ദുബായ്: ഇന്ത്യന്‍ ടീമിനോടൊപ്പം രണ്ടു വര്‍ഷത്തിനിടെ രണ്ടാം ടൂര്‍ണമെന്റ് വിജയത്തില്‍ പങ്കാളിയായിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. കഴിഞ്ഞ വര്‍ഷമാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഐസിസിയുടെ ടി20 ലോകകപ്പില്‍ അദ്ദേഹം മുത്തമിട്ടത്. ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ പോലും കളിക്കാനായില്ലെങ്കിലും വിന്നിങ് സ്‌ക്വാഡില്‍ സഞ്ജുവിനും ഇടം പിടിക്കാന്‍ കഴിഞ്ഞു.
ഇപ്പോള്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏഷ്യാ കപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിച്ചാണ് അദ്ദേഹം ട്രോഫിയും സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ബാറ്ററെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം നടത്താനും സഞ്ജുവിനായിരുന്നു. എന്നിട്ടും ബ്രോഡ്കാസ്റ്റര്‍മാരുടെ ഭാഗത്തു നിന്നും വലിയ അവഗണന മലയാളി താരത്തിനു നേരിടേണ്ടി വന്നുവെന്നതാണ് നിരാശാജനകമായ കാര്യം. എന്താണ് സംഭവമെന്നറിയാം.

screenshot /SonyLiv
സഞ്ജുവിനും മുകളില്‍ ഗില്‍
ഏഷ്യാ കപ്പിന്റെ ഫൈനലില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യന്‍ ടീം ചാംപ്യന്‍മാരായതിനു പിന്നാലെയാണ് സംഭവം. ഈ മല്‍സരത്തെക്കുറിച്ച് ബ്രോഡ്കാസ്റ്റര്‍മാരായ സോണി ലിവിന്റെ ഷോയില്‍ ഇര്‍ഫാന്‍ പഠാനും സുനില്‍ ഗവാസ്‌കറും വിശകലനം ചെയ്യവെയാണ് സഞ്ജു സാംസണിനെ ബ്രോഡ്കാസ്റ്റര്‍മാര്‍ അവഗണിത്.
ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്ണടിച്ച മൂന്നാമത്തെ താരം സഞ്ജുവാണ്. വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയും (314) തിലക് വര്‍മയുമാണ് (213) ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍. 132 റണ്‍സുമായി സഞ്ജു മൂന്നാമനും 127 റണ്‍സെടുത്ത ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ നാലാമതുമാണ്. ഇന്ത്യന്‍ നിരയില്‍ മൂന്നക്കം കടന്നതും ഈ നാലു പേര്‍ മാത്രമാണ്.
പക്ഷെ ബ്രോഡ്കാസ്റ്റര്‍മാരായ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയുടെ മൂൂന്നു മികച്ച റണ്‍വേട്ടക്കാരുടെ ലിസ്റ്റ് സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ അവിടെ സഞ്ജുവിനെ കാണാനില്ല. പകരം അദ്ദേഹത്തേക്കാള്‍ കുറച്ചു റണ്‍സ് സ്‌കോര്‍ ചെയ്ത ഗില്ലാണ് മൂന്നാംസ്ഥാനത്തുള്ളത്. ഇന്ത്യക്കായി കൂടുതല്‍ റണ്ണടിച്ചവര്‍- അഭിഷേക് 314, തിലക് 213, ഗില്‍ 127 എന്നായിരുന്നു ബ്രോഡ്കാസ്റ്റര്‍മാര്‍ നല്‍കിയത്.
134 റണ്‍സുമായി ഇന്ത്യയുടെ ശരിക്കുള്ള മൂന്നാമത്തെ റണ്‍ സ്‌കോറായ സഞ്ജു എവിടെപ്പോയെന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പലരുടെയും ചോദ്യം. പോസ്റ്റര്‍ ബോയ് ഇല്ലാതെ എങ്ങനെ ഇവര്‍ മുന്നോട്ടു പോവും?അടുത്ത ടൂര്‍ണമെന്റില്‍ ശുഭ്മന്‍ ഗില്ലിനു എങ്ങനെ പിന്തുണ കിട്ടുമെന്നുമായിരുന്നു പരിഹാസ രൂപേണയുള്ള സോഷ്യല്‍ മീഡിയയിലെ ഒരു പ്രതികരണം.
അതേസമയം. ടൂര്‍ണമെന്റിലെ ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തിലാണ് സഞ്ജുവിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഇതിലൊന്നില്‍ മൂന്നാമനായും ശേഷിച്ചവയില്‍ അഞ്ചാം നമ്പറിലും അദ്ദേഹം കളിക്കാനിറങ്ങി.

33 എന്ന മോശമില്ലാത്ത ശരാശരിയില്‍ 124.52 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു 132 റണ്‍സ് സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഒമാനുമായുള്ള അവസാനത്തെ മല്‍സരത്തിലാണ് അദ്ദേഹം ഫിഫ്റ്റി കുറിച്ചത്്. 56 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായ സഞ്ജുവിനെ തേടി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും എത്തിയിരുന്നു.
ഏഷ്യാ കപ്പിനു മുമ്പ് വരെ ടീമിന്റെ സ്ഥിരം ഓപ്പണറായിരുന്നു മലയാളി താരം. അഭിഷേകിനൊപ്പം തുടര്‍ച്ചയായി 12 ടി20കളിലാണ് അദ്ദേഹം ഓപ്പണ്‍ ചെയ്തത്. ഇവയില്‍ മൂന്നു സെഞ്ച്വറികളും അടിച്ചെടുക്കാന്‍ സഞ്ജുവിനു കഴിഞ്ഞു.
പക്ഷെ ഏഷ്യാ കപ്പില്‍ ടീമിലേക്കു ഗില്‍ തിരിച്ചുവിളിക്കപ്പെട്ടതോടെ അദ്ദേഹത്തിനു ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു മാറേണ്ടി വരികയായിരുന്നു. ഈ കാരണത്താല്‍ ബാറ്റിങില്‍ തന്റെ പ്രഹരശേഷി പുറത്തെടുക്കാന്‍ സഞ്ജുവിനു മതിയായ അവസരം ലഭിച്ചതുമില്ല.