കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി കുറിച്ച ഇടിവെട്ട് സെഞ്ച്വറി വെറുമൊരു തുടക്കം മാത്രമാണെന്നു തെളിയിക്കാനൊരുങ്ങുകയാണ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ആറില്‍ ഫ്‌ളോപ്പായ ശേഷം ഓപ്പണിങിലേക്കു വന്നപ്പോഴാണ് അദ്ദേഹം തനിനിറം പുറത്തെടുത്തത്. 16 ബോളില്‍ ഫിഫ്റ്റിയും 42 ബോളില്‍ സെഞ്ച്വറിയും കുറിച്ച സഞ്ജു 51 ബോളില്‍ 121 റണ്‍സ് വാരിക്കൂട്ടിയാണ് ക്രീസ് വിട്ടത്.
14 ഫോറുകളും ഏഴു സിക്‌സറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 237.25 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ബൗളര്‍മാര്‍ക്കുമേല്‍ സഞ്ജു കത്തിക്കയറിയത്. അവസാന ബോളില്‍ ടീം ത്രില്ലിങ് വിജയം കൊയ്ത പോരില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
പക്ഷെ ഇതുകൊണ്ടൊന്നും സഞ്ജു അടങ്ങിയിരിക്കാന്‍ തയ്യാറല്ല. ലീഗിലെ തുടര്‍ന്നുളള മല്‍സരങ്ങളിലും അടുത്ത മാസത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടിയും വലിയ നേട്ടങ്ങള്‍ക്കായുള്ള പടയൊരുക്കത്തിലാണ് അദ്ദേഹം. ഇതിനായുള്ള സഞ്ജുവിന്റെ തയ്യാറെടുപ്പ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

സെഞ്ച്വറിയല്ല, അതുക്കും മേലെ
കെസിഎല്ലിലെ അടുത്ത കളിക്കും ഏഷ്യാ കപ്പിനും വേണ്ടി തുമ്പയിലെ സെന്റ് സേവ്യര്‍ കോളേജ് ഗ്രൗണ്ടിലെ നെറ്റ്‌സില്‍ സഞ്ജു സാംസണ്‍ ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബൗളര്‍മാരോടു യാതൊരു ദയയും കാണിക്കാതെ അദ്ദേഹത്തിന്റെ പവര്‍ഹിറ്റിങ് ഷോ തന്നെ ഈ വീഡിയോയില്‍ നമുക്കു കാണാന്‍ സാധിക്കും.
ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറെ ട്രെന്‍ഡായി മാറിയിരിക്കുന്ന നോ ലുക്കിങ് ഷോട്ടുകള്‍ വളരെ കൂളായിട്ടാണ് സഞ്ജു തുടരെ പായിച്ചത്. കാര്യമായ അധ്വാനമില്ലാതെ ഇത്രയും കൂളായി തന്നെപ്പോലെ സിക്‌സറുകളടിക്കാന്‍ ശേഷിയുള്ളവര്‍ നിലവില്‍ അധികമില്ലെന്നും അദ്ദേഹം കാണിച്ചുതരുന്നു. കൂടുതലും ബൗളര്‍ക്കു മുകളിലൂടെയുള്ള കൂറ്റന്‍ ഷോട്ടുകളാണ് സഞ്ജു നെറ്റ്‌സില്‍ കളിച്ചത്.
സഞ്ജു സാംസണ്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നു. വീഡിയോ കാണാം
കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കുപ്പായത്തില്‍ വീണ്ടും വലിയ ഇന്നിങ്‌സുകള്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും വന്നാല്‍ അദ്ഭുതപ്പെടാനില്ല. പക്ഷെ സെഞ്ച്വറികളേക്കാള്‍ അദ്ദേഹം സ്വപ്‌നം കാണുന്ന മറ്റൊന്നുണ്ട്. ഒരോവറിലെ ആറു ബോളിലും സിക്‌സറുകള്‍ പായിക്കുകയെന്നതാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സഞ്ജു ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുള്ളതാണ്.
കെസിഎല്ലിനേക്കാള്‍ അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ തന്റെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനു മുന്‍തൂക്കം നല്‍കിയുള്ള അഗ്രസീവായ ബാറ്റിങ് പരിശീലനമാണ് സഞ്ജു ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അദ്ദേഹത്തെ സംബന്ധിച്ച് ഒരോവറില്‍ ആറു സിക്‌സറുകളെന്നത് അത്ര അസാധ്യമായിട്ടുള്ള കാര്യമല്ല, കഴിഞ്ഞ വര്‍ഷമവസാനത്തോടെ ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ഒരോവറില്‍ തുടരെ അഞ്ചു സിക്‌സറുകള്‍ സഞ്ജു പായിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പിലെ റോള്‍?
ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണിന്റെ റോള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ടീമിലേക്കു മടങ്ങിയെത്തിയതോടെ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം തുലാസിലായിരിക്കുകയാണ്.
ഒരു പക്ഷെ വണ്‍ഡൗണായോ, അല്ലെങ്കില്‍ മധ്യനിരയിലോ ആവും അദ്ദേഹത്തിനു ബാറ്റ് ചെയ്യേണ്ടി വരിക.
പക്ഷെ മധ്യനിരയിലേക്കു മാറിയാല്‍ അതു സഞ്ജുവിനു വലിയ ക്ഷീണമായി മാറും. ടോപ്പ് ത്രീയിലൊഴികെ മറ്റെവിടെയും അദ്ദേഹത്തിനു ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡല്ലയുള്ളത്. ഓപ്പണിങാണ് തനിക്കു ബെസ്റ്റെന്നു കെസിഎല്ലിലെ സെഞ്ച്വറിയിലൂടെ സഞ്ജു അടിവരയിടുകയും ചെയ്തിരിക്കുകയാണ്. ഇനി കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെയും തീരുമാനം എന്തായിരിക്കുമെന്നാണ് അറിയാനുള്ളത്.