മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള നീക്കങ്ങള്‍ ഏഷ്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആരംഭിച്ചിരിക്കുകയാണ്. ക്രിക് ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം സെപ്തംബറിലാവും ഏഷ്യാ കപ്പ് നടക്കുക. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കാനുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, ഹോങ്കോങ്, നേപ്പാള്‍ എന്നീ ടീമുകള്‍ ഏഷ്യാ കപ്പിനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാവും ടൂര്‍ണമെന്റ് നടത്തുക.
നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യയുടെ ടി20 ടീം ശക്തമാണ്. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഉണ്ട്. അതുകൊണ്ടുതന്നെ ആരെയൊക്കെ പരിഗണിക്കണം ആരെയൊക്കെ തഴയണമെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ചോദ്യം. ഏഷ്യാ കപ്പില്‍ ഇന്ത്യ തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള 15 അംഗ ടീമില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടോ? നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാം.
സഞ്ജു സാംസണ്‍ തഴയപ്പെട്ടേക്കും
ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ ടി20യില്‍ പരീക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍. സഞ്ജു ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഫ്‌ളോപ്പായെന്ന് മാത്രമല്ല കൈവിരലിന് പരിക്കുമേറ്റു. വരുന്ന ഐപിഎല്ലില്‍ സഞ്ജുവിന് കളിക്കാനാവുമോയെന്നതും കണ്ടറിയണം. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ തഴയാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.

ശുബ്മാന്‍ ഗില്ലിനെയും യശ്വസി ജയ്‌സ്വാളിനേയും ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യയുടെ നീക്കം. അഭിഷേക് ശര്‍മയെ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കുമ്പോള്‍ സഞ്ജുവിന് സീറ്റുണ്ടായേക്കില്ല. വരുന്ന ഐപിഎല്ലിലൂടെ ശക്തമായ മടങ്ങിവരവ് സഞ്ജുവിന് സാധ്യമാകുമോയെന്നതാണ് അറിയേണ്ടത്. റിഷഭ് പന്തിനൊപ്പം ഇഷാന്‍ കിഷനേയും വിക്കറ്റ് കീപ്പര്‍ റോളിലേക്ക് തിരിച്ച് വിളിക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം.
നയിക്കാന്‍ സൂര്യ, അക്ഷര്‍ വൈസ് ക്യാപ്റ്റന്‍
ഇന്ത്യയെ നയിക്കാന്‍ സൂര്യകുമാര്‍ യാദവ് തന്നെയാവും ഉണ്ടാവുക. സൂര്യക്ക് കീഴില്‍ ഇന്ത്യയുടെ ടി20 ടീം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അക്ഷര്‍ പട്ടേല്‍ എത്തുമെന്നാണ് വിവരം. പ്രധാന താരങ്ങളെയെല്ലാം ഇന്ത്യ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും. ഇംഗ്ലണ്ടിനെതിരായ എവേ ടെസ്റ്റ് പരമ്പരക്ക് ശേഷം വലിയ വെല്ലുവിളികള്‍ ഇന്ത്യക്ക് മുന്നില്‍ ഇല്ലെന്ന് തന്നെ പറയാവുന്നതാണ്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ ഏറ്റവും ശക്തമായ ടീമിനെത്തന്നെ കളത്തിലിറക്കിയേക്കും.
പേസ് നിരയില്‍ അര്‍ഷ്ദീപിനൊപ്പം മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഹര്‍ഷിത് റാണയും ഉണ്ടാവുമെന്നാണ് സൂചനകള്‍. രവി ബിഷ്‌നോയിയും വരുണ്‍ ചക്രവര്‍ത്തിയും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായും ടീമിലുണ്ടാവും. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയും ഓള്‍റൗണ്ടറായി എത്തിയേക്കും. റിയാന്‍ പരാഗിനെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം. ഇന്ത്യ അടുത്ത ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ടീമിനെയാവും ഏഷ്യാ കപ്പില്‍ ഇറക്കുകയെന്നുറപ്പാണ്.
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ആധിപത്യമുണ്ടെങ്കിലും അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള നിര അതി ശക്തരാണ്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച നിരയേയും ഏറ്റവും മികച്ച പോരാട്ടവും ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായുണ്ട്. അതിന് ശക്തമായ പ്ലേയിങ് 11 ഇന്ത്യക്ക് ആവശ്യമാണെന്ന് പറയാം.
ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീം
സൂര്യകുമാര്‍ യാദവ് (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ. (റിസര്‍വ് താരങ്ങള്‍- ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്)