ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി മധ്യനിര ബാറ്ററായി ഇറങ്ങി ശ്രദ്ധേയമായ പ്രകടനം നടത്തിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ താരങ്ങളായ മുരളി കാര്‍ത്തിക്കും ദിനേശ് കാര്‍ത്തിക്കും. ടൂര്‍ണമെന്റിലെ ഏഴു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിച്ചത് നാലിന്നിങ്‌സുകളില്‍ മാത്രം.
ഇവയില്‍ ഒരു ഫിഫ്റ്റി പ്ലസ് കുറിച്ച സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. മുന്‍നിരയില്‍ നിന്നും മധ്യനിരയിലേക്കു മാറേണ്ടി വന്നെങ്കിലും പുതിയ റോളുമായി അദ്ദേഹം പൊരുത്തപ്പെടാന്‍ തുടങ്ങിയെന്നു ഈ ടൂര്‍ണമെന്റ് കാണിച്ചു തന്നിരിക്കുകയാണ്.

സഞ്ജുവിന്റേത് ഗംഭീര ഇന്നിങ്‌സ്
പാകിസ്താനുമായുള്ള ഫൈനലില്‍ സമ്മര്‍ദ്ദഘട്ടത്തില്‍ ക്രീസിലെത്തിയതിനു ശേഷം ഗംഭീര ഇന്നിങ്‌സാണ് സഞ്ജു സാംസണ്‍ കളിച്ചതെന്നു ക്രിക്ക്ബസിന്റെ (Cricbuzz) ഷോയില്‍ മുരളി കാര്‍ത്തിക് ചൂണ്ടിക്കാട്ടി.
ഇതു വെറുമൊരു ഫൈനല്‍ മാത്രമായിരുന്നില്ല. സഞ്ജു സാംസണിന്റെ കഴിവ് പരീക്ഷിക്കപ്പെട്ട സന്ദര്‍ഭം കൂടിയായിരുന്നു. അദ്ദേഹത്ത്ിനു മധ്യനിര ബാറ്ററുടെ റോളിലേക്കു ഫിറ്റാവാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും നേരത്തേ സംസാരിച്ചു കൊണ്ടിരുന്നത്. മുന്‍നിരയില്‍ കളിക്കാനായിരുന്നു സഞ്ജുവിനു ഇഷ്ടം, പക്ഷെ അതു അദ്ദേഹത്തിനു നല്‍കിയില്ല. പകരം ശുഭ്മന്‍ ഗില്ലിനെ ഈ റോളില്‍ കൊണ്ടുവരികയും ചെയ്തു.
പാകിസ്താനെതിരേ ബാറ്റിങിനെത്തിയപ്പോള്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് മികച്ചൊരു പിന്തുണ തിലക് വര്‍മയ്ക്കു നല്‍കേണ്ടത് ആവശ്യമായിരുന്നു. സഞ്ജു തന്റെ റോള്‍ ഭംഗിയാക്കുകയും മികച്ച പിന്തുണ നല്‍കുകയും ചെയ്തു. റണ്‍ചേസിലെ വളരെ നിര്‍ണായക ഘട്ടത്തിലാണ് ഈ കെട്ടുകെട്ട് വന്നതെന്നും ക്രിക്ക് ബസിന്റെ ഷോയില്‍ മുരളി കാര്‍ത്തിക് പറഞ്ഞു.
ആരും പ്രതീക്ഷിച്ചില്ല
സഞ്്ജു സാംസണിനെ മധ്യനിര ബാറ്ററായി ഏഷ്യാ കപ്പില്‍ ഇന്ത്യ കളിപ്പിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നു മുരളി കാര്‍ത്തിക് അഭിപ്രായപ്പെട്ടു. സഞ്ജു സാംസണിനെ കുറിച്ച് ചിന്തിക്കൂ. ഓപ്പണറായി കളിച്ച് മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കവെയാണ് അദ്ദേഹത്തോടു പെട്ടെന്നു മധ്യനിരയിലേക്കു മാറാന്‍ ആവശ്യപ്പെടുന്നത്. ജിതേഷ് ശര്‍മയാണ് ആ റോളിലേക്കു കൂടുതല്‍ അനുയോജ്യനായ താരം.
അതിനാല്‍ തന്നെ ടൂര്‍ണമെന്റിനു മുമ്പ് എല്ലാവരും സംസാരിച്ചു കൊണ്ടിരുന്നതും ജിതേഷിനെ കുറിച്ചാണ്. സഞ്ജു സാംസണ്‍ കളിക്കില്ലെന്നു പോലും നമ്മളെല്ലാം കരുതുകയും ചെയ്തു. എന്നാല്‍ വളരെ പെട്ടെന്നാണ് സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളിലേക്കു അദ്ദേഹത്തിനു മാറേണ്ടി വന്നത്.
സഞ്ജു മധ്യനിരയിലും റണ്‍സെടുക്കുുകയും ചെയ്തു. 100ന് മുകളില്‍ ണ്‍സും അദ്ദേഹം നേടി. ശുമഭ്മന്‍ ഗില്ലിേേനക്കാള്‍ കുറച്ചു റണ്‍സും അധികം സ്‌കോര്‍ ചെയ്തു. ഗില്‍ ഏഴിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്തിരുന്നു. പക്ഷെ സഞ്ജു വെറും നാലിന്നിങ്‌സുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെന്നും കാര്‍ത്തിക് വിലയിരുത്തി.

വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്ലിനു ഏഴിന്നിങിസുകളില്‍ നിന്നും 21.16 ശരാശരിയില്‍ 151.19 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 127 റണ്‍സാണ് ഒരു ഫിഫ്റ്റി പോലും ഇതില്‍ ഇല്ല. സഞ്ജുവാകട്ടെ നാലിന്നിസുകളില്‍ നിന്നും 33 ശരാശരിയില്‍ 124.52 സ്‌ട്രൈക്ക്‌റേറ്റില്‍ 132 റണ്‍സും നേടി. ഒരു ഫിഫ്റ്റിയടക്കമാണിത്.
അതേസമയം, ദിനേശ് കാര്‍ത്തിക്കും സഞ്ജുവിന്റെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ്. സഞ്ജു നേരത്തേ ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആ റോളില്‍ അദ്ദേഹം വിജയിച്ചതുമാണ്. പക്ഷെ ഇവിടെ അഞ്ചാം നമ്പറിലും എട്ടാം നമ്പറില്‍ പോലും സഞ്ജു മാറ്റപ്പെട്ടു.
ഫൈനലില്‍ ഏറെ സമ്മര്‍ദ്ദഘട്ടത്തില്‍ തനിക്കു എന്തു ചെയ്യാനാവുമെന്നു സഞ്ജു കാണിച്ചു തന്നു. അദ്ദേഹത്തിനു നമ്മളെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ലായിരിക്കാം. പക്ഷെ ടീമിനു ജയിക്കാവുന്ന ഒരു ഘട്ടം വരെയെത്തിച്ചത് സഞ്ജുവാണെന്നും ഡിക്കെ പ്രശംസിച്ചു..