ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനായി മിന്നിക്കാന്‍ തയ്യാറെടുക്കവെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ സെലക്ടര്‍ ദേവാങ് ഗാന്ധി. രണ്ടു വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷെ മുന്‍ പരമ്പരകളിലേതു പോലെ അദ്ദേഹത്തിനു ഓപ്പണറായി കളിക്കാനുള്ള അവസരം ലഭിക്കുമോയെന്നതു ഇനിയും ഉറപ്പായിട്ടില്ല.
മുന്‍ പരമ്പരകളില്‍ ഓപ്പണറായി ഇറങ്ങിയ ശേഷം നടത്തിയിട്ടുള്ള തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജുവിനു ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. പക്ഷെ ഓപ്പണിങ് റോളില്‍ ശുഭ്മന്‍ ഗില്‍ ഏഷ്യാ കപ്പില്‍ മടങ്ങിയെത്തിതോടെ അദ്ദേഹത്തിനു മധ്യനിരയിലേക്കു മാറേണ്ടി വന്നേക്കും.

സഞ്ജുവിന്റെ വില്ലന്‍
സഞ്ജു സാംസണിന്റെ വില്ലന്‍ മറ്റാരുമല്ല, അതു സ്വയം അദ്ദേഹം തന്നെയാണെന്നാണ് ദേവാങ് ഗാന്ധി വിമര്‍ശിക്കുന്നത്. സ്ഥിരത പുലര്‍ത്താന്‍ പരാജയപ്പെടുന്നതു കാരണമാണ് ഇപ്പോഴും ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കാതെ പോവുന്നതെന്നും ഗാന്ധി കുറ്റപ്പെടുത്തി.
എത്രത്തോളം പ്രതിഭാശാലിയായ ക്രിക്കറ്ററാണ് സഞ്ജു സാംസണെന്ന കാര്യം നിങ്ങള്‍ക്കു നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷ അദ്ദേഹത്തിന്റെ പ്രായം ഇപ്പോള്‍ 31ലേക്കു അടുക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും സഞ്ജുവിനു സ്ഥിര സാന്നിധ്യമായി മാറാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അതിനു കാരണം അദ്ദേഹം ഒരിക്കലും ബാറ്റിങില്‍ സ്ഥിരത പുലര്‍ത്തിയില്ലെന്നതാണ്. ഐപിഎല്ലില്‍ പോലും അതിനു കഴിഞ്ഞിട്ടില്ല.
കനത്ത ബോളുള്‍ക്കെതിരേ കളിക്കുന്നതില്‍ സഞ്ജുവിനു ഉറപ്പായും പ്രശ്‌നങ്ങളുണ്ട്്. ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ അവരുടെ പേസ് ബൗളിങിനെതിരേ ബുദ്ധിമുട്ടിയതു കാരണമാവാം അദ്ദേഹം പിറകിലേക്കു പോയത്.
പക്ഷെ താന്‍ വേണ്ടത്ര വഴക്കമുള്ളവനാണെന്നു തെളിയിക്കാന്‍ സഞ്ജുവിനായാല്‍ ഒടുവില്‍ സഞ്ജുവിനു ടീമിലെ സ്ഥാനവും ഉറപ്പിക്കാന്‍ സാധിക്കുമെന്നു ദേവാങ് ഗാന്ധി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജുവിന്റെ കരിയര്‍
2015ല്‍ സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു സഞ്ജു സാംസണിന്റെ കരിയര്‍. ക്യാപ്റ്റന്‍മാരും കോച്ചുമാരും മാറി മാറി വന്നപ്പോഴും ടീമില്‍ തന്റെ സീറ്റുറപ്പക്കാന്‍ അദ്ദേഹത്തിനായില്ല.

10 വര്‍ഷത്തിനിടെ സഞ്ജു കളിച്ചിട്ടുള്ളത് വെറും 42 മല്‍സരങ്ങളിലാണ്. ഇവയില്‍ 18ഉം കഴിഞ്ഞ വര്‍ഷമാണ്. 25.32 എന്ന മോശം ശരാശരിയിലാണ് ടി20യില്‍ അദ്ദേഹത്തിനുള്ളത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗൗതം ഗംഭീര്‍ മുഖ്യ കോച്ചാവുന്നതു വരെ സഞ്ജുവിനു ഒരിക്കല്‍പ്പോലും അഞ്ചോ, അതില്‍ക്കൂടുതലോ മല്‍സരങ്ങളില്‍ അവസരം ലഭിച്ചിട്ടില്ല.
രണ്ടോ, മൂന്നോ കളിയില്‍ അവസരം നല്‍കിയ ശേഷം അദ്ദേഹത്തെ ഒഴിവാക്കുകയാണ് ചെയ്തു കൊണ്ടിരുന്നത്. ടീമിലെ സ്ഥാനത്തെയും ബാറ്റിങ് പൊസിഷനെയും കുറിച്ചുമുള്ള ഈ അനിശ്ചിതത്വം സഞ്ജുവിന്റെ പ്രകടനത്തെയും ബാധിക്കുകയായിരുന്നു.
ഈ കാരണത്താല്‍ തന്നെ സ്വന്തം കഴിവിനോടു നീതി പുലര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞില്ല. പക്ഷെ ഗംഭീര്‍ കോച്ചായതോടെ സഞ്ജുവിന്റെ സമയവും തെളിഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശ്്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരുമായുള്ള അവസാനത്തെ മൂന്നു പരമ്പരകളിലും അദ്ദേഹം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്നു. മൂന്നു സെഞ്ച്വറികളും ഇവയില്‍ അദ്ദേഹം വാരിക്കൂട്ടി.