ഈ വര്‍ഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ് സപ്തംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ്. 2023ലെ അവസാന എഡിഷന്‍ ഏകദിന ഫോര്‍മാറ്റിലായതിനാല്‍ ഇത്തവണത്തെ ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റിലുമാണ്. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യയിറങ്ങുക.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു മികച്ചൊരു തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്. ഏഷ്യാ കപ്പിലെ ഇന്ത്യന്‍ സംഘത്തെ നയിക്കുക 360 ബാറ്ററായ സൂര്യകുമാര്‍ യാദവായിരിക്കുമെന്നു ഉറപ്പായിക്കഴിഞ്ഞു. ആരൊക്കെയാവും ടീമില്‍ വേണ്ടതെന്നു മുഖ്യ കോച്ച് ഗൗതം ഗംഭീറിനു കൃത്യമായ ധാരണയുണ്ട്.
സമീപകാലത്തു ടി20 ടീമിന്റെ ഭാഗമായിട്ടുള്ള പലരെയും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉറപ്പായും കാണാം. ചുരുക്കം ചിലരെ മാത്രമേ ടീമില്‍ നിന്നും ഗംഭീര്‍ ഒഴിവാക്കാന്‍ സാധ്യതയുള്ളൂ. ഇപ്പോള്‍ പുരോഗമിക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാവും ഇന്ത്യന്‍ ഇലവനെ അദ്ദേഹം തീരുമാനിക്കുക. ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെുണ്ടാവുമെന്നു നോക്കാം.

ടോപ്പ് ത്രീ
ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ജോടികള്‍ സഞ്ജു സാംസണും യുവ താരം യശസ്വി ജയ്‌സ്വാളുമായിരിക്കും. സമീപകാലത്തു കളിച്ച മൂന്നു ടി20 പരമ്പരകളിലും സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഏഷ്യാ കപ്പില്‍ അഭിഷേകിനെ ഗൗതം ഗംഭീര്‍ ഓപ്പണറാക്കാനിടയില്ല. ബാക്കപ്പ് ഓപ്പണറായി മാത്രമേ താരം ടീമിലിടം പിടിക്കാന്‍ സാധ്യതയുള്ളൂ.
ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ശേഷം സഞ്ജു തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ മൂന്നു ടി20 പരമ്പരകളിലായി മൂന്നു സെഞ്ച്വറികള്‍ അദ്ദേഹം വാരിക്കൂട്ടിയിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ഓപ്പണിങില്‍ നിന്നും ഗംഭീര്‍ മാറ്റി നിര്‍ത്താനും പോവുന്നില്ല. ഈ ഐപിഎല്ലില്‍ കെഎല്‍ രാഹുല്‍ കസറുകയാണെങ്കിലും അദ്ദേഹത്തെ ഏഷ്യാ കപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ്കീപ്പറാക്കുമോയെന്നതു സംശയമാണ്.
കാരണം ഗംഭീറിനു കൂടുതല്‍ താല്‍പ്പര്യം സഞ്ജുവിനോടാണ്. ഈ ഫോര്‍മാറ്റില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു അദ്ദേഹമാണ് ബെസ്‌റ്റെന്നു കോച്ചിനു ഉറച്ച വിശ്വാസവുമുണ്ട്. അതുകൊണ്ടു തന്നെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മാത്രമേ രാഹുലിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ.
സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ് ജോടിക്കു ശേഷം ടീമിനായി മൂന്നാം നമ്പറില്‍ കളിക്കുക ശുഭ്മന്‍ ഗില്ലായിരിക്കും. ഈ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി തകര്‍പ്പന്‍ പ്രകചനമാണ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം കാഴ്ചവയ്ക്കുന്നത്. അതിനാല്‍ ഗില്ലിനെ ഇന്ത്യന്‍ സംഘത്തില്‍ നിന്നും ഗംഭീര്‍ മാറ്റി നിര്‍ത്താനും സാധ്യതയില്ല. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ലഭിച്ചേക്കും.
മധ്യനിര, ഓള്‍റൗണ്ടര്‍മാര്‍
ഇന്ത്യന്‍ മധ്യനിരയില്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും ഗൗതം ഗംഭീര്‍ മുതിരില്ല. സമീപകാലത്തു കണ്ട അതേ ബാറ്റിങ് ലൈനപ്പ് തന്നെയായിരിക്കും ടീമിനെന്നുറപ്പാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരിക്കും നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക. സമീപകാലത്തു ബാറ്റിങില്‍ അല്‍പ്പം നിറം മങ്ങിയിരുന്നെങ്കിലും ഐപിഎല്ലിലൂടെ അദ്ദേഹം യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു.
സൂര്യക്കു ശേഷം അഞ്ചാം നമ്പറില്‍ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയുടെ ഊഴമായിരിക്കും. ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന താരമാണ് അദ്ദേഹം. തിലക് കഴിഞ്ഞാല്‍ ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും.
ടീമിന്റെ ഫിനിഷിങ് ചുമതലയും അദ്ദേഹത്തിനാവും. മോശം ഫോമിലുള്ള റിങ്കു സിങിനെ ടീമിലേക്കു പരിഗണിക്കാനിടയില്ല. ഏഴ്, എട്ട് സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയും കാണാം.

ബൗളിങ് ലൈനപ്പ്
ഇന്ത്യന്‍ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ നിലവിലെ ഫോമില്‍ കുല്‍ദീപ് യാദവായിരിക്കും ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍. വരുണ്‍ ചക്രവര്‍ത്തിക്കു പുറത്തിരിക്കേണ്ടതായും വരും.
ടീമിന്റെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും. ബൗളിങ് ആക്രമണത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിയാവുക അര്‍ഷ്ദീപ് സിങുമായിരിക്കും.
ഇന്ത്യയുടെ ഏഷ്യാ കപ്പ് 11
സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.