ഇംഗ്ലീഷ് 'പരീക്ഷ' തോല്‍ക്കാതെ പൂര്‍ത്തിയാക്കിയതോടെ ടീം ഇന്ത്യയുടെ പടയൊരുക്കം ഇനി ഏഷ്യാ കപ്പിനു വേണ്ടിയാണ്. അടുത്ത മാസം ഒമ്പതു മുതല്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്തുകയാണ് ടീമിന്റെ അടുത്ത ലക്ഷ്യം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിനെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
തകര്‍പ്പന്‍ ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്ന മധ്യനിരയിലെ സ്റ്റാര്‍ ബാറ്ററായ ശ്രേയസ് അയ്യര്‍ ഏഷ്യ കപ്പിലൂടെ ടീമിലേക്കു തിരികെ വിളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും അവസാവനമായി കളിച്ച ഐപിഎല്ലിലടക്കം പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം മിന്നിച്ചിരുന്നു. 2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി ടി20 കളിച്ചത്.
പ്രഹരശേഷിയില്‍ വന്ന ഇടിവും ഷോര്‍ട്ട് ബോളുകള്‍ക്കെതിരായ വീക്ക്‌നെസുമാണ് അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. എന്നാല്‍ ഇപ്പോള്‍ കുറവുകളെല്ലാം പരിഹരിച്ച് ശ്രേയസ് കൂടുതല്‍ മികച്ച ബാറ്ററായി മാറിക്കഴിഞ്ഞു. ഇതാണ് ഏഷ്യാ കപ്പിലേക്കു അദ്ദഹത്തെ തിരികെ വിളിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ശ്രേയസ് ടീമിലക്കു വന്നാല്‍ നിലവില്‍ ടീമിന്റെ ഭാഗമായ ചിലരുടെം ചീട്ട് കീറിയേക്കും. ആരൊക്കെയാണ് ഇരെന്നു നോക്കാം.

റിങ്കു സിങ്
ഇന്ത്യന്‍ ടി20 സംഘത്തില്‍ ഫിനിഷര്‍ റോളിലുള്ള ഇടംകൈയന്‍ ബാറ്ററാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 2023ലെ ഐപിഎല്ലില്‍ കൊല്‍ത്ത നൈറ്റ്‌റൈഡേ്‌സിനായി ഫിനിഷിങില്‍ കസറിയതോടെയാണ് അദ്ദേഹത്തിനു ആദ്യമായി ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയത്. തുടക്കത്തില്‍ ഈ റോളില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയെങ്കിലും പിന്നീട് റിങ്കുവിന്റെ ഗ്രാഫ് താഴേക്കു പോവാന്‍ തുടങ്ങി.
ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹത്തെ പരീക്ഷിച്ചത്. 19.50 എന്ന മോശം ശരാശരിയില്‍ 121.88 സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ 39 റണ്‍സ് മാത്രം.
അതിനു ശേഷം ഐപിഎല്ലില്‍ കെകെആറിനൊപ്പം റിങ്കു ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതിലും ഫ്‌ളോപ്പായി. 13 മല്‍സരങ്ങളില്‍ നിന്നും 153.73 സ്‌ട്രൈക്ക് റേറ്റില്‍ 206 റണ്‍സ് സ്‌കോര്‍ ചെയ്യാനേ ആയുളളൂ. ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലെടുക്കുകയാണെങ്കില്‍ സ്ഥാനം നഷ്ടമായേക്കുക റിങ്കുവിനായിരിക്കും.
ശിവം ദുബെ
ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് കാരണം പണി കിട്ടാനിടയുള്ള അടുത്തയാള്‍ വെടിക്കെട്ട് ബാറ്ററും സീം ബൗളിഭ് ഓള്‍റൗണ്ടറുമായ ശിവം ദുബെയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയതു മുതല്‍ അദ്ദേഹത്തിന്റെ ടി20 കരിയറിനു പുതിയ ഉണര്‍വാണ് ലഭിച്ചത്.
ദേശീയ ടീമിലേക്കു ദുബെയുടെ തിരിച്ചുവരവിനു വഴിയൊരുക്കിയതും ഇതു തന്നെയാണ്. ഏറ്റവും അവസാനം ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പയിലും മോശമല്ലാത്ത പ്രകനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു.
പക്ഷെ ഓവറോള്‍ കരിയറെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ ദുബെ ഇനിയും തന്റെ സ്ഥാനം ഭദ്രമാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 35 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. 140 സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ 531 റണ്‍സുമാണ്.

പക്ഷെ സ്ലോ വിക്കറ്റുകളില്‍ ദുബെയുടെ റെക്കോര്‍ഡ് കൂടുതല്‍ മോശമാണ്. കഴിഞ്ഞ ടി20 ലോകകപ്പിലും ശ്രീലങ്കന്‍ പര്യടനത്തിലുമായി ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 112.3 സ്‌ട്രൈക്ക്‌റേറ്റില്‍ 146 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ.
നിതീഷ് റെഡ്ഡി
സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ശ്രേയസ് അയ്യരുടെ മടങ്ങിവരവിനെ ഭയക്കണം. ഐപിഎല്ലിലെ മിന്നുന്ന പ്രകടനം കാരണം കഴിഞ്ഞ വര്‍ഷം ദേശീയ ടീമിലെത്തിയ താരമാണ് അദ്ദേഹം. ആദ്യത്തെ മൂന്നു ടി29കളില്‍ 90 റണ്‍സോടെ നിതീഷ് നന്നായി തുടങ്ങുകയും ചെയ്തു.
പക്ഷെ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് അദ്ദേഹം തീര്‍ത്തും നിറംമങ്ങി. 13 മല്‍സരങ്ങളില്‍ നിന്നും 118.95 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ 182 റണ്‍സും രണ്ടു വിക്കറ്റുകളുമാണ് നിതീഷിന്റെ സമ്പാദ്യം. ഈ പ്രകടനം അദ്ദേഹത്തിന്റെ ഏഷ്യാ കപ്പ് സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിക്കുന്നു.