ഏഷ്യാ കപ്പില്‍ ബാറ്റിങിനു അവസരമില്ലാതെ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഉപദേശവുമായി മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലം കളിക്കണമെങ്കില്‍ സഞ്ജു തീര്‍ച്ചയായും ചില മാറ്റങ്ങള്‍ വരുത്തിയേ തീരുവെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.
യുഎഇയുമായുളള ആദ്യ കളിയില്‍ ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ വിജയം കൊയ്തതിനാല്‍ സഞ്ജുവിനു ബാറ്റിങിനു ഇറങ്ങേണ്ടതായി വന്നില്ല. ചിരവൈരികളായ പാകിസ്താനെതിരേ അദ്ദേഹം ഇഞ്ചാമനായി ബാറ്റ് ചെയ്യുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ മലയാളി താരത്തെ ക്രീസിലേക്കു അയക്കാന്‍ ഇന്ത്യ തയ്യാറായില്ല. പകരം ശിവം ദുബെയെയാണ് ഈ റോളില്‍ കളിപ്പിച്ചിത്.

സഞ്ജു മാറിയേ തീരൂ
ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായി മാറിയ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ ഫിനിഷിങില്‍ കൂടുതല്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ കാര്യമുള്ളൂവെന്നാണ് റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ പ്രവര്‍ത്ത രീതി വിലയിരുത്തുമ്പോള്‍ ഒരാള്‍ക്കും കൃത്യമാായൊരു ബാറ്റിങ് ഓര്‍ഡര്‍ ഇല്ലെന്നതു പോലെയാണ് തോന്നുന്നത്. പൂര്‍ണമായും ഇടംകൈ- വലംകൈയ കോമ്പിനേഷനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യയുടെ ബാറ്റിങ് സമീപനം.
മധ്യ ഓവറുകളില്‍ സ്പിന്നിനെതിരേ സഞ്ജു സാംസണും ശിവം ദുബെയും പുലര്‍ത്തുന്ന ആധിപത്യം നോക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം അക്ഷര്‍ പട്ടേല്‍ ഇപ്പോള്‍ ഫിനിഷര്‍ റോളായി മാറിയിരിക്കുകയാണ്. സഞ്ജുവിന്‍െ കാര്യത്തിലേക്കു വന്നാല്‍ ദീര്‍ഘകാലം ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫിനിഷര്‍ റോളിലേക്കും മാറേണ്ടതായി വരും.
നിലവില്‍ ജിതേഷ് ശര്‍മയുമായിട്ടാണ് സഞ്ജുവിന്റെ മല്‍സരം. ഫിനിഷ് ചെയ്യുമ്പോള്‍ വളരെ ക്ലാസായി അതു ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ജിതേഷ് ഒരുപാട് ബോളുകള്‍ക്കെതിരേ ആഞ്ഞുവീശാറുണ്ടെന്നതു ശരിയാണ്. പക്ഷെ ചില അസാധാരണ പ്രകടനങ്ങള്‍ കാഴ്ചവയ്്ക്കാന്‍ അദ്ദേഹത്തിനു കഴിയും.
അതുകൊണ്ടു തന്നെ കരിയറില്‍ തനിക്കു കൂടുതല്‍ പരിഗണന ടീം മാനേജ്‌മെന്റില്‍ നിന്നും ലഭിക്കണമെങ്കില്‍ സഞ്ജു ഫിനിഷിങില്‍ ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധയും ഇനി ഇന്നിങ്‌സ് ഫിനിഷ് ചെയ്യുന്നതിലും ഡെത്ത് ഓവര്‍ ബാറ്റിങിലുമായിരിക്കണമെന്നും ഉത്തപ്പ ആവശ്യപ്പെടുന്നു.

സഞ്ജു സാംസണ്‍ ഇനി ഫിനിഷിങിനെ കുറിച്ച് ചിന്തിച്ച് തുടങ്ങണം. അവസാനത്തെ ആറോവറില്‍ ചിലപ്പോള്‍ 18 ബോളുകളായിരിക്കും അദ്ദേഹത്തിനു നേരിടാന്‍ അവസരം ലഭിച്ചേക്കുക. ഇതില്‍ 6-8 ബോളുകള്‍ സ്പിന്നര്‍മാരെയും ശേഷിച്ചവ ഫാസ്റ്റ് ബൗളര്‍മാരെയുമായിരിക്കും. 18 ബോളില്‍ 45 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സഞ്ജുവിനു കഴിയുമോ? അതായിരിക്കും അദ്ദേഹത്തിനു ചെയ്യാവുന്ന ബെസ്റ്റ് കാര്യം.
സഞ്ജു ഇനി ദിവസവും പരിശീലിക്കേണ്ടതും അതാണ്. ഇതു ഫിനിഷറുടെ റോളിലേക്കു മാറാന്‍ അദ്ദേഹത്തെ സഹായിക്കും. അതുകൊണ്ടു തന്നെ ആദ്യം തന്റെ റോളുമായി സഞ്ജു കൂടുതല്‍ പരിചിതമാവണം അതിനു ശേഷം മുന്നോട്ടു പോകവെ അതു കൂടുതല്‍ നന്നാക്കിയെടുക്കാന്‍ ശ്രമിക്കുകയും വേണമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടി20യില്‍ മധ്യനിര ബാറ്ററുടെ റോളില്‍ മോശം റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്.
മൂന്നാം നമ്പര്‍ മുതല്‍ ഏഴു വരെ 21 ഇന്നിങ്‌സുകൡ അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ശരാശരി വെറും 19 താഴെ മാത്രമാണ്. അതുകൊണ്ടു തന്നെ ഫിനിഷര്‍ റോളില്‍ ടീമില്‍ തുടരാന്‍ സഞ്ജുവിനു അദ്ഭുതങ്ങള്‍ തന്നെ കാഴ്ചവയ്‌ക്കേണ്ടതായി വരും.