ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടോപ്പ് ഫൈവിനെക്കുറിച്ച് കോച്ച് ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും നിര്‍ണായക തീരുമാനമെടുത്തതായി സൂചനകള്‍. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ടീമില്‍ അവര്‍ സ്ഥാനം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
അടുത്ത ചൊവ്വാഴ്ച യുഎഇയുമായി ആദ്യ അങ്കത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഈ മല്‍സരത്തില്‍ ആരൊക്കയാവും പ്ലെയിങ് ഇലവനിലുണ്ടാവുകയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇറക്കി വലിയ മാര്‍ജിനിലുള്ള ജയവുമായി ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ടോപ്പ് ഫൈവില്‍ ആരെല്ലാം?
ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷം യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ കുപ്പായത്തില്‍ ഏഷ്യാ കപ്പ് ടീമിലേക്കു മടങ്ങിയെത്തിയതാണ് യഥാര്‍ഥത്തില്‍ തലവേദനയായിരിക്കുന്നത്. അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നതു അസാധ്യമായതിനാല്‍ ചില അഴിച്ചുപണികള്‍ അനിവാര്യമായി മാറിയിരിക്കുകയാണ്.
ഏഷ്യാ കപ്പില്‍ ഗില്ലിനോടൊപ്പം ലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ചില അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അങ്കിത്64 എന്ന പേരിലുള്ള യൂസറാണ് ഇക്കാര്യം എക്‌സില്‍ കുറിച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിച്ചെന്നും മൂന്നാം നമ്പറിലാവും ബാറ്റ് ചെയ്യുകയെന്നും ഇതില്‍ പറയുന്നു.
ഗൗതം ഗംഭീര്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പൂര്‍ണ പിന്തുണ സഞ്ജുവിനാണ്. അഞ്ചാം നമ്പറില്‍ തിലക് വര്‍യ്ക്കു പകരം റിങ്കു സിങാണ് മുന്‍തൂക്കമെന്നും അടുത്തിടെയുള്ള ഫോമാണ് ഇതിനു കാരണമെന്നും ഈ പോസ്റ്റില്‍ അവകാശപ്പെടുന്നു.
അതേസമയം, ഈ തരത്തിലാണ് ടോപ്പ് ഫൈവെങ്കില്‍ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയെ എവിടെ കളിപ്പിക്കുമെന്നതാണ് ചോദ്യം. ലോക ടി20 റാങ്കിങില്‍ നിലവില്‍ രണ്ടാം നമ്പറിലുള്ള താരമാണ് അദ്ദേഹം. അതിനാല്‍ തന്നെ തിലകിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നതും അസാധ്യമാണ്.
ടോപ്പ് ഫൈവിനു പുറത്ത് തിലകിനെ ഇറക്കുകയെന്നത് അത്ര നല്ല തീരുമാനമായിരിക്കില്ല. കാരണം മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ചപ്പോഴാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്.

സൗത്താഫ്രിക്കയുമായി കഴിഞ്ഞ വര്‍ഷമവസാനത്തോടെ നടന്ന ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളടക്കം നേടി തിലക് മിന്നിക്കുകയും ചെയ്തു. അതിനാല്‍ ഏഷ്യാ കപ്പില്‍ സഞ്ജുവിനു വേണ്ടി മൂന്നാം നമ്പറില്‍ നിന്നും മാറ്റിയാലും ആദ്യ അഞ്ചിനുള്ളില്‍ അദ്ദേഹത്തെ കളിപ്പിച്ചേ തീരൂ.
ഗില്‍, അഭിഷേക്, സഞ്ജു എന്നിവര്‍ കഴിഞ്ഞാല്‍ നാലാമന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. അദ്ദേഹം അവിടെ നിന്നും ഇനി താഴേക്കു പോവാനിടയില്ല. കാരണം മൂന്ന്-നാല് എന്നിവയാണ് സ്‌കൈയ്ക്കു ഏറ്റവും യോജിച്ച പൊസിഷന്‍. സൂര്യ കഴിഞ്ഞ് തിലകിനു അഞ്ചാം നമ്പര്‍ നല്‍കുമോയെന്നതാണ് ചോദ്യം. ടീം മാനേജ്‌മെന്റിന്റെ തീരുമാനമറിയാന്‍ ഈ മാസം 10നു യുഎഇുമായുള്ള മല്‍സരം വരെ കാത്തിരിക്കണം.
ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപറ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.