ്പണിങ് ജോടികള്‍ യശസ്വി ജയ്‌സാളും കെഎല്‍ രാഹുലുമാണ്. ജയ്‌സ്വാളിനു ഏഷ്യാ കപ്പില്‍ സ്ഥാനം ലഭിക്കുമോയെന്നതു ഇപ്പോഴും സംശയമാണ്. രാഹുലാവട്ടെ ഇപ്പോള്‍ ടി20 പ്ലാനുകളുടെ ഭാഗവുമല്ല.
മൂന്നാംനമ്പറില്‍ തിലക് വര്‍മ കളിക്കുമ്പോള്‍ നാലാമന്‍ റിഷഭ് പന്താണ്. അഞ്ചാമനായി ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ ഊഴമായിരിക്കും. തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലുണ്ട്. ശശാങ്ക് സിങും ക്രുനാല്‍ പാണ്ഡ്യയുമാണ് ഫിനിഷര്‍മാര്‍. രവി ബിഷ്‌നോയ് സപെഷ്യലിസ്റ്റ് സ്പിന്നറായപ്പോള്‍ പേസ് നിരയില്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമുണ്ട്.

ഗില്ലിന്റെ ടീം
യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയുടെ മൂന്നാത്തെ ടീമിന്റെ ക്യാപ്്റ്റന്‍. അദ്ദേഹത്തിനൊപ്പം സായ് സുദര്‍ശന്‍ ഈ ടീമിനായി ഓപ്പണിങില്‍ കളിക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിങ് ജോടികള്‍ കൂടിയാണിവര്‍. മൂന്നാം നമ്പറില്‍ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരുണ്ട്.
നാലാമനായി കളിക്കുക രജത് പാട്ടിധാറും അഞ്ചാമന്‍ റിയാന്‍ പരാഗുമാണ്. രണ്ടു പേരും ഇപ്പോള്‍ സീനിയര്‍ ടീമിന്റെ ഭാഗമല്ല. ആറാമന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. ഏഴാമനായി ഫിനിഷറുടെ റോളില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുണ്ട്.
തുടര്‍ന്ന് സായ് കിഷോറാണ് ടീമിലുള്ളത്. മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെയും ഈ ടീമില്‍ കാണാന്‍ സാധിക്കും. അതിനു ശേഷം പേസ് ബൗളിങിന്റെ ചുമതല അര്‍ഷ്ദീപ് സിങിനാണ്. ഹര്‍ഷിത് റാണയാണ് ഇലവനിലെ മറ്റൊരു പേസര്‍.