ദുബായ്: ഏഷ്യാ കപ്പില്‍ വമ്പന്‍ ജയത്തോടെ തുടങ്ങാനുള്ള അവസാനവട്ട പടയൊരുക്കത്തിലാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യയുടെ ആദ്യ അങ്കം ബുധനാഴ്ച ആതിഥേയരായ യുഎഇയുമായിട്ടാണ്. വലിയൊരു മാര്‍ജിനിലുള്ള ജയത്തോടെ വളരെ ആധികാരികമായി ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
ശക്തമായ ഇലവനെ തന്നെ ഈ കളിയില്‍ ഇന്ത്യ അണിനിരത്തുമെന്നുറപ്പാണ്. കാര്യമായ പരീക്ഷണങ്ങള്‍ക്കൊന്നും ഇന്ത്യ മുതിര്‍ന്നേക്കുകയുമില്ല. യുഎഇക്കെതിരേ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നേക്കുക ആര്‍ക്കെല്ലാമായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

ബെഞ്ചിലിരിക്കുക ഇവര്‍
യുഎഇയുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ ഇടം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നേക്കുക മലയാളി സൂപ്പര്‍ താരും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍, ഓള്‍ൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ ശിവം ദുബെ, സ്റ്റാര്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ്, യുവ പേസര്‍ ഹര്‍ഷിത് റാണ എന്നിവര്‍ക്കായിരിക്കുമെന്നാണ് സൂചനകള്‍.
ഇവരാണ് വാട്ടര്‍ബോയ്‌സ് ആവുകയെങ്കില്‍ ഇക്കൂട്ടത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍ സഞ്ജു തന്നെയായിരിക്കും. കാരണം അത്രയും മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. അവസാനത്തെ മൂന്നു ടി20 പരമ്പരകകളിലു ഓപ്പണറായി ഇറങ്ങിയ അദ്ദേഹം മൂന്നു സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.
കൂടാതെ അവസാനം കളിച്ച കേരളാ ക്രിക്കറ്റ് ലീഗിലും തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. ഓപ്പണറായി തുടര്‍ച്ചയായി നാലു കളികളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇതിലൊന്നു സെഞ്ച്വറിയിലെത്തുകയും ചെയ്തു. എന്നിട്ടും സഞ്ജു തഴയപ്പെടുകയാണെങ്കില്‍ അകു വലിയ അനീതി തന്നെയായിരിക്കും.
ടീമിന്റെ ആദ്യദിനത്തിലെ പരിശീലന സെഷന്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ജിതേഷ് ശര്‍മയ്ക്കാവും വിക്കറ്റ് കീപ്പിങ് ചുമതലയെന്നാണ്. കാരണം നെറ്റ്‌സില്‍ വിക്കറ്റ് കീപ്പിങില്‍ പരിശീലനത്തിലേര്‍പ്പെട്ടത് അദ്ദേഹം മാത്രമാണ്. സഞ്ജു ബാറ്റിങ്, ഫീല്‍ഡിങ് പരിശീനങ്ങള്‍ മാത്രമേ നടത്തിയുള്ളൂ.
ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയതാണ് സഞ്ജുവിന്റെ ഓപ്പണിങ് റോള്‍ തെറിക്കുന്നതിലേക്കു ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്ലായിരിക്കും ഫസ്റ്റ് ചോയ്‌സ് ഓപ്പണറെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മൂന്നാം നമ്പറില്‍ നിന്നും ഓള്‍റൗണ്ടറും ലോക രണ്ടാം നമ്പര്‍ ബാറ്ററുമായ തിലക് വര്‍മയെ മാറ്റാനും ടീം മാനേജ്‌മെന്റിനു താല്‍പ്പര്യമില്ല.
അതിനാല്‍ അഞ്ച്-ഏഴ് വരെയാണ് സഞ്ജുവിനു മുന്നിലുള്ള ഓപ്ഷനുകള്‍. പക്ഷെ ഈ സ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഒട്ടും തന്നെ ആശാവഹമല്ല. അതിനാല്‍ ഈ റോളില്‍ കൂടുതല്‍ അനുയോജ്യനായ തിലക് വര്‍മയ്ക്കാവും യുഎഇക്കെതിരേ കീപ്പറായി നറുക്കുവീഴുക. ഇതോടെ സഞ്ജു ബെഞ്ചിലാവുകയും ചെയ്യും.

ദുബെയ്ക്കു പകരം മധ്യനിരയിലേക്കു റിങ്കു സിങിനാവും ആദ്യ കളിയില്‍ നറുക്കുവീഴുക. അടുത്തിടെ നടന്ന യുപി ലീഗില്‍ സെഞ്ച്വറിയടക്കം നേടി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. അതിനാല്‍ ദുബെയെ പുറത്തിരുത്തി റുങ്കുവിനെ കളിപ്പിക്കാനാവും ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍.
ബൗളിങിലേക്കു വരികയാണെങ്കില്‍ നിലിവിലെ ഫോമില്‍ ഫസ്റ്റ് ചോയ്‌സ് സ്പിന്നറായി കുല്‍ദീപിനേക്കാള്‍ അപകടകാരി വരുണ്‍ ചക്രവര്‍ത്തിയാണ്. അതിനാല്‍ ഇലവനിലേക്കു മുന്‍തൂക്കവും അദ്ദേഹത്തിനായിരിക്കും. പേസ് നിരയില്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമുള്ളപ്പോള്‍ ഹര്‍ഷിത്തിനെ ഇന്ത്യക്കു ആവശ്യമില്ല. അതിനാല്‍ യുഎഇക്കെതിരേ അദ്ദേഹവും പുറത്തിരിക്കും.