ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ കസറിയതോടെ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ ടി20യിലേക്കുള്ള തിരിച്ചുവരവിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലൂടെഅദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും ഗില്ലിനു ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷെ ടി20 ടീമിന്റെ ഓപ്പണിങ് റോള്‍ ലഭിക്കുകയെന്നത് അദ്ദേഹത്തിനു എളുപ്പമായിരിക്കില്ല. ഈ സ്ഥാനത്തിനായി പോരടിച്ച് രണ്ടു പേര്‍ മല്‍സരരംഗത്തുണ്ട്. അതുകൊണ്ടു തന്നെ ഓപ്പണിങ് കോമ്പിനേഷന്‍ തീരുമാനിക്കുകയെന്നത് കോച്ച് ഗൗതം ഗംഭീറിനു ഏറെ ദുഷ്‌കരം തന്നെയായിരിക്കും.

ജയ്‌സ്വാളിനു സീറ്റുറപ്പ്
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് റോളുലേക്കു യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20 ഫോര്‍മാറ്റില്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹം. ഈ ഫോര്‍മാറ്റിനു ഏറ്റവും യോജിച്ച ബാറ്റിങ് ശൈലിയാണ് ജയ്‌സ്വാളിന്റേത്.
അതുകൊണ്ടു തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തി ഒരു പരീക്ഷണത്തിനു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുകയും ചെയ്‌തേക്കില്ല. അവസാനമായി ഇന്ത്യ കളിച്ച മൂന്നു ടി20 പരമ്പരകളിലും ജയ്‌സ്വാള്‍ ഉള്‍പ്പെട്ടിരുന്നില്ല. ടെസ്റ്റ്, ഏകദിന മല്‍സരങ്ങളുടെ തിരക്കുകള്‍കാരണമായിരുന്നു ഇത്.
എന്നാല്‍ ഏഷ്യാ കപ്പില്‍ ഓപ്പണിങ് റോളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാണെന്നു തന്നെ പറയേണ്ടി വരും.കഴിഞ്ഞ ഐപില്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ജയ്‌സ്വാള്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. 160 സ്‌ട്രൈക്ക് റേറ്റില്‍ 559 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
ഓപ്പണിങ് പങ്കാളിയാര്?
യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി ഏഷ്യാ കപ്പില്‍ ആരെ കളിപ്പിക്കുമെന്നതായിരിക്കും ഇന്ത്യക്കു മുന്നിലുള്ള പ്രധാന ചോദ്യം. ശുഭ്മന്‍ ഗില്ലിനു ഏകപക്ഷീയമായി ഈ റോളില്‍ ടീമിലേക്കു കയറാന്‍ കഴിയില്ല. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍, ടി20യിലെ പുതിയ നമ്പര്‍ വണ്‍ താരവും വെടിക്കെട്ട് ബാറ്ററുമായ അഭിഷേക് ശര്‍മ എന്നിവര്‍ അദ്ദേഹത്തിനു ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു.

നേരത്തേ മോശം സ്‌ട്രൈക്ക് റേറ്റിനെ തുടര്‍ന്നു ടി20ക്കു യോജിക്കാത്ത ബാറ്ററെന്നു ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ഗില്‍. അദ്ദേഹം ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടാനുള്ള പ്രധാന കാരണവും ഇതായിരുന്നു. പക്ഷെ ഇപ്പോള്‍ ഗില്‍ ഏറെ മെച്ചപ്പെടുകയും കൂടുതല്‍ അഗ്രസീവാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് കുപ്പായത്തില്‍ അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തു. 155നു മുകളില്‍ സ്‌ട്രൈക്ക്‌റേറ്റില്‍ 650 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. അതിനാല്‍ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഇനി ഗില്ലിനെ മാറ്റി നിര്‍ത്താനും സാധിക്കില്ല.
അതേസമയം, അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ സഞ്ജുവും അഭിഷേകുമായിരുന്നു. അഗ്രസീവ് ബാറ്റിങിലൂടെ ഈ സഖ്യം ക്ലിക്കാവുകയും ഗംഭീറിന്റെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തു. ഈ പരമ്പരകളിായി മൂന്നു സെഞ്ച്വറികളാണ് സഞ്ജു വാരിക്കൂട്ടിയത്. ഈ പ്രകടനത്തോടെ അദ്ദേഹം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം കൂടി ഭദ്രമാക്കിയിരിക്കുകയാണ്.
ഓപ്പണറായി അഭിഷേകിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ചും ഇംഗ്ലണ്ടുമായുള്ള അവസാന പരമ്പരയില്‍ തീപ്പൊരി സെഞ്ച്വറിയടക്കം അദ്ദേഹം കുറിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ അഭിഷേകിനെ ഒന്നാമനാക്കിയത്. അതിനാല്‍ സഞ്ജു, അഭിഷേക് ഇതില്‍ ആരെ മാറ്റി നിര്‍ത്തി ഗില്ലിനെ കളിപ്പിക്കുമെന്നത് ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കും.