ഏഷ്യാ കപ്പില്‍ ബാറ്റിങ് പാടവം ഇനിയും പുറത്തെടുക്കാനായിട്ടില്ലെങ്കിലും അവസരം കിട്ടിയാല്‍ വെടിക്കെട്ടിന് താന്‍ റെഡിയെന്നു കാണിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഒമാനുമായി വെള്ളിയാഴ്ച രാത്രി നടക്കാനിരിക്കുന്ന അവാസാനത്തെ ലീഗ് മല്‍സരത്തിനു മുന്നോടിയായി ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ബാറ്റിങ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറാലുന്നത്.
യുഎഇ, പാകിസ്താന്‍ എന്നിവരുമായുള്ള ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും സഞ്ജു ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായിരുന്നെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചില്ല. രണ്ടാമത്തെ മല്‍സരത്തില്‍ അഞ്ചാമനായി സഞ്ജുവിനെ ഇറക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു പകരം ശിവം ദുബെയെ ഈ റോളിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു.

കണ്ണഞ്ചിക്കും ഷോട്ട്
ഒമാനുമായുള്ള മല്‍സരത്തിനു മുമ്പായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിനുള്ള സഞ്ജു സാംസണിന്റെ ഒരു നോ ലുക്ക് സിക്‌സര്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഫുള്‍ ലെങ്ത്ത് ബോളാണ് നെറ്റ്‌സില്‍ സഞ്ജുവിനെതിരേ ബൗളര്‍ പരീക്ഷിച്ചത്.
അതിനെ ബൗളറുടെ തലയ്ക്കു മുകളിലൂടെ അദ്ദേഹം ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചു പറത്തുകയായിരുന്നു. പന്തിലേക്കു ശരിക്കൊന്നു നോക്കുക പോലും ചെയ്യാതെയായിരുന്നു സഞ്ജുവിന്റെ ഈ കണ്ണഞ്ചിക്കുന്ന ഷോട്ട്.
ബാറ്റിങില്‍ താന്‍ എത്ര മാത്രം ആത്മവിശ്വാസത്തിലാണെന്നു അവിടെയുണ്ടായിരുന്ന കോച്ച് ഗൗതം ഗംഭീറിനു ബോധ്യമാക്കി കൊടുക്കുന്ന ഷോട്ട് കൂടിയായിരുന്നു ഇത്. ഇതാദ്യമായല്ല, ഈ തരത്തിലുള്ള നോ ലുക്ക് സിക്‌സര്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും നമ്മള്‍ കാണുന്നത്.
കഴിഞ്ഞ കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി കളിക്കവെയും അദ്ദേഹത്തിന്റെ സമാനമായൊരു സിക്‌സറിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ തരത്തിലുള്ള നോ ലുക്ക് സിക്‌സറുകളെന്നത് ലോക ക്രിക്കറ്റിലെ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാണന്നു തന്നെ പറയേണ്ടി വരും. ഐപിഎല്ലിലുള്‍പ്പെടെ പല വേദികളിലും ഈ തരത്തിലുള്ള വണ്ടര്‍ സിക്‌സുകള്‍ നമ്മള്‍ കണ്ടിട്ടുള്ളതുമാണ്.
നെറ്റ്‌സെഷനില്‍ സഞ്ജുവിന്റെ നോ ലുക്ക് സിക്‌സ്, വീഡിയോ കാണാം
ജൂനിയര്‍ എബിഡിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സൗത്താഫ്രിക്കന്‍ ബാറ്റിങ് വണ്ടറായ ഡെവാള്‍ഡ് ബ്രെവിസ് ഈ തരത്തിലുള്ള നോ ലുക്ക് സിക്‌സറുകളടിക്കുന്നതില്‍ പ്രത്യേക മിടുക്ക് പുലര്‍ത്തുന്നയാളാണ്. വിവിധ ടീമുകള്‍ക്കായി അദ്ദേഹം ഈ തരത്തിലുള്ള കിടിലന്‍ സിക്‌സുകള്‍ പലപ്പോഴായി നേടുകയും ചെയ്തിട്ടുണ്ട്.

പ്രൊമോഷന്‍ കിട്ടുമോ?
ഒമാനുമായുള്ള അപ്രസക്തമായ അവസാനത്തെ ലീഗ് മല്‍സരത്തില്‍ സഞ്ജു സാംസണിനു ബാറ്റിങില്‍ ടോപ്പ് ത്രീയിലേക്കു പ്രൊമോഷന്‍ ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടോപ് ത്രീയില്‍ അല്ലെങ്കില്‍ ചിലപ്പോള്‍ അദ്ദേഹത്തിനു ഒരിക്കല്‍ക്കൂടി ബാറ്റിങിനു ഇറങ്ങാന്‍ സാധിച്ചേക്കില്ല.
മധ്യനിര ബാറ്ററായും ഫിനിഷറായുമെല്ലാം അത്ര മികച്ച റെക്കോര്‍ഡില്ലാതിരുന്നിട്ടും ഏഷ്യാ കപ്പില്‍ ടീം മാനേജ്‌മെന്റ് ഈ റോള്‍ സഞ്ജുവില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല, ആകെയുള്ള ടി20 കരിയറെടുത്താലും മധ്യനിരയില്‍ അദ്ദേഹം ബാറ്റിങില്‍ പരാജയമാണ്. ഈ ചീത്തപ്പേര് ഏഷ്യാ കപ്പില്‍ സഞ്ജുവിനു മായ്ക്കാന്‍ കഴിയുമോയെന്നകതും കാത്തിരുന്നു കാണേണ്ടതാണ്.
ഏഷ്യാ കപ്പിനു മുമ്പ് തുടര്‍ച്ചയായി 12 മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി ടി20 ഓപ്പണറായി കളിച്ചത് സഞ്ജുവാണ്. ഇവയില്‍ അവസാനത്തെ 10 കളിയിലാവട്ടെ മൂന്നു സെഞ്ച്വറികളും അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു.
ഇത്രയും ഗംഭീര റെക്കോര്‍ഡുണ്ടായിട്ടും ഏഷ്യാ കപ്പില്‍ സഞ്ജുവിനെ ഓപ്പണിങ് റോളില്‍ നിന്നും പുറത്താക്കിയെന്നതാണ് നിരാശാജനകമായ കാര്യം. പകരം ഈ റോള്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനെയണ് ഏല്‍പ്പിച്ചിരിക്കുന്നത്.