ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിനു ശേഷം സഞ്ജു സാംസണിന്റെ ആരാധകര്‍ ഒരേ സമയം ആഹ്ലാദത്തിലും അതോടൊപ്പം ആശങ്കയിലുമാണ്. മലയാളി സൂപ്പര്‍ താരത്തെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതാണ് അവരെ സന്തോഷിപ്പിക്കുന്നതെങ്കില്‍ പ്ലെയിങ് ഇലവനിലെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭയവുമുണ്ട്.
സമീപകാലത്തൊന്നും ടി20 പ്ലാനുകളുടെ ഭാഗമല്ലാതിരുന്ന യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ലൈനപ്പിലേക്കു മടങ്ങിയെത്തിയതാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇതോടെ ബാറ്റിങ് കോമ്പിനേഷനുകളാകെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു പൊളിച്ചു പണിയേണ്ടിയും വരും.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ഗംഭീറിനുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട താരം തന്നെയാണ് സഞ്ജു. അദ്ദേഹത്തിനു തുടര്‍ച്ചയായി ടീമില്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതും ഈ കാരണത്താലാണ്. എന്നാല്‍ ഗംഭീറിന്റെ ഒരു വീക്ക്‌നെസ് കാരണം ചിലപ്പോള്‍ സഞ്ജുവിനു പ്ലെയിങ് ഇലവനിലെ സ്ഥാനം തന്നെ മറക്കേണ്ടി വന്നേക്കും. ഇതു എന്താണെന്നറിയാം.

ഗൗഭീറിന്റെ ദൗര്‍ബല്യം
ഇന്ത്യന്‍ മുഖ്യ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ വലിയൊരു വീക്ക്‌നെസെന്നു പറയാവുന്ന കാര്യം അമിതമായി ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷനില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതാണ്. കളിയിലെ അപ്പോഴത്തെ സാഹചര്യമോ, ഫോര്‍മാറ്റോ ഒന്നും ഗംഭീര്‍ അത്ര കാര്യമാക്കാറായില്ല. എല്ലായ്‌പ്പോഴും ഇടംകൈ-വലംകൈ കോമ്പിനേഷനുണ്ടെങ്കില്‍ അതു വലിയ പ്ലസ് പോയിന്റാണെന്നു ഉറച്ചു വിശ്വസിക്കുന്നയാളാണ് അദ്ദേഹം.
ഇതു കാരണം ടീമിനു നേരത്തേ ചില വലിയ തിരിച്ചടികളുമുണ്ടായിട്ടുണ്ട്. ഈ ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കാരണം ഏറെ പഴികളും ഗംഭീര്‍ നേരിട്ടിരുന്നു. പക്ഷെ തന്റെ ടാക്റ്റിക്‌സ് മാറ്റാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഏഷ്യാ കപ്പിലും ഇതേ ഗെയിം പ്ലാനുമായിട്ടാവും ഗംഭീര്‍ ടീമിനെയിറക്കുക.
സഞ്ജു സാംസണിനു പണി കിട്ടാന്‍ പോവുന്നതും അവിടെയാണ്. ശുഭ്മന്‍ ഗില്ലിനു വൈസ് ക്യാപ്റ്റന്‍സി നല്‍കിയതോടെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം അദ്ദേഹം ഓപ്പണറാവുമെന്ന കാര്യമുറപ്പാണ്. ഇതോടെ കഴിഞ്ഞ മൂന്നു പരമ്പകളിലും ഓപ്പണിങില്‍ വിലസിയ സഞ്ജുവിന്റെ കസേര തെറിക്കും.
ഓപ്പണിങല്ലെങ്കില്‍ അദ്ദേഹത്തിനു യോജിച്ച മറ്റൊരു പൊസിഷന്‍ മൂന്നാം നമ്പറാണ്. പക്ഷെ അവിടെയാണ് 'അപകടം' കാത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളായി ഈ പൊസിഷനില്‍ കളിചച്ചുകൊണ്ടിരിക്കുന്നത് യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്.
സൗത്താഫ്രിക്കയുമായി കഴിഞ്ഞ വര്‍ഷമവസാനം നടന്ന പരമ്പരയില്‍ തുടരെ കണ്ടു സെഞ്ച്വറികളടക്കം നേടിയ അദ്ദേഹം ഈ സ്ഥാനം ഭദ്രമാക്കിയിട്ടുണ്ട്. കൂടാതെ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിങില്‍ തിലക് രണ്ടാംസ്ഥാനത്തുമുണ്ട്.
ഓപ്പണിങില്‍ ഗില്‍- അഭിഷേക് ജോടി ഓപ്പണ്‍ ചെയ്യുന്നതോടെ ഗംഭീറിന്റെ ആഗ്രഹം പോലെ ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ ലഭിക്കും. എന്നാല്‍ തിലകിനെ മാറ്റി സഞ്ജുവിനു ഏഷ്യാ കപ്പില്‍ മൂന്നാം നമ്പര്‍ നല്‍കിയാല്‍ ടോപ്പ് ഫോറില്‍ വേറെ ഇടംകൈയന്‍മാരില്ലാതെ വരും. കാരണം നാലാമന്‍ സൂര്യകുമാര്‍ യാദവാണ്.

സഞ്ജു വണ്‍ഡൗണായും സൂര്യ നാലാമതും കളിച്ചാല്‍ അഞ്ചാം നമ്പര്‍ മാത്രാമാണ് പിന്നീട് തിലകിനു ശേഷിക്കുന്നത്. പക്ഷെ ഗംഭീര്‍ അതിനു തയ്യാറാവുമോയെന്നതാണ് ചോദ്യം. ഗില്‍-അഭിഷേക്, തിലക്-സൂര്യ എന്നിങ്ങനെയാണ് ടോപ്പ് ഫോറെങ്കില്‍ ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കൃത്യമായിരിക്കും. ഗംഭീറിനു താല്‍പ്പര്യവും ഇതായിരിക്കും.
അങ്ങനെ വന്നാല്‍ സഞ്ജു ടോപ്പ് ഫോറില്‍ നിന്നും പുറത്താവുകയും അഞ്ച്- ആറ് സ്ഥാനങ്ങളിലൊന്നില്‍ കളിക്കേണ്ടിയും വരും. പക്ഷെ ഈ റോളുകള്‍ അദ്ദേഹത്തിനു അത്ര യോജിച്ചതല്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
ടോപ് ത്രീയിലാണ് സഞ്ജു എല്ലായ്‌പ്പോഴും പെര്‍ഫോം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡ് കാരണം കീപ്പറായി ജിതേഷ് ശര്‍മയെ ഗംഭീര്‍ പരിഗണിച്ചേക്കും. അഞ്ചു മുതല്‍ ഏഴു വരെ എവിടെയും ബാറ്റ് ചെയ്യാന്ഡ മിടുക്കനാണ് അദ്ദേഹം.
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഫിനിഷിങില്‍ ജിതേഷ് മിന്നിക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ ഏഷ്യാ കപ്പില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ ചിലപ്പോള്‍ സ്ഥാനവും ലഭിക്കാനിടയില്ല. പകരം ജിതേഷായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായേക്കുക.