ദുബായ്: ഏഷ്യാ കപ്പിന്റെ ഡബിള്‍ ഹെഡ്ഡര്‍ ദിനത്തിലെ ആദ്യ മല്‍സരത്തില്‍ ഒമാനെതിരേ യുഎഇയ്ക്കു തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയില്‍ അസോസിയേറ്റ് ടീമുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ യുഎഇ സൂപ്പര്‍ ഫോര്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ തുടരെ രണ്ടാം തോല്‍വിയോടെ ഒമാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
യുഎഇയുടെ വിജയം ഇന്ത്യയെ സൂപ്പര്‍ ഫോറിലും എത്തിച്ചിരിക്കുകയാണ്. ഒരു മ്ല്‍സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യ അടുത്ത റൗണ്ടില്‍ കടന്നിരിക്കുന്നത്. പാകിസ്താനും യുഎഇയും തമ്മിലുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തിലെ ടീമായിരിക്കും ഗ്രൂപ്പില്‍ നിന്നും ഇന്ത്യക്കു പിറകെ സൂപ്പര്‍ ഫോറിലെത്തുന്ന അടുത്ത ടീം. തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്യും.
മറ്റൊരു മല്‍സരത്തില്‍ കരുത്തായ ശ്രീലങ്കയെ വിറപ്പിച്ച് കീഴടങ്ങിയിരിക്കുകയാണ് അസോസിയേറ്റ് ടീമായ ഹോങ്കോങ്. ഗ്രൂപ്പ് ബിയിലെ ത്രില്ലിങ് മാച്ചില്‍ നാലുവിക്കറ്റിന്റെ വിജയമാണ് ലങ്കന്‍ ടീം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ലങ്കന്‍ ടീം സൂപ്പര്‍ ഫോറിനു തൊട്ടിരികെയുമെത്തി.

കരുത്തുകാട്ടി യുഎഇ
ഇന്ത്യയുമായുള്ള ആദ്യ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ യുഎഇയുടെ ശക്തമായ തിരിച്ചുവരവാണ് ഒമാനെതിരേ കണ്ടത്. അബുദാബിയില്‍ നടന്ന മല്‍സരത്തില്‍ ടോസിനു ശേഷം ഒമാന്‍ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബാറ്റിങ് പുറത്തെടുത്ത യുഎഇ അഞ്ചു വിക്കറ്റിനു 172 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മുഹമ്മദ് വസീം (69), അലിഷാന്‍ ഷറഫു (51) എന്നിവരുടെ ഫിഫ്റ്റികളാണ് യുഎഇയെ വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോറിലെത്തിച്ചത്. 54 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് വസീമിന്റെ ഇന്നിങ്‌സ്.
ഷറഫു 38 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു. ആദ്യ വിക്കറ്റില്‍ വസീം- ഷറഫു ജോടി 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ യുഎഇ കളിയില്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു.
മറുപടിയില്‍ പൊരുതാന്‍ പോലുമാവാതെയാണ് ഒമാന്‍ കീഴടങ്ങിയത്. 18.4 ഓവറില്‍ 130 റണ്‍സിനു അവര്‍ കൂടാരം കയറുകയായിരുന്നു. ഒമാന്‍ ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ക്കു പോലും 25 റണ്‍സ് തികയ്ക്കാനായില്ല. ലോവര്‍ ഓര്‍ഡറില്‍ 24 റണ്‍സെടുത്ത ആര്യന്‍ ബിഷ്താണ് ഒമാന്റെ ടോപ്‌സ്‌കോറര്‍. നാലു വിക്കറ്റുകളെടുത്ത ജുനൈദ് സിദ്ധിഖാണ് ഒമാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
ലങ്ക രക്ഷപ്പെട്ടു
ഗൂപ്പ് ബി മല്‍സരത്തില്‍ ഹോങ്കോങിനെതിരേ അട്ടിമറി തോല്‍വിയില്‍ നിന്നും കഷ്ടിച്ചാണ് ശ്രീലങ്ക രക്ഷപ്പെട്ടത്. 150 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും 18.5 ഓവറില്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തല്‍ വിജയത്തിലെത്തുകയായിരുന്നു.
ഓപ്പണ്‍ പതും നിസങ്കയുടെ (68) ഫിഫ്റ്റിയാണ് ലങ്കന്‍ വിജയത്തിനു അടിത്തറയിട്ടത്. 44 ബോളില്‍ ആറു സിക്‌സറും രണ്ടു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മൂന്നിന് 119ല്‍ നിന്നും ആറിനു 127ലേക്കു വീണ ലങ്ക പരാജയം മണത്തെങ്കിലും വനിന്ദു ഹസരംഗ (9 ബോളില്‍ 20*) ലങ്കയെ വിജയത്തിലെത്തിച്ചു.

ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ട ഹോങ്കോങ് നാലു വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് 149 റണ്‍സെന്ന ടോട്ടലിലെത്തിയത്. നാലാം നമ്പറില്‍ കളിച്ച നിസാഖാത്ത് ഖാന്റെ (52*) അപരാജിത ഫിഫ്റ്റിയാണ് ഹോങ്കോങിനു കരുത്തായത്.
38 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓപ്പണര്‍ അന്‍ഷുമാന്‍ റാത്ത് (48), സീഷാന്‍ അലി (23) എന്നിവരും ടീം ടോട്ടലിലേക്കു മോശമല്ലാത്ത സംഭാവനകള്‍ നല്‍കി.
നേരത്തേ അബുദാബിയില്‍ നടന്ന ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ചരിത് അസലെങ്കയുടെ ലങ്കന്‍ ടീം. കാര്യമായി വിയര്‍ക്കാതെയാണ് ബംഗ്ലാ കടുവകളെ അവര്‍ വിരട്ടിയോടിച്ചത്.
മറുഭാഗത്തു ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ഹോങ്കോഭ് അട്ടിമറി വിജയത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനായിരിക്കും ശ്രമിക്കുക. ഉദ്ഘാടന മല്‍സരത്തില്‍ അഫ്ഗാനിസ്താനോടു 94 റണ്‍സിന്റെ കനത്ത തോല്‍വിയുമായാണ് ഹോങ്കോങിന്റെ തുടക്കം. രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനോടു ഏഴു വിക്കറ്റിനും അവര്‍ കീഴടങ്ങുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ശ്രീലങ്ക- പതും നിസ്സങ്ക, കുശല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍, കാമില്‍ മിഷാര, കുശല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.
ഹോങ്കോങ്- സീഷാന്‍ അലി (വിക്കറ്റ് കീപ്പര്‍), അന്‍ഷുമാന്‍ റാത്ത്, ബാബര്‍ ഹയാത്ത്, നിസാഖാത്ത് ഖാന്‍, ഷാഹിദ് വാസിഫ്, കിഞ്ചിത് ഷാ, യാസിംം മുര്‍ത്തസ (ക്യാപ്റ്റന്‍), ഐസാസ് ഖാന്‍, ആയുശ് ശുക്ല, എഹ്സാന്‍ ഖാന്‍, അതീഖ് ഇഖ്ബാല്‍.