ദുബായ്: ഇന്ത്യക്കെതിരായ ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ പാകിസ്താന്റെ തുറുപ്പുചീട്ടുകള്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഓപ്പണറും ഓപ്പണറുമായ സല്‍മാന്‍ ബട്ട്. ടീമിലെ രണ്ടു സീനിയര്‍ താരങ്ങളെയാണ് പാകിസ്താന്റെ ഗെയിം ചേഞ്ചര്‍മാരായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യയും പാകിസ്താനും രണ്ടാം തവണ മുഖാമുഖം വരുന്ന മല്‍സരമാണ് ഏഷ്യാ കപ്പിലേത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പുഘട്ട മസരത്തില്‍ ഇരുടീമുകളും ഫെബ്രുവരിയില്‍ കൊമ്പുകോര്‍ത്തിരുന്നു. അന്നു പാക് പടയെ ആറു വിക്കറ്റിനു രോഹിത് ശര്‍മയും സംഘവും കെട്ടുകെട്ടിച്ചിരുന്നു.

പാക് ഗെയിം ചേഞ്ചര്‍മാര്‍
പാകിസ്താന്‍ ചാനലായ ജിയോസ്‌പോര്‍ട്‌സ്ടിവിയോടു (Geosportstv) സംസാരിക്കവെയാണ് ഇന്ത്യക്കെതിരേ ടീമിന്റെ തുറുപ്പുചീട്ടുകളാവുക ആരൊക്കെയാവുമെന്നു സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടിയത്. ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററും സീനിയര്‍ താരവുമായ ഫഖര്‍ സമാനെയും ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ഷാ അഫ്രീഡിയെയുമാണ് ഗെയിം ചേഞ്ചര്‍മാരായി അദ്ദേഹം തിരഞ്ഞെടുത്തത്.
ഫഖര്‍ സമാന്‍ എല്ലായ്‌പ്പോഴും എതിരാളികള്‍ക്കു ഭീഷണിയാണ്. നേരത്തേ ചെയ്തിട്ടുള്ളതു പോലെ ഷഹീന്‍ അഫ്രീഡി പാകിസ്താനു തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ സമ്മാനിക്കുകയാണെങ്കില്‍ അതു ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെ വളരെയധികം ബുദ്ധിമുട്ടിക്കും. നേരത്തേ അങ്ങനെയാണ് പാകിസ്താനു 150 വിജയലക്ഷ്യങ്ങളും ലഭിച്ചിട്ടുള്ളത്.
അതുകൊണ്ടു തന്നെ ബൗളിങില്‍ ഒരു ബ്രില്ല്യന്റ് സ്‌പെല്ലോ, ബാറ്റിങ് കാമിയോയോ പ്രധാനമാണ്്. ഒരു അതിവേഗ 30 റണ്‍സല്ല, കുറേക്കൂടി വലിയ ഇന്നിങ്‌സ് കാണുകയാണെങ്കില്‍ ഇന്ത്യക്കെതിരേ പാകിസ്താനു കളി മാറ്റാന്‍ സാധിക്കുമെന്നും ബട്ട് വിശദമാക്കി.

ആരു ജയിക്കും?
ഞായറാഴ്ചത്തെ ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ആരാവും വിജയം പിടിച്ചെടുക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് സല്‍മാന് ബട്ട്. പാക് ടീമിനു തീര്‍ച്ചയായും ഇന്ത്യയെ സര്‍പ്രൈസ് ചെയ്യാന്‍ സാധിക്കുമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യക്കെതിരേ വിജയിക്കാന്‍ പാകിസ്താനു കഴിയും. പക്ഷെ ഫേവറിറ്റുകളായല്ല പാക് ടീം ഈ മല്‍സരത്തില്‍ ഇറങ്ങുക. അക്കാര്യം വളരെ വ്യക്തമാണ്.
സത്യസന്ധമായി വിലയിരുത്തുകയാണെങ്കില്‍ കടലാസില്‍ പാകിസ്താന്‍ ഫേവറിറ്റുകളല്ല. അതുകൊണ്ടു തന്നെ വിജയസാധ്യതയെടുത്താല്‍ 70-30 അല്ലെങ്കില്‍ 65-35 എന്നിവയിലൊന്നായി വേര്‍തിരിക്കാം. ഈ മല്‍സരത്തില്‍ ഞാന്‍ കാണുന്ന പാകിസ്താന്റെ സാധ്യതകള്‍ ഇതാണെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യന്‍ ടീുമുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താന്‍ ഏറെ പിറകിലാണെന്നു കാണാം. അതിശക്തമായ ബാറ്റിങ് ലൈനപ്പും മൂര്‍ച്ചയേറിയ ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. വളരെയധികം സന്തുലിതമായ ടീമീണ് ഇന്ത്യയുടേതെന്നു നിസംശയം പറയാം.
എന്നാല്‍ സല്‍മാന്‍ ആഗ നയിക്കുന്ന പാക് നിരയില്‍ വലിയ താരങ്ങള്‍ അധികമില്ല. സൂപ്പര്‍ താരങ്ങളായ ബാബര്‍ ആസമിനെയും മുഹമ്മദ് റിസ്വാനെയും അവര്‍ ടീമില്‍ നിന്നുമൊഴിവാക്കിയിരിക്കുകയാണ്. യുവ പേസര്‍ നസീം ഷായെയും ടീമിലെടുത്തിട്ടില്ല.
പാകിസ്താന്റെ ഏഷ്യാ കപ്പ് സ്‌ക്വാഡ്
സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സാഹിബ്‌സദ ഫര്‍ഹാന്‍, സയീം അയൂബ്, സല്‍മാന് മിര്‍സ, ഷഹീന്‍ ഷാ അഫ്രീഡി, സൂഫിയാന്‍ മോക്വിം.