ദുബായ്: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണിനു അവസരം ലഭിക്കില്ലെന്നു ഉറപ്പായതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അദ്ദഹത്തെ പുറത്തിരുത്തി പകരം ജിതേഷ് ശര്‍മയെ ഫസ്റ്റ് ചോയ്‌സ് കീപ്പറാക്കിയുള്ള ഗെയിം പ്ലാനാണ് കോച്ച് ഗൗതം ഗംഭീര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
അതിനിടെ ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ കടുത്ത അവഗണനയാണ് സഞ്ജു നേരിട്ടതെന്നും അദ്ദേഹത്തെ എല്ലാവരും കൂടി പൂര്‍ണമായി ഒതുക്കിയതു പോലെയാണ് കാണപ്പെട്ടതെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. നാളെ രാത്രി യുഎഇയുമായിട്ടാണ് ടൂര്‍ണമൈന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം.

സഞ്ജുവിനെ ഒതുക്കി
തിങ്കളാഴ്ച ദുബായില്‍ നടന്ന ഇന്ത്യയുടെ അവസാന പരിശീലന സെഷനില്‍ കടുത്ത അവഗണന സഞ്ജു സാംസണ്‍ നേരിട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. തിങ്കളാഴ്ച വൈകീട്ട് ടീമിന്റെ പരിശീലന സെഷനിടെ ഒരു മൂലയ്ക്കു സഞ്ജു തനിച്ചിരിക്കുന്നതായി കണ്ടുവെന്നു റിപ്പോര്‍ട്ടകള്‍ പറയുന്നു.
പരിശീലന സെഷനില്‍ അദ്ദേഹമാണ് ഏറ്റവുമാദ്യമെത്തിയത്. ഗ്ലൗസ് ധരിച്ച് വിക്കറ്റ് കീപ്പിങ് പരിശീലിക്കുകയും ചെയ്തു. സഞ്ജു ഒരു ഡൈവിങ് ക്യാച്ചെടുത്തപ്പോള്‍ ഫീല്‍ഡിങ് കോച്ച് ടി ദിലീപുള്‍പ്പെടെ എല്ലാവരും കൈയടിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
പക്ഷെ പിന്നീട് ബാറ്റിങില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനിടെ റൊട്ടേറ്റ് ചെയ്തപ്പോള്‍ ഏറ്റവും ഒടുവിലാണ് അദ്ദേഹത്തിന്റെ ഊഴമെത്തിയത്. യുഎഇയുമായുള്ള ആദ്യ മല്‍സരത്തില്‍ സഞ്ജു പ്ലെയിങ് ഇലവനില്‍ കാണില്ലെന്നും പകരം ജിതേഷ് ശര്‍മയാവും കളിക്കുകയെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.
പരിശീലനത്തിനിടെ തനിച്ചിരിക്കുന്ന സഞ്ജു സാംസണ്‍. വീഡിയോ കാണാം
നിരാശനായി സഞ്ജു
ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച 10 ടി20 മല്‍സരങ്ങളില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയ താരമാണ് സഞ്ജു സാംസണ്‍. മാത്രമല്ല ഇനി ടി20യില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുമെന്നു കോച്ച് ഗൗതം ഗംഭീര്‍ നേരത്തേ ഉറപ്പും നല്‍കിയിരുന്നതുമാണ്.
പക്ഷെ ഏഷ്യാ കപ്പില്‍ ഗംഭീറില്‍ നിന്നും കൊടും ചതിയാണ് മലയാളി താരം നേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അവസാന പരിശീലന സെഷനില്‍ പാഡ് ധരിച്ച് ബാറ്റ് ചെയ്യാന്‍ സഞ്ജു ഏറെ കാത്തുനിന്നെങ്കിലും അദ്ദേഹത്തിനു അവസരം നല്‍കിയില്ല. ജിതേഷ് ശര്‍മ, ശിവം ദുബെ, തിലക് വര്‍മ, ഹാര്‍ദിക പാണ്ഡ്യ തുടങ്ങിയവരെല്ലാം നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ കാഴ്ചക്കാരനായി ഇരിക്കാനായിരുന്നു സഞ്ജുവിനു യോഗം.

പിന്നീട് ശുഭ്മന്‍ ഗില്‍, നായകന്‍ സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ എന്നിവരും ബാറ്റിങ് പരിശീലനം നടത്തി. അപ്പോഴും സഞ്ജു കാത്തിരുന്നു. ഒടുവില്‍ എല്ലാവരും പരിശീലനം അവസാനിപ്പിച്ച ശേഷം അവസാനമായാണ് അദ്ദേഹിനു ബാറ്റ് ചെയ്യാന്‍ സാധിച്ചത്.
അപ്പോഴേക്കും ടീമിലെ പ്രധാന ബൗളര്‍മാരടക്കം എല്ലാവരും പോവുകയും ചെയ്തിരുന്നു. ഒടുവില്‍ നെറ്റ് ബൗളര്‍ക്കെതിരേ സഞ്ജുവിനു തനിച്ചു ബാറ്റ് ചെയ്യേണ്ടിയും വന്നു. പരിശീലനത്തിനിടെ നേരിട്ട ഈ അവഗണന മാനസികമായി അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. കാരണം നെറ്റ് ബൗളര്‍ക്കെതിരേ പോലും സഞ്ജുവിനു ബാറ്റ് ചെയ്യവെ ടൈമിങ് പാളി.
അതേസമയം, 21 തവണ ഡെക്കാവുന്നതു വരെ സഞ്ജുുവിനു ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം നഷ്ടമാവില്ലെന്നു നേരത്തേ ഉറപ്പ് നല്‍കിയ കോച്ചാണ് ഗംഭീര്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇതെല്ലാം വിഴുങ്ങിയതു പോലെയാണ് മലയാളി താരത്തോടു ഏഷ്യാ കപ്പില്‍ പെരുമാറുന്നത്. ഇത്രയും മികച്ച ഫേമില്‍ നില്‍ക്കവെ സഞ്ജുവിനെ ഏഷ്യാ കപ്പില്‍ കളിപ്പിച്ചില്ലെങ്കില്‍ വലിയ ആരാധകരോഷം തന്നെ ഗംഭീറിനും ഇന്ത്യന്‍ ടീമിനും ടൂര്‍ണമെന്റില്‍ നേരിടേണ്ടി വരുമെന്നും ഉറപ്പാണ്.